Network Followers

Share this Post

Email Subscription

കുലംകുത്തികള്‍ ഇനിയും വാഴും,വീഴും.

മലബാറിലെ ഫ്യുഡല്‍ വാമൊഴിയില്‍ ഉണ്ടായിരുന്നതും  പഴയ തറവാടുകളുടെ കാര്യത്തില്‍ സംഭവിച്ചപോലെ കാലാന്തരത്തില്‍ അന്യം വന്നുപോയതുമായ  കുലംകുത്തിയെന്ന വാക്കിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് വീണ്ടും എത്തിച്ച സംഭവ പരമ്പരകളെയും വ്യക്തിയെയും കുറിച്ച് അറിയാത്തവര്‍  വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. അടുത്തൊരു കാലം വരെ ശബ്ദതാരാവലിയില്‍ മാത്രം അവശേഷിച്ചിരുന്ന ഇതിന്റെ വാക്കാര്‍ത്ഥം വംശദ്രോഹി എന്നാണ്, തറവാടുകളെയും മറ്റും മുടിപ്പിക്കുന്നവനെ കുളംതോണ്ടി എന്ന് പറയുന്നപോലെ കുലങ്ങളെ അല്ലെങ്കില്‍ വര്‍ഗ്ഗങ്ങളെ കുത്തുന്നവനോ മുടിപ്പിക്കുന്നവനോ ആരോ അവന്‍ കുലംകുത്തി തന്നെ.മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികശൈലി പ്രകാരമുള്ള വര്‍ഗവഞ്ചകന്‍ എന്ന പ്രയോഗത്തിന് പകരം ഒരു പഴയ നാട്ടുവാക്ക് ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തു നമുക്ക് നീട്ടിതന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് നന്ദി പറയണം . ആ വാക്കിനെക്കുറിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെ നോക്കാം ..
'കുലംകുത്തികള്‍ എന്നാല്‍ കുലദ്രോഹികള്‍ തന്നെ ,കോഴിക്കോട് ഒഞ്ചിയത്ത് ഞങ്ങളുടെ പാര്‍ട്ടിക്കെതിരായി പഴയ പ്രവര്‍ത്തകര്‍ തിരിഞ്ഞ വേളയിലാണ് അങ്ങനെയൊരു പ്രയോഗം ഞാന്‍ നടത്തിയത് , അവിടത്തെ പ്രത്യേക സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ ഉതകുന്നതയിരുന്നു ആ വാക്ക് , അത് ബോധപൂര്‍വ്വം ഉപയോഗിച്ചതാണോ എന്ന് ചോദിച്ചാല്‍ പ്രസംഗത്തിനിടെ കടന്നുവന്നു എന്ന് പറയുന്നതാവും ശരി , നേരത്തെയും ആ വാക്ക്‌ ഞാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രം'
കുലംകുത്തിയെ വാര്‍ത്താ  മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചേര്‍ന്ന് ആഘോഷമാക്കിയപ്പോള്‍ ഈ വര്‍ഷത്തെ ; ചിലപ്പോള്‍ ഈ ദശാബ്ദത്തിലെതന്നെ താരപദം ഇതായിമാറിയേക്കാം ,അതിന്റെ മുന്നോടിയായി രാഷ്ടീയപരമായി മാത്രമല്ല സമൂഹത്തിലെ ഏതു തുറകളിലും പ്രത്യേകിച്ച് സ്കൂളുകളിലും ക്യാംപസുകളിലും ഈ വാക്കിന്റെ വിളയാട്ടം കണ്ടുതുടങ്ങിയിരിക്കുന്നു , സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്ന കളിവാക്കുകളില്‍ പോലും കുലംകുത്തി കടന്നുവരുന്നു, നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ കുലംകുത്തി, പേനക്കള്ളന്‍ കുലംകുത്തിയെ ക്ലാസ്സില്‍ നിന്നും പുറത്താക്കുക എന്നിങ്ങനെ പലയിടങ്ങളിലും കുട്ടികള്‍ പോലും പറയുന്നത് കേള്‍ക്കുന്നു. വിസ്മൃതിയില്‍ നിന്നുള്ള ഒരു വാക്കിന്റെ വമ്പന്‍ തിരിച്ചു വരവായിതന്നെ ഇതിനെ പരിഗണിക്കേണ്ടിയിരിക്കുന്നു. കുലംകുത്തികള്‍ ഇനിയും സമൂഹത്തില്‍ ഉണ്ടായികൊണ്ടേയിരിക്കും അവര്‍ കാലാനുസൃതമായി വാഴുകയും വീഴുകയും ചെയ്യും..അതെല്ലാം നമുക്ക് കാലത്തിന് വിട്ടുകൊടുക്കാം.
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് സംഭവിച്ച രാഷ്ട്രീയകൊലപാതകങ്ങളും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും വാദപ്രതിവാദങ്ങളും ഇനിയും കെട്ടടങ്ങിയില്ലാത്ത ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഒരു പുനര്‍ചിന്തനത്തിനു സമൂഹത്തെ പ്രേരിപ്പിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
രാഷ്ടീയ പ്രവര്‍ത്തനമെന്നാല്‍ സമൂഹനന്മക്കും പുരോഗതിക്കുമുള്ളതാണല്ലോ! ആശയങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ സ്ഥാപിതമായ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഏതൊരു പൌരനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രവും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ആശയപരമായ ഭിന്നിപ്പുകള്‍ ഒഴിവാക്കാവുന്ന ഒന്നല്ല. ഭിന്നാഭിപ്രായങ്ങളില്‍ നിന്ന് ശെരിതെറ്റുകള്‍ കണ്ടെത്തുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്താനും , അഭിപ്രായസ്വാതന്ത്ര്യം നമ്മുടെ ഭരണവ്യവസ്ഥയില്‍ വളരെ ശക്തമായി പ്രതിപാദിക്കുന്ന വകുപ്പാണ്, അഭിപ്രായ ഭിന്നതയുള്ളവരുടെ വായ മൂടിക്കെട്ടിയോ ജീവനെടുത്തോ ഏതെങ്കിലും ആശയങ്ങള്‍ വിജയിപ്പിക്കാമെന്നോ നിലനിറുത്താമെന്നോ കരുതുന്നത് വ്യര്‍ഥമാണെന്നും അതിന് ചരിത്രപരമായ അടിസ്ഥാനമില്ലെന്നും തറപ്പിച്ചു തന്നെ  പറയാനാവും. വിട്ടുവീഴ്ചകളില്ലാത്ത നിയമ നടപടികളാണ് ഈ കടുത്ത അനീതികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്, പക്ഷെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ചാണ് കൊലപാതക രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്.
എന്തിനീ അറുംകൊലകള്‍ എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ കണ്ടെത്താനാവുന്നത് വ്യക്തിവിദ്വേഷങ്ങളോ നീചവും നിന്ദ്യവുമായ  മാര്‍ഗ്ഗങ്ങളിലൂടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കും, അതിന്നായി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിഞ്ഞേ മതിയാവൂ , ഈ അരാജകവര്‍ഗ്ഗം ഏതൊരു പാര്‍ട്ടിയുടെയും ശാപമായി രംഗത്തുണ്ട്, അതിനു കൊടിയോ വര്‍ഗ്ഗ വര്‍ണ്ണ നിറവ്യത്യാസങ്ങളോ ഇല്ലതന്നെ .
ലോകചരിത്രങ്ങള്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്റെയും മാത്രമല്ല ചോരചിന്തിയ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കൂടിയാണെന്ന്  ചരിത്രമറിയാവുന്ന ഏതൊരാളും സമ്മതിക്കും, ഇക്കാര്യത്തില്‍ രാഷ്ടങ്ങള്‍ മാത്രമല്ല ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുന്ന മതങ്ങള്‍ പോലും തുല്യ പങ്കാളികളാണെന്നതും വൈപരീത്യം തന്നെ. മനോ വൈകല്യങ്ങളില്ലാത്ത ഓരോ പൂര്‍ണ്ണ മനുഷ്യനും സ്വാഭാവികമായി കാംക്ഷിക്കുന്നത് സമാധാനമുള്ള ജീവിതമാണ്, അവര്‍ ചോരച്ചാലുകളെയും അതിക്രമങ്ങളെയും ഭീതിയോടെ വീക്ഷിക്കുന്നു. ആശയങ്ങളുടെ പതാക പുതപ്പിച്ച് അവസരങ്ങള്‍ക്കനുസരിച്ച് ഏതു കൊലയേയും ന്യായീകരിക്കുന്നത് ചരിത്രവും ഒപ്പം വര്‍ത്തമാനവുമാകുന്നതാവട്ടെ നമ്മുടെ ഗതികേടും!
 പൌരന്മാര്‍ക്ക് സ്വൈരജീവിതം പ്രദാനം ചെയ്യുകയെന്നത് ഭരണകൂടത്തിന്‍റെ ബാധ്യതയും കടമയുമാണ്, ആ അടിസ്ഥാന കടമകള്‍ നിറവേറ്റുമ്പോഴാണ് ഭരണകൂടങ്ങള്‍ മികച്ചതാകുന്നത്.
അതിക്രമങ്ങളും കൊലപാതകങ്ങളും മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങളാക്കാന്‍ അനുവദിച്ചുകൂടാ , കാരണം കൊലക്കത്തികള്‍ക്ക് ഇരയാകുന്നവരുടെ മാതാപിതാക്കളും ഭാര്യമാരും മക്കളും സഹോദരങ്ങളും പച്ചയായ മനുഷ്യരാണ്. സാമൂഹ്യനീതി നിഷേധങ്ങളിലൂടെ ഇവരില്‍ നിന്നാണ് അശാന്തിയുടെ അതൃപ്തി നിറഞ്ഞ നിഷേധികളായ ഒരു തലമുറ പിറവിയെടുക്കുക. അവരുടെ മനോഗതികള്‍ സമൂഹം തിരിച്ചറിയാത്തതാണ് തുടര്‍ന്നുള്ള അതിക്രമങ്ങളിലേക്കും അശാന്തികളിലേക്കും നയിക്കുന്നത്.
കൈകളില്‍ രക്തക്കറയുള്ള ഒരപരാധിയും രക്ഷപ്പെടരുത് , ഏതു തത്വശാസ്ത്രത്തിന്റെ പേരിലായാലും ഒരു കൊലപാതകവും ന്യായീകരിക്കപ്പെടുകയും ചെയ്തുകൂടാ. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഭരണകൂടമാണ്.

എന്റെ സുഹൃത്തുക്കള്‍