Network Followers

Share this Post

Email Subscription

ഉടയോന്റെ കനിവിന്നായ്‌ , കണ്ണീരോടെ.

എന്റെ സ്വന്തം അനുജനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന  പ്രിയപ്പെട്ട കൂട്ടുകാരനാണ് റംഷാദ്, കണ്ടാല്‍ ആരും ഒന്നുകൂടി നോക്കിപ്പോവുന്ന വ്യക്തിത്വമുള്ള കോഴിക്കോട്ടു ജില്ലക്കാരനായ ഈ യുവാവ് ഇന്നത്തെ തലമുറയിലെ ഏതൊരു യുവത്വത്തെയും പോലെ ആവശ്യത്തിന് വിദ്യാഭാസവും സാഹചര്യങ്ങളെ ആശ്രയിച്ചു ജീവിക്കാനുള്ള വിവേകവും, പിന്നെ പ്രായത്തിനൊത്ത പക്വതയും , ലോക പരിജ്ഞാനവുമെല്ലാം ഉള്ളവന്‍ തന്നെ, പക്ഷെ ഒരേ ഒരു കുറവ് മാത്രം! കേള്‍ക്കാനും സംസാരിക്കാനുമുള്ള  ആ ഒരു കഴിവ് മാത്രം  സൃഷ്ടികര്‍ത്താവ്‌  അവനു നല്‍കിയിരുന്നില്ല, എങ്കിലും ആ ഒരു കുറവ് തനിക്കൊരു പോരായ്മയായി കണക്കാക്കാതെ  കഠിന പ്രയത്നത്തിലൂടെ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കയരിപ്പറ്റുന്ന കാര്യത്തില്‍ എല്ലാം തികഞ്ഞവരേക്കാള്‍  വളരെ മുന്നിലായിരുന്നു റംഷാദ്.

അവന്റെ ഉപ്പയും മാമന്മാരും മറ്റു ചില ബന്ധുക്കളും ഞങ്ങളുടെ കമ്പനി സ്പോണ്സറുടെ കീഴില്‍ ജോലിക്കാരായിരുന്നതിനാല്‍  നാട്ടിലെ പഠനത്തിന്‌ ശേഷം  അവനും സാന്ദര്‍ഭികമായി ഖത്തറില്‍ തന്നെ എത്തിപ്പെടുകയായിരുന്നു,  2006 മുതല്‍ മൂന്നുവര്‍ഷക്കാലം എന്റെ കൂടെ ഒരേ സെക്ഷനില്‍ ജോലിക്കുണ്ടായിരുന്നു റംഷാദ്, വളരെ സരസനും നര്‍മ്മബോധമുള്ളവനുമായിരുന്നു, ഓഫീസില്‍ അവന്റെ ചില വികൃതികളും വിക്രിയകളും സമയം കളയാനുള്ള ഒരു ഉപാധിയായി പലരും കരുതിയിരുന്നു , മറ്റുള്ളവരെ ആംഗ്യ ഭാഷയിലൂടെ അനുകരിക്കുന്നതില്‍ ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്ന അവനും സമപ്രായക്കാരും കൂടി ചേര്‍ന്നാലുണ്ടാവാറുള്ള പല കുസൃതിത്തരങ്ങളും ഞങ്ങള്‍ ചില തലമുതിര്‍ന്നവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു പതിവ്‌, ചെറു ചെറു  ശരീര ചലനങ്ങളിലൂടെ ഒരു പാട് കാര്യങ്ങള്‍ പറയാനുള്ള ഒരു പ്രത്യേക സിദ്ധി മറ്റു മൂകബധിരരായവരേക്കാള്‍ അവനില്‍ കാണാറുണ്ട്, കാര്യങ്ങള്‍ പരസ്പരം പറയാനും മനസ്സിലാക്കാനും സംസാരമോ കേള്‍വിയോ ഭാഷയോ അത്യന്താപേക്ഷിതമായ ഒന്നല്ലെന്ന പാഠം ശെരിക്കും ഉള്‍കൊള്ളാനായത് റംഷാദുമായുള്ള സഹവാസത്തിനു ശേഷമാണ് , ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ സൈറ്റുകളില്‍ സജീവ സാന്നിദ്ധ്യമാണ് റംഷാദ്                                                  
                                              (റംഷാദ് സുഹൃത്തുക്കളോടൊപ്പം)
ഖത്തറില്‍ എത്തി കുറഞ്ഞ നാളുകള്‍ കൊണ്ടുതന്നെ ദേശഭാഷാന്തരമില്ലാത്ത ഒരു വലിയ സൌഹ്യദവലയം റംഷാദ് നെയ്തെടുത്തിരുന്നു, കയ്യെത്തി പ്പിടിക്കാനാവാത്ത ഉയരത്തിലാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്ന പല വമ്പന്‍മാരും അവന്‍റെ തോളില്‍ കയ്യിട്ടു നടക്കുന്നത് കണ്ടു അത്ഭുതം തോന്നിയിട്ടുണ്ട് പലപ്പോഴും, ആ സുഹൃത്ത്‌ ബന്ധങ്ങളുടെ സ്വാധീനത്താലാണ് എല്ലാം തികഞ്ഞവര്‍ക്ക് തന്നെ കീറാമുട്ടിയായ ഖത്തര്‍ ഡ്രൈവിംഗ് ലൈസെന്‍സ്  വളരെ ലാഘവത്തോടെ അവന്‍ കൈവശപ്പെടുത്തിയതും  ഖത്തര്‍ ഹെല്‍ത്ത് ഡിപ്പാര്‍റ്റ്മെന്റിന്റെ കീഴില്‍  മെച്ചപ്പെട്ട ഒരു ജോലി തേടിപിടിച്ചതും, രണ്ടു വര്‍ഷം മുമ്പ്   അവന്‍ പുതിയ ജോലിയിലേക്ക് മാറിപ്പോയെങ്കിലും ഞങ്ങളുമായുള്ള സൌഹൃദം പുതുക്കാന്‍ എല്ലാ വാരാന്ത്യത്തിലും ഇവിടെ ഓടിയെത്താറുണ്ട്, താനൊരു ബധിരനും മൂകനുമാണെന്ന് സ്വയം വിശേഷിപ്പിക്കാന്‍ റംഷാദിനു യാതൊരു മടിയും കണ്ടിരുന്നില്ല ,മാത്രവുമല്ല അത്തരക്കാര്‍ക്കായി ഖത്തര്‍ ഭരണകൂടം നല്‍കിവരുന്ന ഒരു പാട് ആനുകൂല്യങ്ങളും സേവനങ്ങളും നേടിയെടുക്കാനും അതിനു അര്‍ഹതപ്പെട്ടവര്‍ക്ക് അത് നേടിക്കൊടുക്കുവാനും അവന്‍ സദാ സന്നദ്ധനായിരുന്നു, ശെരിക്കും പറഞ്ഞാല്‍  അവന്‍റെ ഗണത്തില്‍ പെടുന്ന അറബു വംശജര്‍ക്കിടയില്‍ റംഷാദിനു ഒരു സുപ്പര്‍ ഹീറോ പരിവേഷം തന്നെയുണ്ടായിരുന്നു.
അതിന്നിടയില്‍ നാട്ടില്‍ പോയി വര്‍ഷങ്ങളായി തനിക്ക് വധുവായി ഉറപ്പിച്ചിട്ടിരുന്ന കളിക്കൂട്ടുകാരിയും  തന്റെ അമ്മാവന്റെ മകളുമായ ലുബ്നയെ വളരെ ആര്‍ഭാടമായി തന്നെ വിവാഹം കഴിച്ചു , വിവാഹം ക്ഷണിക്കാനായി നൂറു കിലോമീറ്ററോളം ദൂരമുള്ള എന്റെ വീട്ടില്‍ നേരിട്ട് പോയി എന്നത് അവനു എന്നോടുള്ള ഇഷ്ടത്തിന്റെ ഒരു പ്രതിഫലനമായാണ് ഞാന്‍ കാണുന്നത്,  റംഷാദിന് തികച്ചും അനുയോജ്യമായ ഒരു ഇണതന്നെയായിരുന്നു  എല്ലാ മൊഞ്ചും തികഞ്ഞ ആ പെണ്‍കുട്ടി ലുബ്ന, പക്ഷേ  അവനെപ്പോലെ  അവള്‍ക്കും പടച്ചവന്‍ ആ കഴിവുകള്‍  നല്‍കാന്‍ വിട്ടുപോയി , എന്റെ അറിവില്‍ പെട്ടിടത്തോളം അവരുടെ കുടുംബത്തില്‍ ആണും പെണ്ണുമായി പത്തു പേര്‍ ഇവരെ പ്പോലെ ഈ ഒരു ന്യൂനതയുള്ളവരാണ്,  രകതബന്ധത്തില്‍ നിന്നുള്ള വിവാഹങ്ങള്‍ പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്നറിഞ്ഞുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവിയും സുരക്ഷയും കരുതി അവര്‍ കുടുംബാംഗങ്ങള്‍ തന്നെ പരസ്പരം വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു , ഇത് ഉള്‍ക്കൊള്ളാനാവാത്ത ഒരു ആശ്ചര്യമായി എന്നിലുണ്ടെങ്കിലും അവരുടെ ആത്മവിശ്വാസവും പരസ്പര ധാരണകളോടെയുള്ള ജീവിത വീക്ഷണങ്ങളും കാണുമ്പോള്‍ ഒരു കണക്കിന് അതാണ്‌ നല്ലതെന്നും തോന്നിപ്പോവും.
   (ഹയാസ്‌ ,ലുബ്ന ,റംഷാദ് )
വിവാഹശേഷം റംഷാദിന്റെ ഭാര്യ  ലുബ്ന അവനു പകരമെന്നോണം ഞങ്ങളുടെ ഓഫീസില്‍ ജോലിക്കായി എത്തി , രണ്ടുപേരും ഒരേ അച്ചില്‍ വാര്‍ത്തെടുത്തപോലെ എല്ലാ കാര്യത്തിലും സാമ്യതയുള്ളവരായിരുന്നു , കുസൃതിത്തരങ്ങളുടെ കാര്യത്തില്‍ ഒരു പണത്തൂക്കം മുന്നിലായിരുന്നു ലുബ്ന എന്നുതന്നെ പറയാം , കുസൃതികള്‍ക്ക് ഒരു ചെറിയ കടിഞ്ഞാണിടാനെന്നോണം ഞങ്ങള്‍ ചില കാര്‍ന്നോന്‍മാരുടെ കണ്ണെത്തുന്നിടത്തായി ഇരുത്തിയെങ്കിലും ഞങ്ങളുടെ കണ്ണുവെട്ടിച്ച് നടത്തുന്ന പല കൊച്ചു കള്ളത്തരങ്ങളും കണ്ടില്ലെന്നു വെക്കാറാണ് ഞങ്ങള്‍, ഒരല്‍പം പ്രയാസമുള്ള എന്തെങ്കിലും ജോലിയെല്‍പ്പിച്ചാല്‍ ആ മുഖത്ത് മിന്നിമറയുന്ന ശുണ്ടിഭാവം കാണുക രസകരമായിരുന്നു, ഞാന്‍ കാണുന്നില്ല എന്ന വിശ്വാസത്തോടെ ദേഷ്യം തീര്‍ക്കാന്‍  എന്നെ ഗോഷ്ടി കാണിക്കുന്നതും കണ്ടില്ലെന്നു നടിക്കുകതന്നെയായിരുന്നു,  എന്റെ മൂത്ത മകളുടെ സ്ഥാനമാണ് ഞാനവള്‍ക്ക് നല്‍കിയത്, മനസ്സിനെ സ്വാധീനിച്ചുകൊണ്ട് അത്രയ്ക്ക് പ്രിയപ്പെട്ടവളായി മാറി കുറഞ്ഞ നാളുകള്‍ കൊണ്ടവള്‍ എന്നതാണ് സത്യം, 
സല്‍ക്കാരത്തിന് കേളികേട്ട കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരായത് കൊണ്ടാവാം വീട്ടില്‍ നിന്നും വിവിധ തരം പലഹാരങ്ങള്‍ ഉണ്ടാക്കികൊണ്ടുവന്നു ഞങ്ങള്‍ സഹപ്രവര്‍ത്തകരെ കഴിപ്പിക്കുന്നതില്‍ വളരെ താല്പര്യമായിരുന്നു അവള്‍ക്ക്,  കഴിഞ്ഞ നോമ്പ് കാലത്ത് കോഴിക്കോടന്‍ പലഹാരങ്ങളുടെ വ്യത്യസ്ത രുചികള്‍ അങ്ങിനെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു.
ഒരു ദിവസം സുപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഡ്യുട്ടി കഴിഞ്ഞിറങ്ങിയ ഞാന്‍ പാര്‍ക്കിംഗ് എരിയയിലൂടെ നടന്നു നീങ്ങുമ്പോള്‍ തങ്ങളുടെ വണ്ടിക്കുള്ളില്‍ ഇണക്കുരുവികളെപ്പോലെ മുട്ടിയുരുമ്മിയിരുന്ന് ഐസ്ക്രീം കഴിക്കുന്ന റംഷാദിനെയും ലുബ്നയെയും കണ്ടു ,  ആ സ്വര്‍ഗത്തിലെ ഒരു കട്ടുറുമ്പ് ആവണ്ട എന്ന് കരുതി അവരെ കണ്ടില്ലെന്നു നടിച്ചു ഞാന്‍  മുമ്പോട്ടു നീങ്ങവേ എന്നെ ഒച്ച വെച്ച് വിളിക്കാനാവാത്ത ആ പാവങ്ങള്‍ എന്റെ മുന്നിലേക്ക്‌ ഓടിവന്നു വഴിതടഞ്ഞു, കണ്ടിട്ടും മിണ്ടാതെ പോവുകായാണല്ലേ എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചപ്പോള്‍ കളങ്കം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ പ്രിയപ്പെട്ടവരുടെ സ്നേഹവായ്പുകള്‍ക്ക് മുന്നില്‍ വളരെ ചെറുതായിപ്പോയപോലെ തോന്നി എനിക്ക്,   ശെരിക്കും വികാരധീതനായിപ്പോയ ഒരു സന്ദര്‍ഭമായിരുന്നു അത്, സ്വയം പുച്ഛം തോന്നിയ നിമിഷങ്ങളില്‍ ഒന്നുകൂടിയായിരുന്നു എന്നും പറയാം.
പൊതുവേ ദുര്‍ബലയായ ലുബ്ന  അതിന്നിടയില്‍ ഗര്‍ഭിണികൂടി ആയതോടെ നാലഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും  തല്‍ക്കാലം വിശ്രമത്തിനായി വിട്ടുനില്‍ക്കുകയായിരുന്നു  , മൂന്നു മാസം മുമ്പ് പ്രസവത്തിനായി നാട്ടിലേക്ക് പോവുകയും ചെയ്തു , യാത്ര പറയാനായി വന്നപ്പോള്‍ ആ കണ്ണുകളില്‍ നനവ്‌ പടരുന്നത് കാണാമായിരുന്നു, തങ്ങള്‍ക്കുണ്ടാകുന്നകുഞ്ഞിന് ന്യൂനതകളൊന്നും ഇല്ലാതിരിക്കാന്‍ പ്രാര്തിക്കണമെന്നു നിറ കണ്ണുകളോടെ ആ പ്രിയപ്പെട്ട മോള്‍ പറഞ്ഞ നിമിഷം എന്‍റെ കണ്ണുകളില്‍ ഒരു മൂടല്‍ അനുഭവപ്പെട്ടത് അവള്‍ കാണാതിരിക്കാനായി ഞാന്‍ മുഖം തിരിക്കുകയായിരുന്നു.
ലുബ്നാക്ക് പകരമായും പുതിയ ഒരാള്‍ അതെ കുടുംബത്തില്‍ നിന്നുതന്നെ അതേ ജോലിയില്‍  കഴിഞ്ഞ അഞ്ചു മാസമായി ഇവിടെയുണ്ട് , പേര് ഹയാസ്‌  അവരുടെ അതേ ന്യൂനതകള്‍ ഉണ്ടെങ്കിലും ചില ശബ്ദങ്ങള്‍ കേള്‍ക്കാനും ചുണ്ട് അനങ്ങുന്നത് നോക്കി കാര്യം മനസ്സിലാക്കാനുമുള്ള ഒരു കഴിവ് ഹയാസിനുണ്ട് , ഒരു കുഴിക്കൊരു കുന്നുണ്ടെന്നു പറഞ്ഞ പ്രകാരം  ഇവര്‍ക്കുള്ള  ന്യൂനതക്ക് പകരമായി സൃഷ്ടാവ് കനിഞ്ഞു നല്‍കിയ ഒരു കഴിവാണ് ചിത്ര  രചനാ പാഠവം, ഇവര്‍ മൂന്നുപേരുംഅക്കാര്യത്തില്‍ ഓരോപോലെ  നിപുണരാണ്.  
ലുബ്നാക്ക് പ്രസവം അടുത്തതോടെ റംഷാദും കഴിഞ്ഞമാസം നാട്ടിലേക്ക് പോയിരുന്നു, ഹയാസുമായുള്ള വീഡിയോ കോളുകളിലൂടെ അവരുടെ വിശേഷങ്ങള്‍ എല്ലാം അപ്പപ്പോള്‍ അറിഞ്ഞിരുന്നു, അങ്ങിനെ ഈ മാസം രണ്ടാം തീയ്യതി അവരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൂടുതല്‍ പ്രയാസം കൂടാതെ ലുബ്ന ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി , എന്നാല്‍ പ്രസവം കഴിഞ്ഞ രണ്ടാം നാള്‍ അവരുടെ സന്തോഷങ്ങളെ തച്ചുടച്ചുകൊണ്ട് കുഞ്ഞിന്‍റെ ദേഹം മഞ്ഞനിറമാവാനും നന്നായി പനിക്കാനും തുടങ്ങി, ഉടനെതന്നെ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടിപ്പോള്‍ പത്തു  ദിവസം  കഴിഞ്ഞിരിക്കുന്നു, ഡോക്ടര്‍മാര്‍ അവരെ ക്കൊണ്ടാവുന്ന നിലക്കെല്ലാം പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രക്തം മാറ്റിയെന്നും , ഹൃദയമിടിപ്പിന് എന്തോ പ്രശ്നം കാണുന്നതിനാല്‍ അടുത്ത ദിവസം മറ്റൊരു ആശുപത്രിയിലേക്ക്  മാറുകയാണെന്നും റംഷാദിന്റെ ഉപ്പയില്‍ നിന്നും  അറിയാന്‍ കഴിഞ്ഞു,  ആ കുടുംബം മുഴുവന്‍ ഇപ്പോഴൊരു സങ്കടക്കടലിനു നടുവിലാണ്, കണ്ണീരോടെ ഉടയോന്റെ കനിവിന്നും ദയാവായ്പിനുമായി മുട്ടിപ്പായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണവര്‍ ,  ജന്മം കൊണ്ട് തന്നെ ഒരു വലിയ ദുഃഖം നെഞ്ചിലേറ്റി നടക്കുന്ന ആ പാവം കുട്ടികള്‍ക്ക് ഇനിയും ഒരു വലിയ സങ്കടം കൊടുക്കക്കരുതേ നാഥാ.., ആ കുരുന്നു ജീവന് യാതൊരാപത്തും വരുത്തരുതേ ഇലാഹേ.. സകല ചരാചരങ്ങളുടെയും പരിപാലകനായ സര്‍വ്വേശനോട് ആത്മാര്‍ഥമായി പ്രാര്തിക്കാന്‍ മാത്രമല്ലേ നിസ്സഹായരായ  നാം  മനുഷ്യര്‍ക്ക്‌ കഴിയൂ..
പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രാര്‍ഥനകളിലും ഈ ഒരു കുരുന്നു ജീവന്റെ കാര്യം പ്രത്യേകം ഓര്‍ക്കണേ..
നമ്മളില്‍ ആരുടെ പ്രാര്‍ഥനയാണ് പെരിയോന്‍ കൈകൊള്ളുക എന്നത് നമുക്ക് പ്രവചിക്കാനാവില്ലല്ലോ!

എന്റെ സുഹൃത്തുക്കള്‍