Network Followers

Share this Post

Email Subscription

"മറക്കരുത് ഒരുനാളും "

നാം തിരക്കിലാണ്, നേരായവണ്ണം ശ്വാസം കഴിക്കാന്‍ പോലും നേരമില്ലാത്തത്ര തിരക്ക്, ശ്വസനപ്രക്രിയ ജീവന് അത്യന്താപേക്ഷിതമായതിനാലും അത് യാന്ത്രികമായി സംഭവിക്കുന്നതിനാലും അതിനൊരു ബദല്‍ സംവിധാനം കണ്ടെത്തുന്നില്ലെന്ന് മാത്രം,   ലോകത്തിന്‍റെ ഓരോ സ്പന്ദനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ഈ ത്വര നമ്മുടെ ഓരോ ചലനത്തെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു, ആഭ്യന്തര; രാജ്യാന്തരകലാപങ്ങള്‍ ,  നൂറ്റാണ്ടു കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍ , ഭൂകമ്പങ്ങള്‍ , മഹാത്മാക്കളുടെ വിയോഗങ്ങള്‍  നിഷ്ടൂരമായ കൊലപാതകങ്ങള്‍ , ആത്മഹത്യകള്‍ അതിന്നിടയില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ .. ഒരു വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ പലതും മറവിയുടെ അഗാതതലങ്ങളിലേക്ക് ആഴ്ത്തപ്പെടുകയാണ്.
എന്ത് കൊണ്ടെന്നറിയില്ല ഈ തിക്കുതിരക്കുകള്‍ക്കെല്ലാമിടയിലും  കഴിഞ്ഞ രണ്ടു മൂന്നുമാസങ്ങള്‍ക്കിടയില്‍ നെഞ്ചിലേക്ക് പിടഞ്ഞു വീണ ഒന്നുരണ്ടു വ്യഥകള്‍  മുറിവുണങ്ങാത്ത നൊമ്പരങ്ങളായി ഉള്ളില്‍  കിടന്നു രക്തം കിനിയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം നമ്മുടെ മലയാളക്കരയാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു  നിഷ്ഠൂരകൃത്യത്തിന്‍റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു, സൌമ്യമായ പുഞ്ചിരിക്കുന്ന ഒരു മുഖം തച്ചുടച്ചു ഞെരിച്ചു കളഞ്ഞ ഒരു ഒറ്റക്കയ്യന്‍ അധമന്‍ നമ്മുടെ ഉള്ളത്തിലേക്ക്  വ്യാകുലതകളുടെ  ഒരു പിടി കാരമുള്ളുകള്‍ വാരിയിട്ടുകൊണ്ട് കടന്നുവന്നു, ഗോവിന്ദചാമിയെന്ന ആ തേര്‍ഡ്‌ററ്റ് ഗുണ്ട നിയമത്തിന്‍റെ പിടിയില്‍ അകപ്പെട്ടെങ്കിലും നമ്മുടെ സാമൂഹിക 
വ്യവസ്ഥിതികള്‍തിരെ ഒരു വലിയ വെല്ലുവിളി ഇവിടെ മുഴച്ചുനില്‍ക്കുന്നു, വനിതാസംവരണം, വനിതാ വിമോചനം, വനിതാകമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ വനിതകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടി കാലാകാലങ്ങളില്‍ മുറപോലെ നാം മുറവിളി കൂട്ടുന്നുണ്ടെങ്കിലും നമ്മുടെ സമൂഹം പലപ്പോഴും   മനുസ്മൃതിയിലെ കാലഹരണപ്പെട്ട "ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി" എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സ് വെക്കുന്നില്ലയെന്ന് തന്നെ
കരുതേണ്ടിയിരിക്കുന്നു,  അവരെ  അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന ഈ നന്ദികേട്‌ അസഹനീയമായ തുടര്‍ക്കഥയാകുകയാണ്. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കും വിധം ശെരിയായ നീതി ലഭിക്കെണ്ടതില്ലേ? എന്തെങ്കിലും ദുരന്തംനടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും! അതിന്‍റെ ഓളം നിലച്ചാല്‍ അടുത്ത ദുരന്തതിനുള്ള കാത്തിരിപ്പാണോ വേണ്ടത്?
മെഗാ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുകയും നായികയുടെ സങ്കടങ്ങള്‍ ചര്‍ച്ചചെയ്യുകയുമല്ല തങ്ങളുടെ കര്‍മ്മമണ്ഡലമെന്നു സ്ത്രീകള്‍  മനസ്സിലാക്കണം സമൂഹത്തിലേക്ക് കണ്ണുകള്‍ തുറന്നു പിടിക്കുകയും അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു , സ്വയ രക്ഷക്കുവേണ്ടി സ്ത്രീകള്‍ യാത്രാവേളകളില്‍ മോട്ടുസൂചിയും മുളകുപൊടിയും കയ്യില്‍ കരുതണമെന്ന് ജസ്റ്റിസ്‌ ഡി.ശ്രീദേവിയും സാഹിത്യകാരി റോസ് മേരിയും പറഞ്ഞത് ഈയ്യിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു, അതുമാത്രം പോരെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം ഹാന്‍ഡ്‌ബേഗില്‍ എപ്പോഴും മൂര്‍ച്ചയുള്ള ഒരു ആയുധം കരുതിവെക്കണം, മാനത്തിന് വിലപറയുന്നവന് മുന്നില്‍ കൈകൂപ്പി യാചിക്കാതെ ശക്തമായ രീതിയില്‍ എതിര്‍ത്ത് തോപ്പിക്കണം, രക്ഷയില്ലെന്നുകണ്ടാല്‍ കുത്തിക്കീറിക്കളഞ്ഞേക്കണം നാറികളെ, പക്ഷേ..അവിടെയും സ്ത്രീകള്‍ക്ക് പലതും ഭയക്കേണ്ടിയിരിക്കുന്നു, ഒരു തന്‍റെടിയായും പരിഹാസ്യ കഥാപാത്രമായും ജനമധ്യത്തില്‍ അവള്‍ അവതരിപ്പിക്കപ്പെടുന്നു.
പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല, കാരണം പോലീസിന്‍റെ എഫ് ഐ ആര്‍ മുതല്‍ പെണ്‍കുട്ടിയുടെ രണ്ടാം പീഡനകാലം തുടങ്ങുകയായി, തെളിവെടുപ്പെന്ന പേരില്‍ നാടുനീളെ തെണ്ടിക്കല്‍, വക്കീലന്മാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ചോദ്യവാളുകള്‍ , മാധ്യമാവിചാരണകള്‍, സമൂഹത്തിന്‍റെ സംശയദൃഷ്ടി, ഇവയൊന്നും കൂടാതെ പീഡിപ്പിച്ചത് മൂന്നു പേരാണെങ്കില്‍ മൂന്നരക്കോടി മലയാളികള്‍ക്ക് മുന്നില്‍
വളുടെ മാനം വാചകക്കസര്‍ത്തുകളാല്‍ പിന്നെയും പിന്നെയും പിച്ചിചീന്തുന്നു സദാചാരകമ്മറ്റികളും നെറികെട്ട രാഷ്ട്രീയ നേതാക്കളും, ഒടുവില്‍  എല്ലാ നടപടി ക്രമങ്ങളും  കഴിഞ്ഞാലും ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകളയും നമ്മുടെ നീതിന്യായ വകുപ്പിലെ അഴിമതിക്കാര്‍,  ജന്മം മുഴുവനും നാണക്കേടിന്‍റെ തടവറയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെടുന്നത് പീഡിതയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ആയിപ്പോവുന്നു. ഇവിടെ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുക എന്നത് ആരുടേയും ഔദാര്യമല്ല ഏതൊരു സ്ത്രീയുടെയും കൂടി  അവകാശമാണെന്നകാര്യം കരുതിക്കൂട്ടി മറക്കപ്പെടുകയാണ്.വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ചില സംഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്, ബാലവേലചെയ്യിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന നിയമസംരക്ഷകന്‍,  അയല്‍വീട്ടിലെ കുഞ്ഞുങ്ങളില്‍ കാമശമാനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ശിഷ്യകളെ ഇരകളാക്കുന്ന ഗുരുനാഥന്‍റെ കുപ്പായമണിഞ്ഞ ഇരുകാലിമൃഗം, ഇങ്ങിനെ എന്തെല്ലാം കാണുന്നു  കേള്‍ക്കുന്നു നിത്യവും., ഇത്തരം വാര്‍ത്തകള്‍  അറിയുമ്പോള്‍ വളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക്   വിഹ്വലമായിപ്പോകുന്നു മനസ്സ്, ഒരു 
പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയായിരിക്കും, ഒരു പിടി തീക്കനല്‍ നെഞ്ചില്‍ കിടക്കുന്ന തോന്നല്‍ സദാനേരവും അവരെ നീറ്റുന്നു, പണക്കൊഴുപ്പിന്‍റെ ഹൂങ്കില്‍ അടിച്ചുപൊളിക്കാനിറങ്ങുന്ന നെറികെട്ട താന്തോന്നി വര്‍ഗം  ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയുന്നത് ഒരായുസ്സുകൊണ്ട് ഒരുക്കൂട്ടിയ കുറെ ജന്മങ്ങളുടെ പ്രതീക്ഷകളെയാണ്, സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും  വളര്‍ന്നു വരേണ്ടിയിരിക്കുന്നു. 
കണ്മുന്നില്‍ പലപ്പോഴും  നീതികളെക്കാള്‍ കൂടുതല്‍ അനീതികള്‍ നടമാടിക്കൊണ്ടിരിക്കുന്നു,  ഇടനെഞ്ച് പിളര്‍ത്തുന്ന ഓരോ കൊടുംക്രൂരതയും  നേര്‍ക്കാഴ്ചയാകുമ്പോള്‍ ആത്മരോഷം ഉള്ളിലടക്കി നിരാശയോടെ;  അതിലേറെ ദയനീയതയോടെ നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു, ഇതിലും വലിയതിനികാണാന്‍ ഇടയാക്കല്ലേയെന്ന ഗതികെട്ടവന്‍റെ വിലാപം. പക്ഷേ, ഭരണവര്‍ഗമെന്ന ബലവാന്മാരും  ഭരിക്കപ്പെടുന്നവരെന്ന ദുര്‍ബലന്മാരും ഇരു തട്ടുകളിലായിപ്പായ നമ്മുടെ സമൂഹത്തില്‍ ബലവാന്മാരുടെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ടി വരുന്ന ദുര്‍ബലന്മാരുടെ ഗതികേടിന്‍റെ രീതിയെന്ന വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നതാണ് നാമിന്നു നേരിട്ട്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ  അപര്യാപ്തതയെന്നു നിസ്സംശയം പറയാം.  

എന്റെ സുഹൃത്തുക്കള്‍