Network Followers

Share this Post

Email Subscription

മലയാളത്തിന്‍റെ വാനമ്പാടിക്കായ്‌.

മലയാള നാടിന്‍റെ വശ്യ  ഭംഗികള്‍ ഒരിളം തെന്നലിന്‍റെ കുളിര്‍മ്മയുള്ള തലോടല്‍ പോലെ  ശ്രവണെന്ത്രിയങ്ങളിലേക്ക് എത്തിച്ച് ഹൃദയത്തിന്‍റെ ലോലതന്ത്രികളെ  പുളകമണിയിക്കുന്ന സ്വര്‍ഗീയ സ്വരരാഗസുധയുടെ ഉടമ; ഒരു ചിരിയുടെ പ്രകാശവർഷമായി മലയാളികള്‍ മനസ്സിലേറ്റിയ നമ്മുടെ പ്രിയപ്പെട്ട ഗായിക ചിത്ര.
ലക്ഷോപലക്ഷം സംഗീത ആസ്വാദകരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന മാധുര്യമൂറുന്ന ആയിരത്തിലേറെ ഗാന ശകലങ്ങള്‍ അനുഗ്രഹീതഗായികയുടെതായി നമുക്ക് ലഭിച്ചിട്ടുണ്ട്.

ലക്ഷങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ലഭിക്കുന്ന  ദൈവികവരദാനമായ സര്‍ഗവാസനയും കഠിനപരിശ്രമവും സമന്വയിക്കുമ്പോള്‍ ആ കളകണ്ഠത്തിലൂടെ ഒഴുകിയെത്തിയിട്ടുള്ള  സ്വരമാധുരിയില്‍ അണുവിട ഇടര്‍ച്ചയോ, പതര്‍ച്ചയോ, അപസ്വരങ്ങളോ ശ്രുതിഭംഗമോ ഒരിക്കലും കണ്ടെത്താനാവില്ല എന്നത് ചിത്രയുടെ എടുത്തു പറയേണ്ടുന്നഒരു സവിശേഷതയാണ്,ശെരിക്കും ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്വരശുദ്ധിയാല്‍ അനുഗ്രഹീതയാണ് നമ്മുടെ ഈ പ്രിയപ്പെട്ട ഗായിക,പാടിയ ഗാനങ്ങളിലെല്ലാം സ്വയ സിദ്ധമായൊരു വ്യക്തിമുദ്ര ചിത്രയുടെതായി നമുക്ക് കണ്ടെത്താനാവും.
മലയാള ഗാനശേഖരത്തിന് ഒരു പാട് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച് നമ്മുടെ മനസ്സില്‍ ഇടം നേടിയ ഗായികമാര്‍ പലരുണ്ടെങ്കിലും ഇപ്പോള്‍ പ്രഥമ സ്ഥാനത്ത് വെക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായത് ചിത്രതന്നെ എന്ന കാര്യത്തില്‍ സംശയത്തിനു ഇടമില്ല, മലയാളത്തിന്‍റെ ആസ്ഥാനഗായിക എന്ന പദവിക്ക് അര്‍ഹ ചിത്ര തന്നെ.
അവരുടെ മനസ്സിന്‍റെ നിര്‍മ്മലതയും പുണ്യവും ആ ചുണ്ടുകളില്‍ വിടര്‍ന്നു നില്‍കുന്ന നിഷ്കളങ്കമായ പുഞ്ചിരിയില്‍ നമുക്ക് കാണാനാവും.
എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിന് മലയാളി സമൂഹം ഒന്നടങ്കം വിഷു ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കവേ കാതുകളിലേക്ക് തീതുള്ളികളായി തെറിച്ചുവീണ ഒരു ദുരന്തവാര്‍ത്ത പാട്ടിനെ സ്നേഹിക്കുന്നവര്‍ക്ക് അതിലുപരി ചിത്രയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വല്ലാത്തൊരു നടുക്കമാണ് ഉളവാക്കിയത്. ചിത്രയുടെ അരുമ മകള്‍ നന്ദന ദുബായിലെ ഒരു നീന്തല്‍ കുളത്തില്‍ വീണു മരിച്ചു എന്നറിഞ്ഞപ്പോള്‍ ഈറനാവാത്തകണ്ണുകള്‍ കുറവായിരിക്കും.
വിവാഹാനാന്തരം ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം  ഒരു പാട് ചികിത്സകളുടെയും പ്രാര്‍ഥനകളുടെയും ഫലമായി ആറ്റുനോറ്റുണ്ടായ കുഞ്ഞായിരുന്നു നന്ദന, നന്ദനയെപ്പറ്റി വാതോരാതെ സംസാരിക്കുമായിരുന്നു ചിത്രയെന്നു അനുഭവസ്ഥര്‍ പറയുന്നു, ചലച്ചിത്രരംഗത്തെ തന്‍റെ തിരക്കുകള്‍ പോലും മാറ്റിവെച്ച് മകളെ ലാളിക്കുന്നതിനു സമയമുണ്ടാക്കിയ നല്ലോരമ്മയായിരുന്നു ചിത്ര.
നന്ദനയുടെ മൃതദേഹം എംബാം ചെയ്യാനായി സോനാപൂരിലെ മെഡിക്കല്‍ സെന്‍ററില്‍ലെത്തിച്ചപ്പോള്‍ അവിടെ തടിച്ചു കൂടിയ ജനാവലി ചിത്രയെന്ന പ്രിയപ്പെട്ട ഗായികയെ മലയാളനാട് എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു.
പ്രിയ മകളുടെ വേര്‍പ്പാട് ചിത്രയില്‍ ഉണ്ടാക്കിയ മുറിവ് വളരെ ആഴത്തിലുളളതാണെന്ന് നമുക്കറിയാം, സ്നേഹമയിയായ ഒരമ്മയ്ക്ക് താങ്ങാനാവുന്നതല്ല അങ്ങിനെ ഒരു ദുരന്തമെന്നും നമുക്ക്മനസ്സിലാക്കാനാവുന്നതാണ്, അതുകൊണ്ടുതന്നെ അതിനുശേഷം പൊതു വേദികളിലോ പരിപാടികളോ അവരെ  കാണാനായിട്ടില്ല , ആ സര്‍ഗവൈഭവം അതോടെ നിഷ്പ്രഭമായിപ്പോകുമോ; നിശ്ചലമായിപ്പോകുമോ എന്നൊക്കെയുള്ള ഉത്കണ്ഠ സംഗീത ആസ്വാദകരുടെ മനസ്സിനെ വല്ലാതെ വല്ലാതെ മഥിച്ചിരുന്നു
എന്നാല്‍ അവര്‍ വീണ്ടും ഒരു മലയാള ചിത്രത്തിനായി ഗാനമാലപിച്ചു എന്നത് മനസ്സിന് സന്തോഷമേകുന്ന ഒരു വാര്‍ത്തയാണ്. കാലം മായ്ക്കാത്ത വേദനകളും മുറിവുകളുമില്ലല്ലോ! ആ സ്വാധിയുടെ നൊമ്പരങ്ങളും കാലത്തിന് ശമിപ്പിക്കാനാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാം, മലയാളികളെന്നും നെഞ്ചിലേറ്റുന്ന ആ സ്വര്‍ഗീയ സ്വരധാര ഇടമുറിയാതെ നമുക്ക് അനുഭാവ്യമാകട്ടെ എന്ന്  ആശിക്കാം. കാതില്‍ തേന്‍മഴയായ്‌ പൊഴിയുന്ന സുന്ദര മധുരമയ ഗാനങ്ങള്‍ക്കായി നമുക്ക് വീണ്ടും ആയിരം കണ്ണുമായ് കാത്തിരിക്കാം; കാതോര്‍ത്തിരിക്കാം.

എന്റെ സുഹൃത്തുക്കള്‍