Network Followers

Share this Post

Email Subscription

"മരുക്കാറ്റ് വീശുമ്പോള്‍ "

നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ ..
കാലപ്രവാഹത്തില്‍.. മരുക്കാറ്റിന്‍റെ ഉഷ്ണത്തിലൂടെ  കുത്തിയൊലിച്ചു പോയ ജീവിതത്തിലെ ആ  നല്ല നാളുകള്‍ ..
തൊണ്ണൂറുകളുടെ ആരംഭത്തില്‍  എയര്‍ ഇന്ത്യയുടെ  ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു.
പക്ഷെ , വാഗ്ദത്തഭൂമിയിയെ ആദ്യനാളുകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്‌നങ്ങള്‍  കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം.
അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറേ നാളുകള്‍ ..
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്‍റെ വിങ്ങലടങ്ങാതെ രാവിന്‍റെ അന്ത്യ യാമങ്ങളില്‍  പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ..
പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും  കരിക്കട്ടകളായി മാറി കഴിഞ്ഞിരുന്നു.  

*                          *                                 *                     *                       *                   *                                                                    
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി.
ഈ ഇറയും ദുരയും ആകുലതകളുടെ ദീര്‍ഘയാമങ്ങളും ദാരുണമായ കുറെ സ്വപ്നങ്ങളായി ബാക്കികിടക്കുമ്പോള്‍  വ്യര്‍ത്ഥമായ കുറേ ചോദ്യങ്ങള്‍ നെഞ്ചിന്‍കൂടിനുള്ളില്‍ മുട്ടിതിരിയുന്നു.
എന്തിനായിരുന്നു ഈ വഴി?  ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം!?
ഉത്തരം കിട്ടാത്ത പ്രഹേളികകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്.
പൂര്‍വ്വനിശ്ചയങ്ങളായിരിക്കാം..! മനസ്സങ്ങിനെ സ്വാന്തനിക്കാന്‍ ശ്രമിക്കുമ്പോളും മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊഴുകി എത്തുന്ന ഗൃഹാതുരതയുടെ വിങ്ങലും വ്യഥകളും ആത്മഗതങ്ങള്‍ക്ക് വഴി ഒരുക്കുന്നു. ഊറി ഒഴുകുന്ന ചുടുചോരയാല്‍ ഉള്ളമാകെ കുതിര്‍ന്നപോലെ..സ്വയംനിന്ദ തോന്നുന്ന ചില അഭിശപ്ത നിമിഷങ്ങള്‍ ..
പഴിയും പള്ളും പോംവഴികളാക്കാന്‍ ശീലിക്കുകയാണോ മനസ്സ്!
അറിയില്ല ഒന്നുമറിയില്ല..നിഴലുവീണു നിറം മങ്ങിപ്പോയ കുറേ ഓര്‍മ്മകള്‍..നിലാവിലെന്ന പോലെ ഇടയ്ക്കിടെ മിന്നിതെളിയുമ്പോള്‍
അകത്തെന്തോ ഉരുകി ഇറ്റിറ്റു വീഴുന്നുണ്ടെന്നു മാത്രമറിയാം..
അത് ഹൃദയമാണോ; പ്രാണനാണോ..? അതോ കാല്‍പനികതയുടെ ഉരുക്കുമുഷ്ട്ടിയില്‍ ഞെരിഞ്ഞോടുങ്ങുന്ന അടിമയുടെ ദീന രോധനമാണോ? അതും നിശ്ചയം പോരാ..
അമരാനൊരു ശുഭചിന്തപോലും നീക്കിയിരിപ്പില്ലാതെ മാറി മാറി വരുന്ന അത്യുഷ്ണങ്ങള്‍ക്കും കടുത്ത ശൈത്യങ്ങള്‍ക്കും ഇടയില്‍ പെട്ട് യൗവനം ഉരുകിയും മരവിച്ചും നഷ്ടപ്പെട്ടു പോവുന്നതറിയുമ്പോഴും ..എല്ലാം നിസ്സഹായതയോടെ നോക്കി നില്‍കേണ്ടി വരുന്ന കുറേ പാഴ്ജന്മങ്ങള്‍ ..
പിന്നിട്ട ഇടനാഴികകളിലേക്ക് എത്തിനോക്കുമ്പോള്‍ ആശകളുടെ വിടരാത്ത മൊട്ടുകള്‍; വാടിയ മൊട്ടുകള്‍; കൊഴിഞ്ഞു പോയ മൊട്ടുകള്‍ അവിടെയും കുന്നുകൂടി കിടപ്പുണ്ട്.
എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്‍റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്‍റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത  അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചിരുന്നവര്‍ ഞങ്ങള്‍  പക്ഷെ ഇന്ന് കത്തുകളുടെ  സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍  അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്‍റെ കുതിപ്പും ആത്മാവിന്‍റെ തുടിപ്പും ഓര്‍മ്മകളായി   മാറിയിരിക്കുന്നു.
*                                                   *                                              *                       *                                                    
 സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്‍മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം .
വ്യാകുലതയുടെ വിഴുപ്പുകെട്ടുകള്മായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകാന്‍ പ്രേരകമാകുന്ന ഏക ഘടകം ഈ നാടുകളുടെ മുഖമുദ്രയായ സമാധാന അന്തരീക്ഷം ഒന്ന് മാത്രമാണ്. ബന്ദും സമരവും ഹര്‍ത്താലും പണിമുടക്കും തികച്ചും അന്യമായ ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെ നിയമങ്ങളുടെ കര്‍ക്കശ സ്വഭാവം കൊണ്ടാവാം അക്രമങ്ങളും ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവുന്നത് .
ഈ മണ്ണില്‍ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്‍റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്‍പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും  ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ  വരണ്ട ഭൂമിയില്‍  ജീവന്‍റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല .
*                       *                      *                         *                            *                    *                                               
ഇങ്ങിനെയൊക്കെ ആണെങ്കിലും...
ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യക്കാരുമായുള്ള സൌഹൃദ വലയങ്ങള്‍; വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരുമായുള്ള ആത്മ ബന്ധങ്ങള്‍;   ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത; എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും , ഒരു പാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍  അനുഭവ പാഠങ്ങള്‍ ; പാചകകലയില്‍ നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലീസ്റ്റ് അങ്ങിനെ നീണ്ടു നീണ്ടു പോവുന്നു..
ഇതൊന്നും കൂടാതെ .., വര്‍ഷങ്ങളുടെ വിരസമായ കാത്തിരിപ്പിന് ശേഷം ഇടവേളകള്‍ക്ക് തുടക്കമാവുന്ന; ആകുലതകള്‍ക്കും വ്യാകുലതകള്‍ക്കും അറുതിയാവുന്ന പിറന്ന നാടിന്‍റെ പച്ചപ്പുകള്‍ തേടിയുള്ള ശരാശരി പ്രവാസിയുടെ ആ യാത്രയുടെ യാമങ്ങള്‍..അനിര്‍വചനീയങ്ങളാണത്.
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്‍റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ ..
അതെ അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങളാണ്, അത് തിരിച്ചറിയാനാവുന്നതും സമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു പ്രവാസിക്ക് മാത്രം.

എന്റെ സുഹൃത്തുക്കള്‍