Network Followers

Share this Post

മനസ്സേ ശാന്തമാകൂ.

ഒരു യാത്രാമൊഴി പോലും പറയാതെ, അവസാനമായൊരു നോക്ക് കാണാന്‍ പോലും ഇട നല്‍കാതെ ഇക്കഴിഞ്ഞ മെയ്‌ രണ്ടാം തീയ്യതി അപ്രതിക്ഷിതമായി വേര്‍പിരിഞ്ഞു പോയിരിക്കുന്നു ഞങ്ങളുടെ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ , രായമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി അലീമു ദമ്പതികളുടെ ഇളയമകനായിരുന്ന അഷ്‌റഫ്‌ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ .
ദാരുണമായ ആ ദുഃഖസത്യം ഉള്ളത്തിലേക്ക് തീതുള്ളികളായി അടര്‍ന്നുവീണ് എരിയാന്‍ തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി, അതിനുശേഷം മനസ്സ് വല്ലാതെ കലുഷിതമാണ്, ശെരിയായൊന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം, കണ്ണടക്കുമ്പോള്‍ കൂടുതല്‍ മിഴിവോടെ ആ മുഖം മനസ്സില്‍ തെളിയുന്നു, ഹൃദയത്തിന് മീതെ ചുട്ടു പഴുത്ത ലോഹച്ചരടുകള്‍ മുറുകുന്നപോലെ ഒരനുഭവം, കരള്‍ വെന്തുരുകി ഊറിയെത്തുന്ന ഒരിറ്റു കണ്‍കോണില്‍ കിനിഞ്ഞിറങ്ങുന്നത് ആത്മാവിലറിയാം, എത്ര അമര്‍ത്തിവെച്ചിട്ടും കുതിച്ചുപൊങ്ങുന്ന സങ്കടത്തിന്റെ ഒരു കടല്‍ ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു.
ഉള്ളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്ന വേദനകള്‍ ആരോടെങ്കിലും പറയുമ്പോള്‍ ചെറിയൊരാശ്വാസം പലപ്പോഴും ലഭിക്കാറുണ്ട്, അതുകൊണ്ട് മാത്രമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതാന്‍ തയ്യാറായത് , ഇതെഴുതാന്‍ തുടങ്ങിയ നിമിഷം ആ പ്രിയപ്പെട്ടവന്റെ രൂപം വീണ്ടും നിറവോടെ മനസ്സിലെത്തിയിരിക്കുന്നതും, തൊണ്ടക്കുഴിയിലേക്ക് ഒരു കരച്ചില്‍ പൂര്‍വ്വാധികം ശക്തിയോടെ കുറുകിയെത്തുന്നതും അത് കണ്ണുകളെ പുകക്കുന്നതും ഞാനറിയുന്നു, ജീവിത ചക്രത്തില്‍ മരണമെന്ന പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല, എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമായ ഒരു ദുരന്തമായിരുന്നു; ഒട്ടും നിനക്കാതെ എത്തിയ നിയോഗം, ഒരു ബൈക്ക്‌ ആക്സിഡന്റിന്‍റെ രൂപത്തില്‍ വിധി ആ സുഹൃത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി, ഒരു നിമിഷ മാത്രയിലെ അശ്രദ്ധയുടെ ഫലമായി തകര്‍ന്നുടഞ്ഞുപോയൊരു ജന്മം, ആ ജീവനെ ആശ്രയിച്ചു ജീവിച്ച പല ജന്മങ്ങളാണ് നിരാലംബരായിപ്പോയത്, വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന പാവം ആശ്രയമറ്റവരുടെ കരളുരുകുന്ന വേദന! നിനക്ക് ഞാനില്ലേ എന്ന് പിതാവിന് മകളെയും; ഞങ്ങളില്ലേ എന്ന് സഹോദരന്മാര്‍ക്കു സഹോദരിയേയും ആശ്വസിപ്പിക്കാനാവും, ആശ്വസിപ്പിക്കലിന്റെ ഏറ്റവും ഭംഗിയുള്ള വാക്കുകളാണത്, പക്ഷേ ഇത്രയും കാലം ഇണയും തുണയുമായി കൂടെയുണ്ടായിരുന്ന ജീവന്റെജീവനായ ഒരാള്‍ പെട്ടൊന്നൊരു ദിനം യാത്രാമൊഴിപോലും പറയാതെ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ പൊടിഞ്ഞുപോകുന്ന ആ മനസ്സിന് ആശ്വാസമേകാന്‍ നനഞ്ഞുവിറയ്ക്കുന്ന മനസ്സിനെ പൊതിഞ്ഞു പിടിക്കാനും ചൂടുപിടിച്ചു തിരിച്ചുകൊണ്ടുവരാനുമുള്ള ആ ഒരാളാവാന്‍ അവര്‍ക്കാര്‍ക്കുമാവില്ലല്ലോ! ബാല്യകാലത്ത് പിതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഉമ്മയോടുള്ള സ്നേഹബന്ധത്തിനു തീവ്രത വളരെ കൂടുതലായിരുന്നു അഷറഫിന്, ഉമ്മയുടെ ഏകാന്തതക്കൊരു വിരാമമിടാനായാണ് അവന്‍ നേരത്തെ തന്നെ വിവാഹിതനായത്, ഞങ്ങളുടെ അടുത്ത പ്രദേശമായ മന്ദലംകുന്നില്‍ നിന്നുള്ള ഷാജിതയെയാണ് അഷറഫ് ഇണയായി തിരഞ്ഞെടുത്തത് , ഇരുപത്തൊന്നു വര്‍ഷം നീണ്ട ആ ദാമ്പത്യബന്ധത്തില്‍ മൂന്നു ആണ്‍കുട്ടികളാണ് അവര്‍ക്ക്, മൂന്നുപേരും പഠനം തുടര്‍ന്ന് വരുന്നു.
അഷറഫിന്റെ ബൈക്കും എതിര്‍ ദിശയില്‍ നിന്നും വന്നൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു ആ അപകടം, ഇടിയുടെ ആഘാതത്തില്‍ തെറിച്ച് തല കല്ലിലടിച്ചു വീണ നിമിഷം തന്നെ അഷറഫിന് ബോധം നഷ്ട്ടപ്പെട്ടിരുന്നു, തുടര്‍ന്ന് വിധിനിര്‍ണ്ണായകമായ നാലഞ്ചു ദിവസം ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നേര്‍ത്ത്‌ നേര്‍ത്ത് പോയിക്കൊണ്ടിരിക്കുന്ന ആ പ്രാണന്റെ നിലനില്പ്പിന്നായി നിറഞ്ഞ മിഴികളോടെ വിതുമ്പുന്ന ഹൃദയത്തോടെ നിശ്ശബ്ദതമായി പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമത്തിന്റെ മുഴവന്‍ ജനങ്ങളേയും നിരാശയിലാഴ്ത്തി അവരുടെ നെഞ്ചില്‍ ദീന വിലാപങ്ങളും വിഹ്വലതകളുടെ ഒരു നെരിപ്പോടും ബാക്കിവെച്ചുകൊണ്ട് ഉടയോന്‍ ആ ജീവന്‍ തിരിച്ചെടുത്തു , ഇഷ്ട ജനത്തിനെ തന്‍റെ തന്‍റെ അരികിലേക്ക് വേഗത്തില്‍ അവന്‍ തിരിച്ചു വിളിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്നായിരുന്നു ആ മരണം.
മാതാപിതാക്കള്‍ ഉള്‍പ്പെടെ വേണ്ടപ്പെട്ട പലരുടെയും മരണങ്ങള്‍ എന്‍റെ മനസ്സിനെ പലപ്പോഴും ഉലച്ചിട്ടുണ്ടെങ്കിലും ഇത്രയും ദിവസത്തിന് ശേഷവും ഒട്ടും കുറവുവരാതെ ഒരു വീര്‍പ്പുമുട്ടിക്കുന്ന ഖേദമായി മനസ്സിനെ നീറ്റുന്ന ഒരു ദുഃഖം എനിക്ക് ആദ്യാനുഭവമാണ്, ആ പ്രിയ കൂട്ടുകാരനോടുണ്ടായിരുന്ന ആന്തരികമായൊരു അടുപ്പത്തിന്റെ; ഇഴപിരിച്ചെടുക്കാനാവാത്ത ആത്മാര്‍ത്ഥ ബന്ധത്തിന്‍റെ അളന്നുകുറിക്കാനാവാത്ത ആഴം കൊണ്ടായിക്കാം, സ്നേഹമുള്ളവര്‍ തമ്മില്‍ ഒരു മാഗ്നറ്റിക്‌ ഫീല്‍ഡ്‌ ഉണ്ടാകാറുണ്ടല്ലോ! സ്നേഹത്തിന്റെതായൊരു കാന്തിക വലയം ചിലപ്പോള്‍ അതുകൊണ്ടാവാം,ഇക്കാര്യം ഞാനെന്റെ ചില ആത്മസുഹൃതുക്കളോട് സൂചിപ്പിച്ചപ്പോള്‍ അവരുടെ അനുഭവവും വിഭിന്നമല്ല എന്നറിയാന്‍ കഴിഞ്ഞു , ആ പ്രിയ സുഹൃത്ത്‌ എന്നെന്നേക്കുമായി ഞങ്ങള്‍ക്കിടയില്‍ നിന്നും; ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത വല്ലാത്തൊരു അവസ്ഥാവിശേഷം, അതെങ്ങിനെ പറഞ്ഞറിയിക്കണമെന്നു എനിക്കറിയില്ല , എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല, എവിടെ നോക്കിയാലും അവന്‍റെ രൂപഭാവങ്ങളാണ്, കേവലം ഒരു സുഹൃത്ത്‌ മാത്രമായ എനിക്ക് ആ വേര്‍പാടില്‍ ഇത്രമാത്രം വേദന തോന്നുന്നെങ്കില്‍ ഇത്ര നാളും ആ സംരക്ഷണത്തിന്റെ തണലില്‍ കഴിഞ്ഞ പ്രിയപ്പെട്ടവരുടെ കാര്യം ആലോചിക്കാനേ വയ്യ.
(ജേഷ്ഠ സഹോദരന്‍ കുഞ്ഞുമുഹമ്മദിന്റെ കൂടെ)
ഓര്‍മ്മവെച്ചനാള്‍ മുതല്‍ കണ്ടുതുടങ്ങിയതാണ് അയല്‍വാസിയും കളിക്കൂട്ടുകാരനുമായ അഷറഫിനെ, മിതഭാഷിയും സഹൃദയനും ആയതിലുപരി സൌഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നവനുമായിരുന്നു ഞങ്ങളുടെ ഈ നല്ല സുഹൃത്ത്‌, കൌമാര; യൌവ്വന കാലഘട്ടങ്ങളില്‍ സമപ്രായക്കര്‍ക്കിടയില്‍ ഒരു മാതൃകാ പുരുഷനായിരുന്ന അവന്‍റെ നൈര്‍മല്യമെറിയ, പക്വതയുള്ള സ്വഭാവ വിശേഷങ്ങള്‍ കണ്ടു പഠിക്കാനും പിന്തുടരാനും പലരില്‍ നിന്നും ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ ലഭിച്ചിരുന്നു അന്ന്.
ഉത്സവങ്ങള്‍ പെരുന്നാളുകള്‍ കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമൂട്ടില്‍ കൊല് വീഴുന്നിടത്തെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലമായ യൗവ്വനകാലം , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യം, ആ രാത്രിസഞ്ചാരങ്ങള്‍ക്കിടയില്‍ കലഹപ്രിയരായ ചില ചങ്ങാതിമാര്‍ ഒപ്പിച്ചുവെക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും മദ്ധ്യസ്ഥത വഹിക്കാനും അഷ്‌റഫ്‌ തന്നെവേണമായിരുന്നു മുന്‍കയ്യെടുക്കാന്‍.
തൊഴിയൂര്‍ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ഒരു സംഘടനയായ സുനേന കലാകായിക വേദിയുടെ 1991,92 വര്‍ഷങ്ങളിലെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന അഷ്‌റഫ്‌ ആ രംഗങ്ങളിലും തന്‍റേതായ കഴിവുകള്‍ തെളിയിച്ചതാണ്.
നാട്ടുകാര്‍ക്കിടയില്‍ ക്ലീന്‍ ഇമേജ് ആയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ അഷ്‌റഫ്‌ ഉണ്ടെന്നറിഞ്ഞാല്‍ വീട്ടുകാര്‍ക്കെല്ലാം വളരെ സമാധാനമാണ്, ആയതിനാല്‍ ഞങ്ങളുടെ എന്ത് പരിപാടികള്‍ക്കും ഏതുതരം യാത്രകള്‍ക്കും അഷറഫിനെ കൂടെ കൂട്ടുകയെന്നത് അത്യന്താപേക്ഷിതമായിരുന്നു, വരും വരായ്കകളെകുറിച്ച് ഒട്ടും ആലോചനയില്ലാതെ വഴിയെ പോകുന്ന എല്ലാ വയ്യാവേലികള്‍ക്കും പുറകെ കൂടിയിരുന്ന ഞങ്ങള്‍ക്കിടയില്‍ അല്‍പ്പം വിവേകവും കാര്യബോധവുമുള്ളഒരാള്‍ അത്യാവശ്യമായിരുന്നു എന്നതാണ് സത്യം, അങ്ങിനെ കാലത്തിന്‍റെ കൂലം കുത്തിയുള്ള ഒഴുക്കിന്നിടയില്‍ കുതൂഹലങ്ങളും രസകരവുമായ ഒരുപാടു കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ; പിണക്കങ്ങളിലൂടെ ഇണക്കങ്ങളിലൂടെ സ്നേഹോഷ്മളമായ പരസ്പര വിശ്വാസങ്ങളിലൂടെ; ധാരണകളിലൂടെ ദൃഡമായിപ്പോയതായിരുന്നു ഞങ്ങളുടെ സൌഹൃദം, പിന്നെ ജീവിത പാന്ഥാവിലെ അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഞങ്ങളെയും പല പല കരകളില്‍ കൊണ്ടെത്തിച്ചുവെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം ഒരു ഫോണ്‍ കോളിലൂടെയെങ്കിലും പുതുക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ കൂടുതല്‍ പേരും ജീവിത മാര്‍ഗങ്ങള്‍ തേടിയത് പ്രവാസത്തിലൂടെയാണെങ്കിലും അഷ്‌റഫ്‌ ആ കാര്യത്തിലും തന്‍റെ വ്യത്യസ്ഥത നിലനിറുത്തി, നാട്ടില്‍ ഒരു സുഹൃത്തിനോടൊപ്പം ചേര്‍ന്ന് ഒരു സ്പെയര്‍പാര്‍ട്ട്സ് കട ആരംഭിക്കുകയായിരുന്നു അഷറഫ്, അതിലൂടെ വീട് പുതുക്കിപ്പണിയാനും അല്ലലില്ലാതെ കഴിഞ്ഞു കൂടാനും കഴിഞ്ഞിരുന്നതിനാല്‍ ഉള്ളത് കൊണ്ട് സംതൃപ്തമായ ജീവിതമായിരുന്നു അവന്റേത്, ഒരിക്കല്‍ നല്ലൊരു ഗള്‍ഫ്‌ ജോലിക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തനിക്ക് കുടുംബത്തെ വേര്‍പ്പിരിഞ്ഞു ജീവിക്കാനാവില്ല എന്ന് കാരണം പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു അവന്‍.
(നിക്കാഹിനൊരുങ്ങിയപ്പോള്‍ )
നാട്ടിലെത്തിയാല്‍ വടക്ക്ഭാഗത്തേക്ക് നീളുന്ന റോഡുവഴിയുള്ള ഓരോ യാത്രയിലും തന്‍റെ സ്വയസിദ്ധമായ നിറഞ്ഞ ചിരിയോടെ കടക്കകത്തു നിന്നും കൈവീശിക്കാണിക്കാന്‍ ഇടയ്ക്കു നിറുത്തി നാല് നാട്ടുവര്‍ത്തമാനങ്ങളും ചില്ലറ കുശലങ്ങളും പറയാന്‍ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ ചിന്തകളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നു, എത്ര കുടഞ്ഞെറിഞ്ഞിട്ടും വേറിട്ടുപോവാതെ മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ശൂന്യത.
വീണ്ടും കാണാമെന്നായിരുന്നല്ലോ ഒടുവില്‍ കണ്ടപ്പോഴും നീ പറഞ്ഞിരുന്നത് പ്രിയ മിത്രമേ! എത്രമാത്രം ശ്രമിച്ചിട്ടും മനസ്സിന്‍റെ വിങ്ങലുകള്‍ അടക്കാനാവുന്നില്ലടാ, ഉള്ളില്‍ കുറുകുന്ന സങ്കടത്താല്‍ കരള്‍ വിണ്ടുകീറുന്ന വേദന പറഞ്ഞറിയിക്കനാവുന്നതല്ല, നിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്മുന്നില്‍നിന്നും മാഞ്ഞു പോവുന്നില്ല ,ഈ ജന്മം മുഴുവന്‍ ഓര്‍ത്തു നൊമ്പരപ്പെടുതാനായി ഒരു വാക്ക് പറയാതെ നീ പോയല്ലോ സുഹൃത്തേ , നിന്റെ നീറുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഊറി വരുന്ന കണ്ണുനീര്‍തുള്ളികളോടെ നിന്റെ കൂടെ ജീവിച്ചു കൊതിതീരാത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി നിന്റെ ഒരാത്മ മിത്രം.

(സുനേന കലാവേദിയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ സ്മരണികയില്‍ എഴുതിയ കുറിപ്പ്)

6 comments:

  1. നല്ല സുഹൃത്തിനു ആദരാഞ്ജലികൾ...

    ReplyDelete
  2. ആ വേദന മനസ്സില്‍ നിന്നും മായുമെന്നു തോന്നുന്നില്ലടാ !

    ReplyDelete
  3. കാലത്തിനു മുറിവുകള്‍ ഉണക്കാനാവുമെന്നു കരുതുന്നു.
    എല്ലാവര്‍കും നന്ദി

    ReplyDelete
  4. ikka ee ramzan masathil allahu namude prarthanakk theerchayayum utharam tharum

    oppam koode undayirunna orupad snehichirunna priya suhrthinde nashttam innum enik nobaraman
    allahu ente prarthana mathram kelkkunilla enn parayubol avan karajjirunnu

    innum ente prarthanakalil avanund koottathil mattu palarum

    allahu therchayayum rakshikkum nammudeyokke prarthanayille

    raihan7.blogspot.com

    ReplyDelete
  5. ഹൃദയത്തില്‍ നിന്നുള്ള കുറെ വരികള്‍..
    കാലം എല്ലാം മായ്ക്കും എന്ന് പറയുന്നത് വെറുതെ...കാലത്തിനു മായ്ക്കാനും മറയ്ക്കാനും പറ്റാത്തത് പലതുമുണ്ടാവും..

    ReplyDelete
  6. വര്ഷം ഒന്ന് പിന്നിട്ടെങ്കിലും അവനിപ്പോഴും മനസ്സില്‍ വേരൂന്നി നില്‍ക്കുന്നു വില്ലേജ്‌മാന്‍ ..

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍