Network Followers

Share this Post

Email Subscription

എല്ലാം തികഞ്ഞ കൊച്ചു ഖത്തര്‍

"സ്റ്റേറ്റ് ഓഫ് ഖത്തര്‍ " അഥവാ "ദൌലത്ത്‌ ഖത്തര്‍ " എന്ന കൊച്ചു രാഷ്ട്രം മുക്കാല്‍ ഭാഗവും അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മുനമ്പാണ്, അതുകൊണ്ടുതന്നെ ഖത്തര്‍ പെനിന്‍സുല എന്നുകൂടി ഈ രാജ്യത്തെ വിശേഷിപ്പിച്ചു വരുന്നു, തെക്ക് ഭാഗം മാത്രമാണ് നെടുനീളത്തില്‍ സൌദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്നത് ,  വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളിലൊന്നാണ് ഖത്തര്‍, എങ്കിലും വികസനത്തിൻറെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു ,നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഈ രാജ്യം സ്വീകരിച്ച നിലപാടുകൾ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളിലെടുത്ത വേറിട്ട നയങ്ങളും നിലപാടുകളും ശ്രദ്ധേയമാണ്.
*ക്രിസ്തുവിന്‌ മുമ്പ് ആറാം നൂറ്റാണ്ടു മുതലാണ്‌ ഖത്തറില്‍ ജനവാസം തുടങ്ങിയതെന്ന് ചരിത്ര രേഖകളില്‍ കാണുന്നു,തദ്ദേശിയരിൽ ഭൂരിഭഗവും സൗദി അറേബ്യയില്‍ നിന്നും കുടിയേറിയവരാണ്, ഇപ്പോഴത്തെ ഭരണ കുടുംബമായ അൽതാനികുടുംബം പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടേക്കു വന്നവരാണെന്ന് രേഖകളില്‍ കാണാം,1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്, ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ പെട്രോളിയവും മറ്റു പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ അക്കാലം  വരെ ഖത്തറിനെ അധീനപ്പെടുത്തിവെച്ചിരിക്കുകയായിരുന്നു,ഇസ്ലാമാണു ഔദ്യോഗിക മതം, ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും , നബിചര്യകളുമായി അംഗീകരിച്ചിരിക്കുന്നു, ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും ഇംഗ്ലീഷും വ്യാപകമായി ഉപയോഗിച്ചുവരുന്നു, രാഷ്ട്രത്തലവനും ,ഭരണത്തലവനും.അമീറാണ് അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലിമെന്റും(മജ്ലിസ് ശൂറ) നിലവിലുണ്ട്,  ഇവ രണ്ടിലേയും അംഗങ്ങള്‍ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നവരാണ്, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ഇപ്പോഴത്തെ അമീർ, ഭരണ സൗകര്യത്തിനു വേണ്ടി ഖത്തറിൽ പത്ത് മുനിസിപ്പാലിറ്റികൾ രൂപീകരിചിരിച്ചിട്ടുണ്ട്, ഇവിടെ ജനങ്ങൾ വോട്ട് ചെയ്താണു പ്രധിനിധികളെ തെരഞ്ഞെടുക്കുന്നത്,  തദ്ദേശിയർ മുഴുവൻ മുസ്ലിംസമുദായക്കാരാണെങ്കിലും എല്ലാ മതവിശ്വാസികൾക്കും പ്രവര്‍ത്തനസ്വതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൈന, പാർസി തുടങ്ങിയ മതക്കാർ ഇവിടെയുണ്ട്, എല്ലാ മത വിശ്വാസികളക്കും ആരാധനാലയങ്ങൾ സ്ഥാപിക്കാനും അനുമതിയുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പ് പ്രകാരം വിദേശികള്‍ ഉള്‍പ്പെടെ  പതിനേഴു ലക്ഷത്തിലേറെ ജനസംഖ്യയുള്ള കൊച്ചു  ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്, ഏകദേശം  അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇതു തദ്ദേശ ജനസംഖ്യയുടെ ഇരട്ടിയോളമാണ്, ഇക്കാരണത്താൽ ഇന്ത്യക്കാർക്കു പുതുതായി വിസ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്, ഗവണ്മെന്റ് സ്ഥാപനങ്ങളിലും പ്രധാന കമ്പനികളിലും ബാങ്കുകളിലും എല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലി ചെയ്യുന്നു, പ്രധാനമായും കേരളം,തമിഴ്നാട്,ആന്ത്രപ്രദേശ്,മഹാരഷ്ട്ര,ബീഹാർ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്, ഇതില്‍ എഴുപത് ശതമാനത്തോളം വരുന്ന മലയാളികളാണ് ഇവിടുത്തെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നത്, അറബി വീടുകളിൽ ഡ്രൈവർമാരായി ജോലിചെയ്യുന്നവരില്‍  തൊണ്ണൂറു ശതമാനവും മലയാളികളാണ്, കൂടാതെ ആശുപത്രികളില്‍  ജോലി ചെയ്യുന്ന ഡോക്റ്റര്‍മാരും  നഴ്സുമാരും കൂടുതലും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ തന്നെ, ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഇരുപതിലേറെ സംഘടനകള്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചുവരുന്നു അവയില്‍ പ്രധാനപ്പെട്ട ചിലത്  ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റെര്‍ , ഖത്തര്‍ മലയാളീ അസോസിയേഷന്‍ തുടങ്ങിയവയാണ്.
അറേബ്യന്‍ ഗള്‍ഫ്‌ നാടുകളില്‍ ഉള്‍പ്പെട്ട ഒരു ഉപദ്വീപായി  നിലകൊള്ളുന്ന ഈ രാജ്യം  വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്, 2022-ല്‍ അരങ്ങേറാന്‍ പോകുന്ന  ലോകകപ്പ്‌ ഫുട്ബോളിന് ആതിഥ്യം വഹിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ലോകത്തിലെ  ഏറ്റവും സുരക്ഷിതമായ രാഷ്ട്രങ്ങളില്‍ ഒന്നായ ഖത്തര്‍, ഗള്‍ഫ്‌ യുണിയന്‍ ഉള്‍പ്പെട്ട  മറ്റു രാജ്യങ്ങളേക്കാള്‍ സമ്പന്നതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ ഒരു കൊച്ചു രാജ്യത്ത് പുതിയ സീ പോര്‍ട്ട്‌ , എയര്‍പോര്‍ട്ട്‌,  അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്ലേ ഗ്രൗണ്ടുകള്‍,  മെട്രോ റയില്‍ , വാണിജ്യ വിനിമയ കേന്ദ്രങ്ങള്‍ , ഹോട്ടലുകള്‍ , വിനോദ കേന്ദ്രങ്ങള്‍ , റെസിടെന്റല്‍ ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള എല്ലാ പദ്ധതികളുടെയും ആരംഭം  കുറിച്ചുകഴിഞ്ഞിരിക്കുന്നു.
മെട്രോ റെയില്‍വേ പണികള്‍ തകൃതമായി പുരോഗമിക്കുന്ന ഖത്തറിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു റോഡു ഗതാഗതമാണ് ഇപ്പോള്‍ നിലവിലുള്ളത്, സൗദി അറേബ്യയുമായി ബന്ധപ്പെടുന്ന സൽവാ റോഡ് ,അൽ ഖോർ റോഡ്,ദുഖാൻ റോഡ്,ഷമാൽ റോഡ് അന്നിവയാണു പ്രധാന പാതകൾ,  ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവാൻ കർശ്ശനമായ പരീക്ഷകൾ പാസ്സാകണം,  നിയമ ലംഘനങ്ങൾക്കു ഏറ്റവും കൂടുതൽ തുക പിഴ ശിക്ഷയീടാക്കുന്ന രാജ്യം ഖത്തറാണെന്ന് പറയാം,ചരക്കുകൾ എത്തിക്കുന്നത് ട്രക്കുകളിലും,കപ്പലുകളിലും ,വിമാനങ്ങളിലുമാണ്,ഒരു വിമാനത്താവളവും അഞ്ച് തുറമുഖങ്ങളും നിലവിലുണ്ട്, ഇതിൽ ദോഹ ഒഴികെയുള്ള തുറമുഖങ്ങൾ എണ്ണ കയറ്റുമതിക്കു മാത്രമാണു ഉപയോഗിക്കുന്നതു,ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ് ലോകത്തിലെ മുൻ നിര കമ്പനിയാണു, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും പ്രതിദിനം ഇരുപത്തിയഞ്ചിലേറെ വിമാനങ്ങൾ വിവിധ എയർ ലൈനുകൾ ദോഹയിലേക്കു സർവീസ് നടത്തുന്നുണ്ട്.
വളരെ ചുരുങ്ങിയ അംഗസംഖ്യ മാത്രമുള്ള ചെറിയ ഒരു സൈന്യമാണു ഖത്തറിനുള്ളത്,എന്നാല്‍ ഗൾഫ് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക താവളങ്ങളിലൊന്നാണ് ഖത്തറിലുള്ളത്,സ്വന്തം സുരക്ഷയുടെ കൂടി ഭാഗമാണ് യാങ്കി സൈനിക സാന്നിധ്യമെന്ന് ഖത്തർ ഭരണാധികാരികൾ തന്നെ വ്യക്തമാക്കിയിരുന്നു, ഇത്തരത്തിൽ തികച്ചും  വൈരുദ്ധ്യമുള്ളതെന്ന് തോന്നിക്കുന്ന നയതന്ത്രം അപൂർവമായിരിക്കാമെങ്കിലും ഇതിനെല്ലാം ഭരണകൂടതിന്‍റെ പക്കൽ കൃത്യമായ മറുപടിയുണ്ട് ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്; ഒന്നും  മറ്റൊന്നിന്‍റെ ചെലവിലുമാവരുത്,ഇതുതന്നെയാണ് ഖത്തറിൻറെ വിദേശ നയത്തിൻറെ കാതലും, പൊതുജന സൗഹൃദത്തിലും ജനസേവനത്തിലും മികച്ചുനിൽക്കുന്നവരാണു ഖത്തർ പോലീസ്,  ഇന്‍റര്‍ പോളിന്റെ ഒരു ആസ്ഥാനം ദോഹയിലുണ്ട്. 
*ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍, ഇവിടുത്തെ വാർഷിക ഗ്യാസ് ഉത്പാദനം എഴുപത്തി ഏഴു  കോടി ടണ്ണിലേറെ ഉണ്ടെന്ന് ഔദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നു, ഗ്യാസ് കയറ്റി അയ്ക്കാൻ മാത്രമായി റാസ്ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖമുണ്ട്. പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം, റാസ്ലഫ്ഫാനില്‍ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ട്, സ്റ്റീൽ,അലുമിനിയം,രാസവളം തുടങ്ങിയവയുടെ നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ട് , ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്കൃത വസ്തുക്കൾ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണ്  കാപ്കോ , മെലാനിൻ ഉല്പാദനത്തിൽ ലോകത്ത രണ്ടാം സ്ഥാനം ഖത്തറിനാണ്.
വിട്ടുവീഴ്ച്ചകളില്ലാത്ത ഇന്നാട്ടിലെ സുരക്ഷിതത്വ ക്രമീകരണങ്ങള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്,  സാഹോദര്യവും പരസ്പര വിശ്വാസവും; ബഹുമാനവും കറകളഞ്ഞ സ്നേഹവായ്പ്പുകളും നിറഞ്ഞ അറബികളുടെ പൈതൃകവും സംസ്കാരവും ആഥിത്യ മര്യാദകളും ഇന്നും മുറപോലെ കാത്തു സൂക്ഷിച്ചു പോരുന്നവരാണ് ഖത്തര്‍ ജനത, അറബ് ഇസ്ലാമിക സംസകാരത്തിലാണു ഖത്തറിന്റെ നാഗരികത വളർന്നു വന്നത്, കലാ കായിക വിനോദങ്ങളിലും, വസ്ത്ര ധാരണത്തിലും , ഭക്ഷണകാര്യത്തിലുമെല്ലാം ഈ സ്വാധീനം പ്രകടമാണ്, സമീപ കാലത്തായി പശ്ചാത്യ സംസകാരത്തിന്റെ കുത്തൊഴുക്കിൽ ഇതിനു മാറ്റം വരുന്നുണ്ടെങ്കിലും ജനങ്ങളിൽ ഗണ്യമായ വിഭാഗം ഇപ്പോഴും തങ്ങളുടെ സാംസ്കാരിക പാരമ്പര്യം മുറുകെ പിടിക്കുന്നവരാണു.
കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തലസ്ഥാനമായ ദോഹയില്‍ കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളും പ്രൌഡിയോടെ നിലകൊള്ളുന്ന അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വന്‍കിട ഹോട്ടലുകളും ആധുനികതയുടെ പര്യായങ്ങളായ ക്ലബ്ബുകളും കൂടാതെ കിലോ മീറ്ററുകള്‍ നീണ്ടു  അലംകൃതമായി കിടക്കുന്ന കോര്‍നീഷ്‌ എന്നറിയപ്പെടുന്ന കടല്‍ തീരവും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരം തന്നെ. ഇവിടുത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് ഈ കടൽത്തീരത്താണ്, കൂടാതെ വിനോദ സഞ്ചാരികളെയും സ്വദേശ; വിദേശ കുടുംബങ്ങളെയും ആകര്ഷിക്കാനുതകുന്ന രീതിയില്‍ നിര്‍മ്മിച്ച വിനോദവും വിജ്ഞാനവും പകരുന്ന മ്യുസിയങ്ങള്‍ വാട്ടര്‍ തീം; അമ്യുസ്മെന്റ്റ്‌ പാര്‍ക്കുകള്‍, മൃഗശാല, അക്വേറിയം, ബോട്ടിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവും ഏറെ ആനന്ദവും ആഹ്ലാദവും പകരുന്നവയാണ്, കടല്‍ നികത്തിയെടുത്ത് നിര്‍മ്മിച്ച പേള്‍ ഖത്തര്‍ എന്നറിയപ്പെടുന്ന കൃത്രിമ ദ്വീപില്‍ നിറയെ ആധുനിക പ്രൌഡിവിളിച്ചോതുന്ന ലക്ഷ്വറി സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയാങ്ങളാണ് തലയെടുപ്പോടെ നിലകൊള്ളുന്നത്, അല്‍-ഖോര്‍ ഏരിയയിലുള്ള കണ്ടല്‍ കാടുകള്‍ പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കുന്ന ഒന്നാണ് .
അറബ് സമൂഹത്തിന്‍റെ പരമ്പരാഗത ജീവിതരീതികളും പൌരാണിക മിത്തുകളും കോര്‍ത്തിണക്കി ദോഹയുടെ ഹൃദയഭാഗത്ത്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആധുനിക സൗകര്യങ്ങളോടെ  "സുഖ്വാഖിഫ്" എന്ന നാമധേയത്തിലുള്ള വിനോദ വ്യാപാര കേന്ദ്രവും സഞ്ചാരികളില്‍ വിസ്മയം വിടര്‍ത്തുന്ന ഒന്നാണ്. 
തനത് അറേബ്യന്‍ കലകള്‍ക്കൊപ്പം സംഗീതവും നൃത്തവും ഇടകലര്‍ത്തി പ്രത്യേക ആഘോഷവേളകളില്‍ സ്വദേശികളായ ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ നയനാനന്ദകരമാണ്, ട്രഡീഷണല്‍ അറബ് രുചികള്‍ നുകരാന്‍ ഒരുക്കിയ ഭക്ഷണശാലകളും ഇവിടെ ധാരാളം കാണാനാവും.
സാഹസപ്രിയര്‍ക്കായി ആശ്ചര്യകരമായ അനവധി വിനോദങ്ങളും ഇവിടെ നിലവിലുണ്ട്, ഡ്യുണ്‍ ബ്ലാഷ്‌ ഡ്രൈവ് , ഡെസേര്‍ട്ട് ക്യാംബിംഗ്, ഡെസേര്‍ട്ട് സഫാരി തുടങ്ങിയവ മരുഭൂമിയുടെ സാധ്യതകള്‍ ഏറെ പ്രയോചനപ്പെടുത്തുന്ന ഇത്തരത്തില്‍ പെട്ട വിനോദോപാധികളാണ്, കുതിരപ്പന്തയം നടക്കുന്ന ഫുറൂസിയ എന്ന സ്ഥലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാന ത്തുകയുള്ള കുതിരപ്പന്തയങ്ങളാണുനടത്താറുള്ളത്, അറബികളുടെ  മേൽത്തരം കുതിരകളുടെ ഒരു വൻ നിര തന്നെ ഇവിടെയുണ്ട്.
 കഴിഞ്ഞ ഒന്നര നൂറ്റാണ്ടിന്നിടയില്‍  ഇസ്ലാമിക ചരിത്രത്തോട്  ബന്ധപ്പെട്ടു രൂപപ്പെട്ടിട്ടുള്ള ഒട്ടു മിക്കവാറു ചിത്രങ്ങളും ശില്‍പ്പങ്ങളും കൂടാതെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമൂല്യമായ പല വസ്തുക്കളും ഉള്‍പ്പെടുന്ന  അപൂര്‍വ്വമായ വന്‍ ശേഖരം ഇസ്ലാമിക്‌ ആര്‍ട്ട് മ്യുസിയത്തില്‍ കാണാനാവും .അതോടൊപ്പം എം .എഫ് ഹുസൈന്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ പല ചിത്രങ്ങളും ഇവിടുത്തെ സൂക്ഷിപ്പുകളില്‍ ഉള്‍പ്പെടുന്നു . 
ഹമദ്‌ ഹോസ്പിറ്റലാണ് ഖത്തറിലെ ഏറ്റവും വലിയ ആശുപത്രി, രാജ്യത്തൊട്ടാകെയുള്ള അത്യാഹിത വിഭാഗങ്ങാളുടെയും ,ആംബുലൻസ് സേവനത്തിന്റെയും ചുമത്തല ഈ ആശുപത്രിക്കാണ്, സ്വദേശികൾക്കും ഹെൽത്ത് കാർഡുള്ള വിദേശികൾക്കും ഇവിടെ  ചികിത്സ പൂർണ്ണമായും സൗജന്യമാണ്,വിദേശികൾ ഖത്തറിൽ പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ ആരോഗ്യ പ്രിശോധന നടത്തിയിരിക്കണമെന്നാണ് നിയമം,ഖത്തറിൽ വിവഹത്തിനു മുമ്പു എച്.ഐ.വി. (എയ്ഡ്സ്) പരിശോധന നിർബന്ധമാണ്.
ഗൾഫ് ടൈംസ് ,ദി പെനിൻസുല , ഖത്തർ ട്രൈബ്യൂൺ എന്നീ ഇംഗ്ലീഷ് പത്രങ്ങളും അശ്ശർഖ് ,അൽ റായ, അൽ വത്വൻ,അൽ അറബ് തുടങ്ങിയ അറബ് പത്രങ്ങളും കൂടാതെ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരണം തുടങ്ങിയ 'വര്‍ത്തമാനം' പിന്നീടെത്തിയ 'ഗള്‍ഫ്‌ മാധ്യമം' 'ഗള്‍ഫ്‌ചന്ദ്രിക' എന്നീ പത്രങ്ങളും   ഖത്തറിലെ വാര്‍ത്താ വിനിമയ രംഗത്തുണ്ട്, ഖത്തറിന്റെ പ്രശസ്തി ലോകത്ത് വ്യാപിപ്പിച്ച അൽ-ജസീറ ചാനൽ നിഷ്പക്ഷമായി ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടി അറബ്,ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ സംപ്രേഷണം ചെയ്തു വരുന്നു, മറ്റു മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഈ ചാനലിന് ബാധകമല്ല. ഇതിനു പുറമെ കായിക വർത്തകൾക്ക് മത്രമായും ,കുട്ടികൾക്കു മാത്രമായും പ്രത്യേകം ചാനലുകളുണ്ട്, ഇതോടനുബന്ധമായി ഒരു മാധ്യമ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു,ഔദ്യോഗിക ചാനലായ ഖത്തർ ടി.വി വേറെത്തന്നെയാണു പ്രവർത്തിക്കുന്നത്, ക്യു-ടെല്‍ , വോഡഫോണ്‍ എന്നീ സര്‍വീസുകളാണ് ടെലികമ്യുണിക്കെഷന്‍ മേഘലയില്‍ നിലവിലുള്ളത്.
കത്താറ കള്‍ച്ചറല്‍ വില്ലേജ് , ക്യാമല്‍ ഫാം എന്നീ കൌതുകം നല്‍കുന്ന സ്ഥലങ്ങള്‍ക്കൊപ്പം ആധുനിക കലകളെ പ്രോത്സാഹിപ്പിക്കാനായി അറബ് മ്യുസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് എന്ന സ്ഥാപനവും ,ആസ്തെപാര്‍ എന്ന സ്പോര്‍ട്സ്‌ മെഡിസിന്‍ ആശുപത്രിയും,  കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്ന പ്രശസ്തമായ ആസ്പയര്‍ അക്കാദമിയും  ഖത്തറിന്റെ പെരുമയ്ക്കു എന്നും  മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന  മഹത്തായ സ്ഥാപനങ്ങളാണ്.  കായിക വിനോദങ്ങളിൽ  വൻ പ്രോൽസാഹനമാണു  സർക്കാർ നൽകിപ്പോരുന്നത്, ഖത്തറിലെ പത്ത് മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്, സ്കൂളുകളിൽ നിർബന്ധ കായിക പരിശീലനം നൽകുന്നു, അതിനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സമർത്ഥരായ കായിക താരങ്ങളെ വിലക്കെടുത്ത് അവരെ ഖത്തറിന്റെ ദേശീയ താരങ്ങളാക്കി അന്താരാഷ്ട്രാ മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു ,കുതിരപ്പന്തയം, ഫുട്ബോള്‍ കളി എന്നിവക്കും  വലിയ പ്രോൽസാഹനമാണു കൊടുക്കുന്നത്, ഒളിംബിക്സിൽ ഖത്തർ രണ്ട് വെങ്കലം നേടിയിട്ടുണ്ട്.
ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഉത്പന്നങ്ങളും വിലമതിക്കാനാവാത്ത രത്നങ്ങള്‍ വിലയേറിയ മുത്തുകള്‍ , വജ്രം ,സ്വര്‍ണ്ണം എന്നിവക്കെല്ലാം പ്രത്യേക വിപണന കേന്ദ്രങ്ങള്‍ ഖത്തറിലുണ്ട് .
മിക്കവാറും തെളിഞ്ഞ നീലാകാശവും നീല ജലവും ശാന്തമായ കടല്‍ത്തീരങ്ങളും  ഉള്ള ഖത്തറില്‍ ഏപ്രില്‍ മുതല്‍ തുടങ്ങുന്ന വേനല്‍ കാലം ആറുമാസത്തോളം നീണ്ടു സെപ്തംബര്‍ വരെ നില നില്‍ക്കും ,ജൂലൈ ആഗസ്റ്റ്‌ മാസങ്ങളിലാണ് മറ്റു ഗള്‍ഫ്‌ നാടുകളിലെപ്പോലെതന്നെ ഇവിടെയും കടുത്ത ചൂട് അനുഭവപ്പെടുന്നത് . 
ഒക്ടോബറില്‍ ആരംഭിക്കുന്ന വിന്റര്‍ സീസണില്‍ ഏറ്റവും തണുപ്പ് കൂടുന്ന മാസങ്ങള്‍ ഡിസംബറും ജനുവരിയും തന്നെ, മരുഭൂപ്രദേശങ്ങളില്‍ കണ്ടുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളായ പൊടിക്കാറ്റും, മഞ്ഞു വീഴ്ചയും മറ്റു  ഇടയ്ക്കിടെ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ചെറുക്കാനുള്ള സംവിധാനങ്ങള്‍ ഉള്ളതിനാല്‍ അതൊന്നും ഇവിടുത്തെ ജീവിതത്തെ കാര്യമായി ബാധിക്കാറില്ല.
സ്വാതന്ത്ര്യം പ്രാപിച്ച് കൂടുതല്‍ വൈകാതെതന്നെ ഖത്തറുമായി ഇന്ത്യനയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു , ഇന്ത്യന്‍ എംബസ്സിയുടെ ഇപ്പോഴത്തെ വിലാസം:
 വില്ല നമ്പർ 11, സ്റ്റ്രീറ്റ് നമ്പർ 42 .വാദി നീൽ ,ഓൾഡ് ഹിലാൽ. ഫോൺ നമ്പര്‍ +97444255777 -പ്രവർത്തി സമയം: രാവിലെ 8 മുതൽ വൈകുന്നേരം 4.30 വരെ. എന്നാൽ രേഖകളുടെ പുതുക്കലും മറ്റും രവിലെ 8 മുതൽ 10.30 മണി വരെ മാത്രം.
ഖത്തറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ : http://www.qatar.com/
ഖത്തര്‍ വിദേശ മന്ത്രാലയത്തെ കുറിച്ച് അറിയാന്‍ : http://english.mofa.gov.qa/
ഖത്തര്‍ ടൂറിസത്തെക്കുറിച്ച് അറിയാന്‍ : http://www.qatartourism.gov.qa/എന്റെ സുഹൃത്തുക്കള്‍