Network Followers

Share this Post

ചില അമ്മമാരും കുഞ്ഞുങ്ങളും .

                                              ഈ സുരക്ഷിതത്വം മറ്റെവിടെ കിട്ടാന്‍ ?



                                  വാല് കുലുക്കല്ലേ എന്റമ്മച്ചീ..ഞാന്‍ താഴെ പോകുവേ.


                                                 അച്ഛനാണോ ആ വരുന്നതമ്മേ..!


                                 ഒന്നിങ്ങു നീങ്ങി നില്‍ക്കൂ മോനെ..ഞാനൊന്ന് നക്കട്ടെ..

                     ഇങ്ങനെ രണ്ടു കൊമ്പുകള്ണ്ടാവാന്‍ എത്ര കാലം കാത്തിരിക്കണോ ആവോ!

                                                ഒന്ന് മെല്ലെ നടക്കെന്റെ പൊന്നമ്മച്ചീ..


                                     ഈ കിടപ്പിനും അതിന്റെതായൊരു സുഖമുണ്ടേ ..


                                                    മുങ്ങുമ്പോള്‍ പിടിച്ചോളണെ മമ്മീ 


                           എന്റമ്മോ ഈ തേങ്ങേടെ ഉടമയോ മറ്റോ ആണോ ആ വരുന്നത് ?


                                             ഇതീന്നൊന്നും കിട്ടുന്നില്ലല്ലോ അമ്മച്ച്യെ..


                                             ഒരിത്തിരി നിക്കും തായെന്റെ അമ്മേ..


                                          ഇങ്ങോട്ട് ഇത്ര ധൈര്യമായി വരുന്നതാരെടാ?


                                       ഒന്നെണീറ്റു നിന്നേടാ ..ഇനി കാലൊന്നു നക്കട്ടെ .

ഒരു കൊച്ചു പെരുന്നാള്‍ ഈറ്റ്.

വര്‍ഷം തോറും രണ്ടു പെരുന്നാ‍ള്‍  ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യക‍ള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍നീണ്ടു നില്ക്കുന്ന പരിപാടി മിക്കവാറും ഗള്‍ഫ്നാടുകളില്‍കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്റ് മോഡില്‍കിടന്ന മൊബൈലില്‍നിന്നും തുരു തുരാ  വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത്തൊപ്പിക്കാരന്കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു ചിരി  കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്റെ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര്‍കാര്യത്തിലേക്ക് കടന്നു.

അല്ല ഭായ് കേരളം മുഴുവന്അങ്ങോളമിങ്ങോളം മീറ്റും ഈറ്റും തകൃതിയായി നടക്കുന്നു നമുക്കും പെരുന്നാളായിട്ടു ഒന്ന് കൂടണ്ടേ?”
ചോദ്യം കേട്ടപ്പോള്‍ എന്റെ മനസ്സിലും ഒരു ബിരിയാണി ധമ്മു പൊട്ടി, അങ്ങിനെ സുഹൃത്തുക്കളെ ക്ഷണിക്കാന്ഒരു ദിവസത്തെ ഗ്യാപ്പില്‍ വ്യാഴാഴ്ച ഈറ്റിന്റെ കാര്യം ഇന്സ്റ്റന്റ് തീരുമാനമായി.
പിന്നെയെല്ലാം ഇടുത്തോ പിടിച്ചോ എന്ന മട്ടിലാണ് നടന്നത്, കയ്യിലുണ്ടായിരുന്ന ബ്ലോഗേര്സിന്റെ നമ്പറുകളില്‍ എല്ലാം ഞങ്ങള്‍‍  വിളിച്ചുനോക്കി , കിട്ടിയവോരെടെല്ലാം വിവരം പറഞ്ഞു ,മഞ്ഞിയില്‍  അസീസ്ക്ക, ഗ്രാമീണന്‍ ,നാമൂസ്‌, നജീംഭായ് ,ചാണ്ടിച്ചന്‍ തുടങ്ങിയ  പ്രധാനികളില്‍ചിലര്നാട്ടിലാണെന്ന അറിവ് ഞങ്ങള അല്‍പ്പമൊരു അങ്കലാപ്പിലാക്കിയെങ്കിലും ഉള്ളവരെ വെച്ച് മുമ്പോട്ടുതന്നെ നീങ്ങി.
അങ്ങിനെ വ്യാഴാഴ്ച പതിനൊന്നു മണിയോടെ സല്‍ റോഡിലെ റോയല്‍ ടേസ്റ്റ് എന്ന റെസ്റ്റോറന്റില്ഞങ്ങള്ഒത്തുകൂടികുറഞ്ഞത് പതിനഞ്ചു പേരെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കൊച്ചു പെരുന്നാള്‍ഈറ്റില്‍ കേവലംപത്തു പേര് മാത്രമേ എതിചേര്ന്നതുള്ളൂഅതുകൊണ്ട് അതൊരു തീരെ കുഞ്ഞു ഈമീറ്റായിപ്പോയി , അവസാന നിമിഷത്തില്‍കാലുവാരിയ മിഴിനീര്തുള്ളിയുടെ മുതലാളിയെ കണ്ടിടത്ത് വെച്ച് കാലുവെട്ടാന്കൊട്ടേഷന്ടീമിനെ എല്പ്പിച്ചിട്ടുള്ള കാര്യം കൂടി ഇവിടെ സൂചിപ്പിച്ച കൊണ്ട്  (കാലുമാറിയ പെണ്‍ ബ്ലോഗേര്‍സിനെ തല്‍ക്കാലം ഈ കൊട്ടേഷനില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു) കൂടുതല്‍ ഈറ്റ് വിശേഷങ്ങള്‍ക്കായി ഫോട്ടോകളിലേക്ക്.. 
ഈ ഈറ്റിന്റെ സൂത്രധാരന്‍  : ഇസ്മയില്‍ കുറുമ്പടി
(തണല്‍ )

  കരിനാക്ക് വളക്കുമ്പോള്‍ ശ്രദ്ധിക്കണം .
കാരണം കാര്യങ്ങള്‍ ശ്രദ്ധേയമാണ്..
ഷഫീക്ക്‌ ( കരിനാക്ക്, ശ്രദ്ധേയന്‍ )

ഇരുപത്തി ഒമ്പതു നോമ്പും നോറ്റ ക്ഷീണത്തില്‍ ..
സുനില്‍ പെരുമ്പാവൂര്‍
(ശാരദ നിലാവ്)

കവിതാ നിരീക്ഷണങ്ങളാണ് താല്‍പര്യം
കലാം 
(മരുപ്പൂക്കള്‍ )

       നിറഞ്ഞ ചിരിയും സംഗീതവും മുതല്‍ കൂട്ടാക്കി..
   തന്സീം 
   (ഒരേ കടല്‍  ) 


     ബസ്സും ബ്ലോഗുമൊക്കെ വിട്ടു,
    ഇപ്പോള്‍ പ്ലസ്സും ഫേസ്ബുക്കുമാണ് പ്രധാനം.
                 രാമചന്ദ്രന്‍ വെട്ടിക്കാട്   (ഞാനിവിടെയുണ്ട്)                      http://thambivn.blogspot.com/
                                                          ഓര്‍മ്മ ശെരിയാണെങ്കില്‍ ..
        ഇപ്പോള്‍ മൊത്തം ബ്ലോഗുകള്‍ ഒമ്പതെണ്ണം ..
സഗീര്‍ പണ്ടാറത്തില്‍ .
   

 
ഞാനൊരു പുതുമുഖമാണെ..പക്ഷേ കണ്ടാല്‍ തോന്നില്ല.
ബിജു ഡേവിസ്‌
( ഉഗ്രന്മാര്‍ )

 
പെണ്ണെവിടെ നിന്നാണെന്ന് പറഞ്ഞാല്‍ 
പാര വെക്കാനല്ലേ!ഞാന്‍ പറയൂല്ലാ...
ജിപ്പൂസ് 
(എന്‍റെ ഇടം  )


കൂട്ടത്തില്‍ കവിയോടൊപ്പം ഞമ്മളും..
www.sidheekthozhiyoor.com

ഇനിയിപ്പോ അടുത്ത മീറ്റ് എന്നുവേണം ?
 കൂലങ്കുഷിതമായ ചര്‍ച്ചാവേള.



കവിതയെന്ന മഹാസാഗരത്തിന് കരയില്‍ പകച്ചു...
സുനിലും രാമചന്ദ്രനും ഇസ്മായിലിനോട് ..



ഇത് വരെ ഒരു  ഇരുനൂറെണ്ണം ആയിക്കാണും.
കവിതയുടെ കാര്യമാണ്..
സഗീര്‍ പണ്ടാറത്തില്‍ .



കവിതയെകുറിച്ച് ഇനി ഒരക്ഷരം പറഞ്ഞാല്‍ ...
  ഈ ഫ്ലവര്‍ ബേസ് എടുത്തു ഞാന്‍ ...



ഈ വെള്ളം കുടിച്ചു മടുത്തു ,
എന്നാല്‍ തുടങ്ങാമെന്നേ.
വിശപ്പിന്‍റെ ആക്രാന്തത്തില്‍ കണ്ട്രോള്‍ വിട്ട കുറുമ്പടി .

ഇനി ആരെങ്കിലും എത്താനുണ്ടോ? 
   നമുക്ക് ഈറ്റ് തുടങ്ങിയാലോ! 
ഇല്ലേല്‍ ഇസ്മയില്‍ ഭായ് ആക്രമാസക്തനാകും.. 
ജിപ്പൂസ്.


എന്നാല്‍ തുടങ്ങാം...
 ഈറ്റ് പപ്പടം കഴിച്ചുകൊണ്ട് ഉല്‍ഘാടിക്കുന്ന
സുനില്‍ .

രസത്തിനത്ര രസം പോരാ അല്ലെ? കലാം.

ഫോട്ടോയില്‍ പാത്രം ഉള്‍പ്പെടുത്തണ്ട..
      രാമചന്ദ്രന്‍ .

   നോമ്പിന്‍റെ ആ ക്ഷീണം അങ്ങോട്ട്‌ തീരുന്നില്ലെന്നെ
സുനില്‍ .

പായസത്തിനൊന്നും ഇപ്പോള്‍ ആ പഴയ
രുചി ഇല്ലാന്നു തോന്നുന്നു ..ഏഴോ അതോ  എട്ടോ വട്ടമായി..
 ( അധികമായാല്‍ പായസവും )..
ആകെ പത്തുപേരെ എത്തിയുള്ളൂ..ഫോട്ടോ എടുത്ത
   സുനിലിന്‍റെ അരീക്കോട്ടുകാരന്‍  സുഹൃത്തിനു നന്ദി.




മുയലും ആമയും..

മുയല്‍ :  ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ , പക്കാ വെജിറ്റേറിയന്‍, ദുര്‍മേദസ്സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശരീരം,  ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ ദൂരമെങ്കിലും ഓടിയും ചാടിയും കറങ്ങുന്നു, ഏറെ പോഷക സംപുഷ്ടങ്ങളായ ക്യാരററ്, കിഴങ്ങുകള്‍ തുടങ്ങിയയാണ് പ്രധാന ഭക്ഷണം, ജീവിത കാലയളവ് മിക്കവാറും അഞ്ചോ ആറോ വര്‍ഷം, ഏറ്റവും കൂടിയത് പതിമൂന്നു വര്‍ഷമാണ് റിക്കാര്‍ഡ്‌.




ആമ : അനങ്ങാപ്പാറ നയക്കാരന്‍,  ഒരു മീറ്റര്‍ നീങ്ങാന്‍ ചിലപ്പോള്‍ ഒരു ദിവസം പിടിക്കും, കണ്മുന്നില്‍ കണ്ടുകിട്ടുന്നതെല്ലാം  മൂക്കുമുട്ടെ തിന്ന് പാറപോലെ ദിവസങ്ങളോളം കിടക്കാനും മടിയില്ലാത്ത കുഴി മടിയന്‍, കൊഴുപ്പും മാംസവും അടിഞ്ഞുകൂടി ചീര്‍ത്ത ശരീരം,  പക്ഷെ അറുപതു മുതല്‍ നൂറ്റിപ്പതിനഞ്ഞു വര്‍ഷം വരെ ആയുസ്‌ കാണുന്നു..
                                        ( വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട് )
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ പിന്നെ നമുക്ക് എന്തോന്നിനാണീ എക്സസൈസും ഓട്ടവും ചാട്ടവുമെല്ലാം? ഹല്ല പിന്നെ! ഹ ഹഹ..
( ഇവന്മാരെ കുറിച്ച് വായിച്ചപ്പോള്‍ ചുമ്മാ തോന്നിയത് എഴുതിയതാണെ മാഷേ, എക്സസൈസ് പരിപാടികളൊന്നും നിറുത്തിയെക്കല്ലേ, ആമയെപ്പോലെ ദീര്‍ഘായുസ്സ്‌കൊണ്ടൊക്കെ എന്ത് കാര്യം! ഉള്ളകാലം ആരോഗ്യത്തോടെ ഇരിക്കണേല്‍ മുയലിനെപ്പോലെ കുറച്ച് മിനക്കെടുക തന്നെ വേണം, ദീര്‍ഘാരോഗ്യ ആയുഷ്മാന്‍ ഭവ: )



ഉടയോന്റെ കനിവിന്നായ്‌ , കണ്ണീരോടെ.

എന്റെ സ്വന്തം അനുജനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന  പ്രിയപ്പെട്ട കൂട്ടുകാരനാണ് റംഷാദ്, കണ്ടാല്‍ ആരും ഒന്നുകൂടി നോക്കിപ്പോവുന്ന വ്യക്തിത്വമുള്ള കോഴിക്കോട്ടു ജില്ലക്കാരനായ ഈ യുവാവ് ഇന്നത്തെ തലമുറയിലെ ഏതൊരു യുവത്വത്തെയും പോലെ ആവശ്യത്തിന് വിദ്യാഭാസവും സാഹചര്യങ്ങളെ ആശ്രയിച്ചു ജീവിക്കാനുള്ള വിവേകവും, പിന്നെ പ്രായത്തിനൊത്ത പക്വതയും , ലോക പരിജ്ഞാനവുമെല്ലാം ഉള്ളവന്‍ തന്നെ, പക്ഷെ ഒരേ ഒരു കുറവ് മാത്രം! കേള്‍ക്കാനും സംസാരിക്കാനുമുള്ള  ആ ഒരു കഴിവ് മാത്രം  സൃഷ്ടികര്‍ത്താവ്‌  അവനു നല്‍കിയിരുന്നില്ല, എങ്കിലും ആ ഒരു കുറവ് തനിക്കൊരു പോരായ്മയായി കണക്കാക്കാതെ  കഠിന പ്രയത്നത്തിലൂടെ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കയരിപ്പറ്റുന്ന കാര്യത്തില്‍ എല്ലാം തികഞ്ഞവരേക്കാള്‍  വളരെ മുന്നിലായിരുന്നു റംഷാദ്.

മനസ്സേ ശാന്തമാകൂ.

ഒരു യാത്രാമൊഴി പോലും പറയാതെ, അവസാനമായൊരു നോക്ക് കാണാന്‍ പോലും ഇട നല്‍കാതെ ഇക്കഴിഞ്ഞ മെയ്‌ രണ്ടാം തീയ്യതി അപ്രതിക്ഷിതമായി വേര്‍പിരിഞ്ഞു പോയിരിക്കുന്നു ഞങ്ങളുടെ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ , രായമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി അലീമു ദമ്പതികളുടെ ഇളയമകനായിരുന്ന അഷ്‌റഫ്‌ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ .
ദാരുണമായ ആ ദുഃഖസത്യം ഉള്ളത്തിലേക്ക് തീതുള്ളികളായി അടര്‍ന്നുവീണ് എരിയാന്‍ തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി, അതിനുശേഷം മനസ്സ് വല്ലാതെ കലുഷിതമാണ്, ശെരിയായൊന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം, കണ്ണടക്കുമ്പോള്‍ കൂടുതല്‍ മിഴിവോടെ ആ മുഖം മനസ്സില്‍ തെളിയുന്നു, ഹൃദയത്തിന് മീതെ ചുട്ടു പഴുത്ത ലോഹച്ചരടുകള്‍ മുറുകുന്നപോലെ ഒരനുഭവം, കരള്‍ വെന്തുരുകി ഊറിയെത്തുന്ന ഒരിറ്റു കണ്‍കോണില്‍ കിനിഞ്ഞിറങ്ങുന്നത് ആത്മാവിലറിയാം, എത്ര അമര്‍ത്തിവെച്ചിട്ടും കുതിച്ചുപൊങ്ങുന്ന സങ്കടത്തിന്റെ ഒരു കടല്‍ ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു.
ഉള്ളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്ന വേദനകള്‍ ആരോടെങ്കിലും പറയുമ്പോള്‍ ചെറിയൊരാശ്വാസം പലപ്പോഴും ലഭിക്കാറുണ്ട്, അതുകൊണ്ട് മാത്രമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതാന്‍ തയ്യാറായത് , ഇതെഴുതാന്‍ തുടങ്ങിയ നിമിഷം ആ പ്രിയപ്പെട്ടവന്റെ രൂപം വീണ്ടും നിറവോടെ മനസ്സിലെത്തിയിരിക്കുന്നതും, തൊണ്ടക്കുഴിയിലേക്ക് ഒരു കരച്ചില്‍ പൂര്‍വ്വാധികം ശക്തിയോടെ കുറുകിയെത്തുന്നതും അത് കണ്ണുകളെ പുകക്കുന്നതും ഞാനറിയുന്നു, ജീവിത ചക്രത്തില്‍ മരണമെന്ന പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല, എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമായ ഒരു ദുരന്തമായിരുന്നു; ഒട്ടും നിനക്കാതെ എത്തിയ നിയോഗം, ഒരു ബൈക്ക്‌ ആക്സിഡന്റിന്‍റെ രൂപത്തില്‍ വിധി ആ സുഹൃത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി, ഒരു നിമിഷ മാത്രയിലെ അശ്രദ്ധയുടെ ഫലമായി തകര്‍ന്നുടഞ്ഞുപോയൊരു ജന്മം, ആ ജീവനെ ആശ്രയിച്ചു ജീവിച്ച പല ജന്മങ്ങളാണ് നിരാലംബരായിപ്പോയത്, വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! നിനക്ക് ഞാനില്ലേ എന്ന് പിതാവിന് മകളെയും; ഞങ്ങളില്ലേ എന്ന് സഹോദരന്മാര്‍ക്കു സഹോദരിയേയും ആശ്വസിപ്പിക്കാനാവും, ആശ്വസിപ്പിക്കലിന്റെ ഏറ്റവും ഭംഗിയുള്ള വാക്കുകളാണത്, പക്ഷേ ഇത്രയും കാലം ഇണയും തുണയുമായി കൂടെയുണ്ടായിരുന്ന ജീവന്റെജീവനായ ഒരാള്‍ പെട്ടൊന്നൊരു ദിനം യാത്രാമൊഴിപോലും പറയാതെ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ പൊടിഞ്ഞുപോകുന്ന ആ മനസ്സിന് ആശ്വാസമേകാന്‍ നനഞ്ഞുവിറയ്ക്കുന്ന മനസ്സിനെ പൊതിഞ്ഞു പിടിക്കാനും ചൂടുപിടിച്ചു തിരിച്ചുകൊണ്ടുവരാനുമുള്ള ആ ഒരാളാവാന്‍ അവര്‍ക്കാര്‍ക്കുമാവില്ലല്ലോ! ബാല്യകാലത്ത് പിതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഉമ്മയോടുള്ള സ്നേഹബന്ധത്തിനു തീവ്രത വളരെ കൂടുതലായിരുന്നു അഷറഫിന്, ഉമ്മയുടെ ഏകാന്തതക്കൊരു വിരാമമിടാനായാണ് അവന്‍ നേരത്തെ തന്നെ വിവാഹിതനായത്, ഞങ്ങളുടെ അടുത്ത പ്രദേശമായ മന്ദലംകുന്നില്‍ നിന്നുള്ള ഷാജിതയെയാണ് അഷറഫ് ഇണയായി തിരഞ്ഞെടുത്തത് , ഇരുപത്തൊന്നു വര്‍ഷം നീണ്ട ആ ദാമ്പത്യബന്ധത്തില്‍ മൂന്നു ആണ്‍കുട്ടികളാണ് അവര്‍ക്ക്, മൂന്നുപേരും പഠനം തുടര്‍ന്ന് വരുന്നു.
അഷറഫിന്റെ ബൈക്കും എതിര്‍ ദിശയില്‍ നിന്നും വന്നൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു ആ അപകടം, ഇടിയുടെ ആഘാതത്തില്‍ തെറിച്ച് തല കല്ലിലടിച്ചു വീണ നിമിഷം തന്നെ അഷറഫിന് ബോധം നഷ്ട്ടപ്പെട്ടിരുന്നു, തുടര്‍ന്ന് വിധിനിര്‍ണ്ണായകമായ നാലഞ്ചു ദിവസം ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നേര്‍ത്ത്‌ നേര്‍ത്ത് പോയിക്കൊണ്ടിരിക്കുന്ന ആ പ്രാണന്റെ നിലനില്പ്പിന്നായി നിറഞ്ഞ മിഴികളോടെ വിതുമ്പുന്ന ഹൃദയത്തോടെ നിശ്ശബ്ദതമായി പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമത്തിന്റെ മുഴവന്‍ ജനങ്ങളേയും നിരാശയിലാഴ്ത്തി അവരുടെ നെഞ്ചില്‍ ദീന വിലാപങ്ങളും വിഹ്വലതകളുടെ ഒരു നെരിപ്പോടും ബാക്കിവെച്ചുകൊണ്ട് ഉടയോന്‍ ആ ജീവന്‍ തിരിച്ചെടുത്തു , ഇഷ്ട ജനത്തിനെ തന്‍റെ തന്‍റെ അരികിലേക്ക് വേഗത്തില്‍ അവന്‍ തിരിച്ചു വിളിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്നായിരുന്നു ആ മരണം.
മാതാപിതാക്കള്‍ ഉള്‍പ്പെടെ വേണ്ടപ്പെട്ട പലരുടെയും മരണങ്ങള്‍ എന്‍റെ മനസ്സിനെ പലപ്പോഴും ഉലച്ചിട്ടുണ്ടെങ്കിലും ഇത്രയും ദിവസത്തിന് ശേഷവും ഒട്ടും കുറവുവരാതെ ഒരു വീര്‍പ്പുമുട്ടിക്കുന്ന ഖേദമായി മനസ്സിനെ നീറ്റുന്ന ഒരു ദുഃഖം എനിക്ക് ആദ്യാനുഭവമാണ്, ആ പ്രിയ കൂട്ടുകാരനോടുണ്ടായിരുന്ന ആന്തരികമായൊരു അടുപ്പത്തിന്റെ; ഇഴപിരിച്ചെടുക്കാനാവാത്ത ആത്മാര്‍ത്ഥ ബന്ധത്തിന്‍റെ അളന്നുകുറിക്കാനാവാത്ത ആഴം കൊണ്ടായിക്കാം, സ്നേഹമുള്ളവര്‍ തമ്മില്‍ ഒരു മാഗ്നറ്റിക്‌ ഫീല്‍ഡ്‌ ഉണ്ടാകാറുണ്ടല്ലോ! സ്നേഹത്തിന്റെതായൊരു കാന്തിക വലയം ചിലപ്പോള്‍ അതുകൊണ്ടാവാം,ഇക്കാര്യം ഞാനെന്റെ ചില ആത്മസുഹൃതുക്കളോട് സൂചിപ്പിച്ചപ്പോള്‍ അവരുടെ അനുഭവവും വിഭിന്നമല്ല എന്നറിയാന്‍ കഴിഞ്ഞു , ആ പ്രിയ സുഹൃത്ത്‌ എന്നെന്നേക്കുമായി ഞങ്ങള്‍ക്കിടയില്‍ നിന്നും; ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത വല്ലാത്തൊരു അവസ്ഥാവിശേഷം, അതെങ്ങിനെ പറഞ്ഞറിയിക്കണമെന്നു എനിക്കറിയില്ല , എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല, എവിടെ നോക്കിയാലും അവന്‍റെ രൂപഭാവങ്ങളാണ്, കേവലം ഒരു സുഹൃത്ത്‌ മാത്രമായ എനിക്ക് ആ വേര്‍പാടില്‍ ഇത്രമാത്രം വേദന തോന്നുന്നെങ്കില്‍ ഇത്ര നാളും ആ സംരക്ഷണത്തിന്റെ തണലില്‍ കഴിഞ്ഞ പ്രിയപ്പെട്ടവരുടെ കാര്യം ആലോചിക്കാനേ വയ്യ.
(ജേഷ്ഠ സഹോദരന്‍ കുഞ്ഞുമുഹമ്മദിന്റെ കൂടെ)
ഓര്‍മ്മവെച്ചനാള്‍ മുതല്‍ കണ്ടുതുടങ്ങിയതാണ് അയല്‍വാസിയും കളിക്കൂട്ടുകാരനുമായ അഷറഫിനെ, മിതഭാഷിയും സഹൃദയനും ആയതിലുപരി സൌഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നവനുമായിരുന്നു ഞങ്ങളുടെ ഈ നല്ല സുഹൃത്ത്‌, കൌമാര; യൌവ്വന കാലഘട്ടങ്ങളില്‍ സമപ്രായക്കര്‍ക്കിടയില്‍ ഒരു മാതൃകാ പുരുഷനായിരുന്ന അവന്‍റെ നൈര്‍മല്യമെറിയ, പക്വതയുള്ള സ്വഭാവ വിശേഷങ്ങള്‍ കണ്ടു പഠിക്കാനും പിന്തുടരാനും പലരില്‍ നിന്നും ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ ലഭിച്ചിരുന്നു അന്ന്.
ഉത്സവങ്ങള്‍ പെരുന്നാളുകള്‍ കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമൂട്ടില്‍ കൊല് വീഴുന്നിടത്തെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലമായ യൗവ്വനകാലം , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യം, ആ രാത്രിസഞ്ചാരങ്ങള്‍ക്കിടയില്‍ കലഹപ്രിയരായ ചില ചങ്ങാതിമാര്‍ ഒപ്പിച്ചുവെക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും മദ്ധ്യസ്ഥത വഹിക്കാനും അഷ്‌റഫ്‌ തന്നെവേണമായിരുന്നു മുന്‍കയ്യെടുക്കാന്‍.
തൊഴിയൂര്‍ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ഒരു സംഘടനയായ സുനേന കലാകായിക വേദിയുടെ 1991,92 വര്‍ഷങ്ങളിലെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന അഷ്‌റഫ്‌ ആ രംഗങ്ങളിലും തന്‍റേതായ കഴിവുകള്‍ തെളിയിച്ചതാണ്.
നാട്ടുകാര്‍ക്കിടയില്‍ ക്ലീന്‍ ഇമേജ് ആയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ അഷ്‌റഫ്‌ ഉണ്ടെന്നറിഞ്ഞാല്‍ വീട്ടുകാര്‍ക്കെല്ലാം വളരെ സമാധാനമാണ്, ആയതിനാല്‍ ഞങ്ങളുടെ എന്ത് പരിപാടികള്‍ക്കും ഏതുതരം യാത്രകള്‍ക്കും അഷറഫിനെ കൂടെ കൂട്ടുകയെന്നത് അത്യന്താപേക്ഷിതമായിരുന്നു, വരും വരായ്കകളെകുറിച്ച് ഒട്ടും ആലോചനയില്ലാതെ വഴിയെ പോകുന്ന എല്ലാ വയ്യാവേലികള്‍ക്കും പുറകെ കൂടിയിരുന്ന ഞങ്ങള്‍ക്കിടയില്‍ അല്‍പ്പം വിവേകവും കാര്യബോധവുമുള്ളഒരാള്‍ അത്യാവശ്യമായിരുന്നു എന്നതാണ് സത്യം, അങ്ങിനെ കാലത്തിന്‍റെ കൂലം കുത്തിയുള്ള ഒഴുക്കിന്നിടയില്‍ കുതൂഹലങ്ങളും രസകരവുമായ ഒരുപാടു കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ; പിണക്കങ്ങളിലൂടെ ഇണക്കങ്ങളിലൂടെ സ്നേഹോഷ്മളമായ പരസ്പര വിശ്വാസങ്ങളിലൂടെ; ധാരണകളിലൂടെ ദൃഡമായിപ്പോയതായിരുന്നു ഞങ്ങളുടെ സൌഹൃദം, പിന്നെ ജീവിത പാന്ഥാവിലെ അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഞങ്ങളെയും പല പല കരകളില്‍ കൊണ്ടെത്തിച്ചുവെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം ഒരു ഫോണ്‍ കോളിലൂടെയെങ്കിലും പുതുക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ കൂടുതല്‍ പേരും ജീവിത മാര്‍ഗങ്ങള്‍ തേടിയത് പ്രവാസത്തിലൂടെയാണെങ്കിലും അഷ്‌റഫ്‌ ആ കാര്യത്തിലും തന്‍റെ വ്യത്യസ്ഥത നിലനിറുത്തി, നാട്ടില്‍ ഒരു സുഹൃത്തിനോടൊപ്പം ചേര്‍ന്ന് ഒരു സ്പെയര്‍പാര്‍ട്ട്സ് കട ആരംഭിക്കുകയായിരുന്നു അഷറഫ്, അതിലൂടെ വീട് പുതുക്കിപ്പണിയാനും അല്ലലില്ലാതെ കഴിഞ്ഞു കൂടാനും കഴിഞ്ഞിരുന്നതിനാല്‍ ഉള്ളത് കൊണ്ട് സംതൃപ്തമായ ജീവിതമായിരുന്നു അവന്റേത്, ഒരിക്കല്‍ നല്ലൊരു ഗള്‍ഫ്‌ ജോലിക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തനിക്ക് കുടുംബത്തെ വേര്‍പ്പിരിഞ്ഞു ജീവിക്കാനാവില്ല എന്ന് കാരണം പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു അവന്‍.
(നിക്കാഹിനൊരുങ്ങിയപ്പോള്‍ )
നാട്ടിലെത്തിയാല്‍ വടക്ക്ഭാഗത്തേക്ക് നീളുന്ന റോഡുവഴിയുള്ള ഓരോ യാത്രയിലും തന്‍റെ സ്വയസിദ്ധമായ നിറഞ്ഞ ചിരിയോടെ കടക്കകത്തു നിന്നും കൈവീശിക്കാണിക്കാന്‍ ഇടയ്ക്കു നിറുത്തി നാല് നാട്ടുവര്‍ത്തമാനങ്ങളും ചില്ലറ കുശലങ്ങളും പറയാന്‍ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ ചിന്തകളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നു, എത്ര കുടഞ്ഞെറിഞ്ഞിട്ടും വേറിട്ടുപോവാതെ മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ശൂന്യത.
വീണ്ടും കാണാമെന്നായിരുന്നല്ലോ ഒടുവില്‍ കണ്ടപ്പോഴും നീ പറഞ്ഞിരുന്നത് പ്രിയ മിത്രമേ! എത്രമാത്രം ശ്രമിച്ചിട്ടും മനസ്സിന്‍റെ വിങ്ങലുകള്‍ അടക്കാനാവുന്നില്ലടാ, ഉള്ളില്‍ കുറുകുന്ന സങ്കടത്താല്‍ കരള്‍ വിണ്ടുകീറുന്ന വേദന പറഞ്ഞറിയിക്കനാവുന്നതല്ല, നിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍നിന്നും മാഞ്ഞു പോവുന്നില്ല ,ഈ ജന്മം മുഴുവന്‍ ഓര്‍ത്തു നൊമ്പരപ്പെടുതാനായി ഒരു വാക്ക് പറയാതെ നീ പോയല്ലോ സുഹൃത്തേ , നിന്റെ നീറുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഊറി വരുന്ന കണ്ണുനീര്‍തുള്ളികളോടെ നിന്റെ കൂടെ ജീവിച്ചു കൊതിതീരാത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി നിന്റെ ഒരാത്മ മിത്രം.

(സുനേന കലാവേദിയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ സ്മരണികയില്‍ എഴുതിയ കുറിപ്പ്)

"ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!"

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട , നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്, ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്, മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്‍റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്, റംസാന്‍ സ്പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്, ഗള്‍ഫ്‌ നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ്‌ ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു, പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ്‌ കളിച്ചു ട്രോളിയും തള്ളി ഒച്ചിന്‍റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു

.
കോലത്തിന് ചുട്ടികുത്തിയപോലെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് റോസ് പൌഡര്‍ ചെത്തിതേച്ചുപിടിപ്പിച്ച് മിഡിയും ടോപ്പും ധരിച്ചു നടക്കുന്ന വായില്‍ പല്ലുപോലുമില്ലാത്തചില മുതുക്കികളെ കാണുമ്പോള്‍ ഈ മേക്കപ്പിനൊക്കെ അതിന്‍റെതായൊരു ഒരു പരിധിയില്ലേയെന്ന ലാലേട്ടന്‍റെ കമ്മന്‍റെ ഓര്‍മ്മവരാറുണ്ട്, മൊബൈലില്‍ ശൃംഗരിച്ചുകൊണ്ട് പരിസരബോധം തീരെയില്ലാതെ പേരിനൊരു കാലി ട്രോളിയും തള്ളി നടക്കുന്ന റോമിയാമാരും ജൂലിയറ്റുകളും വേറെ, ഇതെല്ലാം സഹിക്കാം എന്നാല്‍ ഈ തിരക്കുകളെല്ലാം നമ്മക്ക് പുല്ലാണെന്ന ഭാവത്തോടെ ഷൂവിന്നടിയില്‍ ഫിറ്റ് ചെയ്ത വീലും വെച്ച് ഈ തിക്കുതിരക്കുകള്‍ക്കിടയിലൂടെ സ്കേറ്റിംഗ്‌ നടത്തുന്ന ചില കുരുത്തംകെട്ട പിള്ളേരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ടെങ്കിലും ഈ രാജ്യത്ത് അത് ചെയ്താലുള്ള വല്യ വല്യ ശിക്ഷകളെകുറിച്ചോര്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപൊകാറുമുണ്ട്, എന്നാലും അത്തരം ഷൂ കണ്ടുപിടിച്ചവനെ തിരഞ്ഞുപിടിച്ച് വെടിവെച്ച്കൊല്ലണമെന്ന തോന്നല്‍ ഇപ്പോഴും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.
കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി, ഇനി ആ കാട്ടീന്നു തിരിച്ചിറങ്ങി സംഭവത്തിലേക്ക് തന്നെ വരാം, സംഗതി എന്താണെന്നുവെച്ചാല്‍ ഖത്തര്‍ സ്വദേശിയായ ഒരു ബദു അറബിക്ക് അത്യാവശ്യമായി ഒരു സാധനം കിട്ടണം, അയാള്‍ ഉഴിച്ചിലിനും പിഴിച്ചിലിനുമായി ഒരുമാസം മുമ്പ് നമ്മുടെ നാട്ടില്‍ പോയിരുന്നത്രേ അവിടെ ഒരു ഹോട്ടലില്‍ നിന്ന് കഴിച്ച ഒരു വിഭവം അയാള്‍ക്കും കുടുംബത്തിനും നന്നായങ്ങു പിടിച്ചു, സാധനം കുറച്ചു തിരിച്ചുപോരുമ്പോള്‍ കൊണ്ട് വന്നിരുന്നതും ഇപ്പോള്‍ തിന്നുതീര്‍ന്നിരിക്കുന്നു, അയാള്‍ക്ക്‌ അത് ഇനിയും വെട്ടിവിഴുങ്ങാന്‍ അടങ്ങാത്ത ആക്രാന്തം, അത് ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞു വന്നതാണ് അറബി ബദുമാഷ്, സാധനത്തിന്‍റെ പേര് ഖൊള്ളീങ്ങ്, പേരിനൊപ്പം അതിന്‍റെ ഷേപ്പ് നിറം എന്നിവയൊക്കെ കാണിക്കുകയും പറയുകയും ചെയ്ത അയാള്‍ക്ക്‌ അതിന്‍റെ അറബി നാമം അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, പക്ഷെ ഞങ്ങള്‍ കുറേപേര്‍ തലയുംകുത്തിനിന്ന് ആലോചിച്ചിട്ടും നമ്മുടെ നാട്ടില്‍ നിന്നും അങ്ങിനെ പേരുള്ള ഒരു സാധനം കണ്ടുപിടിക്കാനായില്ലവെജിറ്റബിള്‍ സെക്ഷനിലുള്ള മുഴുവന്‍ ഐറ്റംസും അയാള്‍ക്ക്‌ കാണിച്ചുകൊടുത്തു പക്ഷെ
*മൂഹാദാ, മൂഹാദാ എന്ന പല്ലവി ആവര്‍ത്തിച്ചതല്ലാതെ മറ്റു ഫലമൊന്നുമുണ്ടായില്ലഅങ്ങിനെ അതെന്തു സാധനമെന്ന് ഞങ്ങള്‍ വീണ്ടും ചിന്താമഗ്നരായി ഇരിക്കുന്നതിന്നിടയിലാണ്  പണ്ടൊരുത്തന്‍ ഒരു കണ്ടുപിടുത്തം നടത്തിയതിന്‍റെ ആര്‍മാദത്തില്‍ യുറേക്കാ എന്നു കാറിവിളിച്ചതിന്‍റെ പത്തിരട്ടി ഉച്ചത്തില്‍ "ഫൂല മജ്ജീനി, ഫൂല മജ്ജീനി" എന്ന് അലറിക്കൊണ്ട് അയാള്‍ വീണ്ടും കൌണ്ടറിലേക്ക്പാഞ്ഞുവന്നത്, മൂപ്പര്‍ക്ക് ആ സാധനത്തിന്റെ മറ്റൊരു പേരുകൂടി ഓര്‍മ്മവന്നതായിരുന്നു സംഭവം. ഫൂല മജ്ജീനി എന്ന ഖൊള്ളീങ്ങ് പടച്ചോനേ ഈ പത്തുനാല്‍പ്പത്തഞ്ചു കൊല്ലക്കാലത്തിന്നിടയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അന്തം കിട്ടാത്ത പേര്, ഇതെന്തു സാധനം! ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ ശെരിക്കും നട്ടംതിരിഞ്ഞുപോയി ,അയാള്‍ക്ക്‌ അതിന്‍റെ അറബി നാമവും അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, ഇനി നമ്മള് നാട്ടില്‍നിന്ന്പോന്നതിന്നു ശേഷം ഈ പേരില്‍ പുതിയ വല്ല സാധനവും അവിടെ പൊട്ടിമുളച്ചോ ! അതല്ല കണ്ട്പിടിച്ചോ എന്ന് വരെ സംശയിച്ചു പോയി.
ഞങ്ങള്‍ പിന്നെയും വളരെ കൂലങ്കുഷിതമായി തന്നെ വിഷയത്തെക്കുറിച്ച് ചിന്തിച്ചു, ചര്‍ച്ചചെയ്തു, ഫൂല്‍ എന്നാല്‍ ഹിന്ദിയില്‍ പൂവ്വല്ലേ! ഇനി അങ്ങിനെവല്ലതും! അതല്ല ഒതളങ്ങയോ, കൊട്ടതേങ്ങയോ മറ്റോ! മാമുക്കോയയെന്ന പൊതുവാള്‍ജീ ഇന്നസെന്‍റെന്ന യശ്വന്ത്‌സഹായ്ജീയുടെ നാരിയല്‍ക്കാ പാനിക്ക് മഹത്തായ അര്‍ഥങ്ങള്‍ കണ്ടെത്തിയപോലെ പലരില്‍ നിന്നും പല കണ്ടെത്തലുകളും ഉരുത്തിരിഞ്ഞുവന്നു, ഗള്‍ഫ്‌ നാട്ടിലെത്തിയ ശേഷം ഉണ്ണുക ഉറങ്ങുക യന്ത്രംപോലെ പണിയുക എന്നതിലുപരി ഒരുവിധത്തിലുമുള്ള ആക്റ്റിവിറ്റിസും ഇല്ലാതിരുന്ന പലരുടെയും ഉപയോഗിക്കാതെ തലക്കുള്ളില്‍ കിടന്ന് തുരുമ്പ്എടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും വര്‍ക്ക്‌ ചെയ്യിക്കാന്‍ ആ ബദുമാഷ്‌ കാരണമായതില്‍ എനിക്കൊരല്‍പ്പം സന്തോഷം തോന്നി, അതിന്നിടയില്‍ അറബികളില്‍ ഭൂരിഭാഗവും ചെയ്യുന്നപോലെ മുഴുവന്‍ ഇന്ത്യക്കാരെയും കഴുതകളെന്നും മണ്ടന്മാരെന്നുമൊക്കെ തന്‍റെ ഭാഷയില്‍ വിളിച്ചുപറഞ്ഞ് സാധനം കിട്ടാത്ത ദേഷ്യം തീര്‍ത്തു അയാള്‍ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി .
മനുഷ്യനെ ചുറ്റിക്കുന്ന ഇത്തരം ഓരോരോ സാധനങ്ങളെക്കുറിച്ച് ഞങ്ങളുടെ ചര്‍ച്ച പിന്നെയും ചൂട് പിടിച്ചുനടക്കവേ പോയ അറബിഭൂതം പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി കയ്യിലിരുന്ന ഒരു കവര്‍ കൌണ്ടറിനു മേലേക്കിട്ടു *ഷൂഫ് ഹാദാ! എന്ന് ഗര്‍ജിച്ചു, വീട്ടിലേക്കു മടങ്ങിപ്പോയി അത് എടുത്തുകൊണ്ടുവന്നതിന്‍റെ മുഴുവന്‍ രോഷവും അയാളുടെ ആ ശബ്ദത്തില്‍ പ്രകടമായിരുന്നു..
ഞങ്ങള്‍ വളരെ ഉത്കണ്ഠയോടെയാണ് കവര്‍ തുറന്നത്, സാധനം കണ്ടതും ശെരിക്കും ഞെട്ടിപ്പോയി, ആ കാലമാടന്‍റെ അച്ചരചുദ്ധിയില്‍ ലോപിച്ചും എകോപിച്ചും നമ്മുടെ സുന്ദരമായ മലയാള അക്ഷരങ്ങള്‍ ആവിയായിപ്പോയതിന്‍റെ ഫലമായി ഖൊള്ളീങ്ങ് എന്ന ഫൂല മജ്ജീനി ആയി മാറിയത് നമ്മുടെ പാവം കൊള്ളിക്കിഴങ്ങ് അഥവാ പൂളകിഴങ്ങെന്ന മരച്ചീനിയായിരുന്നു. 
_________________________________________________________
1*മൂഹാദാ : ഇതല്ല.
2*ഷൂഫ് ഹാദാ ഇത് നോക്ക് .

അതിന്നിടെ ഇത് മനോരമയിലും പ്രസിദ്ധീകരിച്ചു.

എന്റെ സുഹൃത്തുക്കള്‍