Network Followers

Share this Post

"ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!"

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട , നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്, ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്, മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്‍റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്, റംസാന്‍ സ്പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്, ഗള്‍ഫ്‌ നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ്‌ ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു, പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ്‌ കളിച്ചു ട്രോളിയും തള്ളി ഒച്ചിന്‍റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു

.
കോലത്തിന് ചുട്ടികുത്തിയപോലെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് റോസ് പൌഡര്‍ ചെത്തിതേച്ചുപിടിപ്പിച്ച് മിഡിയും ടോപ്പും ധരിച്ചു നടക്കുന്ന വായില്‍ പല്ലുപോലുമില്ലാത്തചില മുതുക്കികളെ കാണുമ്പോള്‍ ഈ മേക്കപ്പിനൊക്കെ അതിന്‍റെതായൊരു ഒരു പരിധിയില്ലേയെന്ന ലാലേട്ടന്‍റെ കമ്മന്‍റെ ഓര്‍മ്മവരാറുണ്ട്, മൊബൈലില്‍ ശൃംഗരിച്ചുകൊണ്ട് പരിസരബോധം തീരെയില്ലാതെ പേരിനൊരു കാലി ട്രോളിയും തള്ളി നടക്കുന്ന റോമിയാമാരും ജൂലിയറ്റുകളും വേറെ, ഇതെല്ലാം സഹിക്കാം എന്നാല്‍ ഈ തിരക്കുകളെല്ലാം നമ്മക്ക് പുല്ലാണെന്ന ഭാവത്തോടെ ഷൂവിന്നടിയില്‍ ഫിറ്റ് ചെയ്ത വീലും വെച്ച് ഈ തിക്കുതിരക്കുകള്‍ക്കിടയിലൂടെ സ്കേറ്റിംഗ്‌ നടത്തുന്ന ചില കുരുത്തംകെട്ട പിള്ളേരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ടെങ്കിലും ഈ രാജ്യത്ത് അത് ചെയ്താലുള്ള വല്യ വല്യ ശിക്ഷകളെകുറിച്ചോര്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപൊകാറുമുണ്ട്, എന്നാലും അത്തരം ഷൂ കണ്ടുപിടിച്ചവനെ തിരഞ്ഞുപിടിച്ച് വെടിവെച്ച്കൊല്ലണമെന്ന തോന്നല്‍ ഇപ്പോഴും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.
കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി, ഇനി ആ കാട്ടീന്നു തിരിച്ചിറങ്ങി സംഭവത്തിലേക്ക് തന്നെ വരാം, സംഗതി എന്താണെന്നുവെച്ചാല്‍ ഖത്തര്‍ സ്വദേശിയായ ഒരു ബദു അറബിക്ക് അത്യാവശ്യമായി ഒരു സാധനം കിട്ടണം, അയാള്‍ ഉഴിച്ചിലിനും പിഴിച്ചിലിനുമായി ഒരുമാസം മുമ്പ് നമ്മുടെ നാട്ടില്‍ പോയിരുന്നത്രേ അവിടെ ഒരു ഹോട്ടലില്‍ നിന്ന് കഴിച്ച ഒരു വിഭവം അയാള്‍ക്കും കുടുംബത്തിനും നന്നായങ്ങു പിടിച്ചു, സാധനം കുറച്ചു തിരിച്ചുപോരുമ്പോള്‍ കൊണ്ട് വന്നിരുന്നതും ഇപ്പോള്‍ തിന്നുതീര്‍ന്നിരിക്കുന്നു, അയാള്‍ക്ക്‌ അത് ഇനിയും വെട്ടിവിഴുങ്ങാന്‍ അടങ്ങാത്ത ആക്രാന്തം, അത് ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞു വന്നതാണ് അറബി ബദുമാഷ്, സാധനത്തിന്‍റെ പേര് ഖൊള്ളീങ്ങ്, പേരിനൊപ്പം അതിന്‍റെ ഷേപ്പ് നിറം എന്നിവയൊക്കെ കാണിക്കുകയും പറയുകയും ചെയ്ത അയാള്‍ക്ക്‌ അതിന്‍റെ അറബി നാമം അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, പക്ഷെ ഞങ്ങള്‍ കുറേപേര്‍ തലയുംകുത്തിനിന്ന് ആലോചിച്ചിട്ടും നമ്മുടെ നാട്ടില്‍ നിന്നും അങ്ങിനെ പേരുള്ള ഒരു സാധനം കണ്ടുപിടിക്കാനായില്ലവെജിറ്റബിള്‍ സെക്ഷനിലുള്ള മുഴുവന്‍ ഐറ്റംസും അയാള്‍ക്ക്‌ കാണിച്ചുകൊടുത്തു പക്ഷെ
*മൂഹാദാ, മൂഹാദാ എന്ന പല്ലവി ആവര്‍ത്തിച്ചതല്ലാതെ മറ്റു ഫലമൊന്നുമുണ്ടായില്ലഅങ്ങിനെ അതെന്തു സാധനമെന്ന് ഞങ്ങള്‍ വീണ്ടും ചിന്താമഗ്നരായി ഇരിക്കുന്നതിന്നിടയിലാണ്  പണ്ടൊരുത്തന്‍ ഒരു കണ്ടുപിടുത്തം നടത്തിയതിന്‍റെ ആര്‍മാദത്തില്‍ യുറേക്കാ എന്നു കാറിവിളിച്ചതിന്‍റെ പത്തിരട്ടി ഉച്ചത്തില്‍ "ഫൂല മജ്ജീനി, ഫൂല മജ്ജീനി" എന്ന് അലറിക്കൊണ്ട് അയാള്‍ വീണ്ടും കൌണ്ടറിലേക്ക്പാഞ്ഞുവന്നത്, മൂപ്പര്‍ക്ക് ആ സാധനത്തിന്റെ മറ്റൊരു പേരുകൂടി ഓര്‍മ്മവന്നതായിരുന്നു സംഭവം. ഫൂല മജ്ജീനി എന്ന ഖൊള്ളീങ്ങ് പടച്ചോനേ ഈ പത്തുനാല്‍പ്പത്തഞ്ചു കൊല്ലക്കാലത്തിന്നിടയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അന്തം കിട്ടാത്ത പേര്, ഇതെന്തു സാധനം! ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ ശെരിക്കും നട്ടംതിരിഞ്ഞുപോയി ,അയാള്‍ക്ക്‌ അതിന്‍റെ അറബി നാമവും അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, ഇനി നമ്മള് നാട്ടില്‍നിന്ന്പോന്നതിന്നു ശേഷം ഈ പേരില്‍ പുതിയ വല്ല സാധനവും അവിടെ പൊട്ടിമുളച്ചോ ! അതല്ല കണ്ട്പിടിച്ചോ എന്ന് വരെ സംശയിച്ചു പോയി.
ഞങ്ങള്‍ പിന്നെയും വളരെ കൂലങ്കുഷിതമായി തന്നെ വിഷയത്തെക്കുറിച്ച് ചിന്തിച്ചു, ചര്‍ച്ചചെയ്തു, ഫൂല്‍ എന്നാല്‍ ഹിന്ദിയില്‍ പൂവ്വല്ലേ! ഇനി അങ്ങിനെവല്ലതും! അതല്ല ഒതളങ്ങയോ, കൊട്ടതേങ്ങയോ മറ്റോ! മാമുക്കോയയെന്ന പൊതുവാള്‍ജീ ഇന്നസെന്‍റെന്ന യശ്വന്ത്‌സഹായ്ജീയുടെ നാരിയല്‍ക്കാ പാനിക്ക് മഹത്തായ അര്‍ഥങ്ങള്‍ കണ്ടെത്തിയപോലെ പലരില്‍ നിന്നും പല കണ്ടെത്തലുകളും ഉരുത്തിരിഞ്ഞുവന്നു, ഗള്‍ഫ്‌ നാട്ടിലെത്തിയ ശേഷം ഉണ്ണുക ഉറങ്ങുക യന്ത്രംപോലെ പണിയുക എന്നതിലുപരി ഒരുവിധത്തിലുമുള്ള ആക്റ്റിവിറ്റിസും ഇല്ലാതിരുന്ന പലരുടെയും ഉപയോഗിക്കാതെ തലക്കുള്ളില്‍ കിടന്ന് തുരുമ്പ്എടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും വര്‍ക്ക്‌ ചെയ്യിക്കാന്‍ ആ ബദുമാഷ്‌ കാരണമായതില്‍ എനിക്കൊരല്‍പ്പം സന്തോഷം തോന്നി, അതിന്നിടയില്‍ അറബികളില്‍ ഭൂരിഭാഗവും ചെയ്യുന്നപോലെ മുഴുവന്‍ ഇന്ത്യക്കാരെയും കഴുതകളെന്നും മണ്ടന്മാരെന്നുമൊക്കെ തന്‍റെ ഭാഷയില്‍ വിളിച്ചുപറഞ്ഞ് സാധനം കിട്ടാത്ത ദേഷ്യം തീര്‍ത്തു അയാള്‍ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി .
മനുഷ്യനെ ചുറ്റിക്കുന്ന ഇത്തരം ഓരോരോ സാധനങ്ങളെക്കുറിച്ച് ഞങ്ങളുടെ ചര്‍ച്ച പിന്നെയും ചൂട് പിടിച്ചുനടക്കവേ പോയ അറബിഭൂതം പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി കയ്യിലിരുന്ന ഒരു കവര്‍ കൌണ്ടറിനു മേലേക്കിട്ടു *ഷൂഫ് ഹാദാ! എന്ന് ഗര്‍ജിച്ചു, വീട്ടിലേക്കു മടങ്ങിപ്പോയി അത് എടുത്തുകൊണ്ടുവന്നതിന്‍റെ മുഴുവന്‍ രോഷവും അയാളുടെ ആ ശബ്ദത്തില്‍ പ്രകടമായിരുന്നു..
ഞങ്ങള്‍ വളരെ ഉത്കണ്ഠയോടെയാണ് കവര്‍ തുറന്നത്, സാധനം കണ്ടതും ശെരിക്കും ഞെട്ടിപ്പോയി, ആ കാലമാടന്‍റെ അച്ചരചുദ്ധിയില്‍ ലോപിച്ചും എകോപിച്ചും നമ്മുടെ സുന്ദരമായ മലയാള അക്ഷരങ്ങള്‍ ആവിയായിപ്പോയതിന്‍റെ ഫലമായി ഖൊള്ളീങ്ങ് എന്ന ഫൂല മജ്ജീനി ആയി മാറിയത് നമ്മുടെ പാവം കൊള്ളിക്കിഴങ്ങ് അഥവാ പൂളകിഴങ്ങെന്ന മരച്ചീനിയായിരുന്നു. 
_________________________________________________________
1*മൂഹാദാ : ഇതല്ല.
2*ഷൂഫ് ഹാദാ ഇത് നോക്ക് .

അതിന്നിടെ ഇത് മനോരമയിലും പ്രസിദ്ധീകരിച്ചു.

No comments:

Post a Comment

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍