Network Followers

Share this Post

കത്തിവേഷക്കാര്‍ ജാഗ്രതൈ!


"ജീന്‍സ്‌ ഒന്ന് മുറുക്കിയുടുത്തോളൂ, പോലീസ്‌ പിന്നാലെയുണ്ട്" കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്, അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പും ഇങ്ങിനെ ഒരു വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു , ചാവക്കാട്ടുകാരെ കൂടുതല്‍ പരാമര്‍ക്കുന്നതിനാല്‍ അതേക്കുറിച്ച്  ചാവക്കാട്ടുകാരനായ പി എ എ റഹ്മാന്‍ ഭായ് ഇപത്രത്തില്‍ എഴുതിയ ഒരു ആര്‍ട്ടിക്കിളും കണ്ടതായി ഓര്‍ക്കുന്നു.
ലോവെയ്സ്റ്റ്സ്റ്റൈല്‍ എന്ന യമണ്ടന്‍ പേരിലാണ് ഈ പുതിയ തരംഗം കേരളക്കരയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്, പ്രമുഖ അണ്ടര്‍ വെയര്‍ നിര്‍മ്മാതാക്കളുമായി ഈ സ്റ്റൈലന്‍ പിള്ളേര്‍ക്ക് എന്തെകിലും കണക്ഷന്‍ ഉണ്ടോയെന്നു സംശയം ജനിപ്പിക്കും വിധമാണ് ഈ ചുള്ളന്മാരുടെ പൊതുസ്ഥലങ്ങളിലെ പെര്‍ഫോമന്‍സ്‌.
ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്‍റെ ഒരു ഭാഗം പുറത്തേക്ക് കാണിക്കുക എന്നതാണ് ഈ സ്റ്റൈലിന്‍റെ പ്രധാന ഘടകമായി കരുതിപ്പോരുന്നതത്രേ,  അത് എത്രത്തോളം പുറത്തുകാണുന്നുവോ അത്രയും തൊലിക്കട്ടി ആ സ്റ്റൈല്‍മന്നന് കൂടുതലായി കണക്കാക്കി വരുന്നു എന്നാണ് ഈ വിഷയത്തില്‍ കാര്യമായി ഗവേഷണം നടത്തുന്ന ഒരു യുവസുഹൃത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കുടുംബത്ത്നിന്നും വളരെ നന്നായി വസ്ത്രം ധരിച്ചിറങ്ങുന്ന ഈ മന്നന്‍മാര്‍ റോഡിലെത്തിയാല്‍ ജീന്‍സ്‌ വലിച്ചു താഴ്ത്തി അടിവസ്ത്രം പുറത്താക്കുകയാണ്‌ ചെയ്തുവരുന്നത്,  ബസ്‌സ്റ്റാന്റുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ , സിനിമാ തീയറ്ററുകള്‍, സ്കൂള്‍ കോളേജ് കാമ്പസ്സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സ്റ്റൈലന്മാരുടെ ഇത്തരം വിളയാട്ടങ്ങള്‍ കണ്ടു സഹികെട്ട ജനം പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മഫ്തിയിലും അല്ലാതെയും പോലീസ്‌ ഇവന്മാരെ പൊതുസ്ഥലങ്ങളില്‍ നിന്നും പിടികൂടി നൂറു രൂപവീതം പിഴയടപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇനി ഈ വേഷംകെട്ട് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി വിട്ടയച്ചിരുന്നു.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്‍റെ ഓര്‍മ്മകളിലേക്ക് കുതിച്ചോടിയെത്തിയത് കുട്ടിക്കാലത്ത് കണ്ടിരുന്ന ചില കാര്‍ന്നോന്മാരുടെ അപൂര്‍വ്വ വേഷമാണ്, അടിവസ്ത്രമായി ഉടുത്ത കോണകത്തിന്‍റെ ഒരു വാല് കാലിലൂടെ ചുറ്റിയുടുത്ത മുണ്ടിന്‍റെ മുകളിലൂടെ പുറത്തേക്ക് നീട്ടിയിട്ട് അത് പ്രദര്‍ശിപ്പിച്ച് നടന്നിരുന്ന കുറേ അപ്പാപ്പന്മാര്‍ അന്നുണ്ടായിരുന്നു, അക്കാലത്ത് സംസ്കാരിക കേരളത്തിന്‍റെ വസ്ത്രധാരണ രീതിയില്‍ അങ്ങിനെയൊരു സംബ്രദായം നിലനിന്നിരുന്നതിനാല്‍ അതൊരു ആഭാസമായി കരുതപ്പെട്ടിരുന്നില്ല, പക്ഷേ അന്ന് ആ കോണകാഗ്ര പ്രദര്‍ശനത്തിന് ഭംഗം നേരിട്ട് തൃപ്തിവരാതെ യമലോകം പൂകിയ ഏതോ കാര്‍ന്നോരുടെ പ്രേതം ആഗ്രഹസഫലീകരണത്തിനായി നമ്മുടെ ഈ കോഞ്ഞാട്ട പിള്ളേരുടെ ദേഹത്ത് കൂടിയോ എന്നൊരു സംശയം.
ചാവക്കാട് ഏരിയകളിലാണ് ഈ പുതിയ കൂതറ ഭ്രമം കൂടുതലായി കണ്ടുവരുന്നതെന്നു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു, കോഴിക്കോട് തൃശൂര്‍ എറണാംകുളം ഭാഗങ്ങളിലേക്കും ഇതൊരു പകര്‍ച്ചവ്യാധിയായി പടര്‍ന്നുപിടിക്കുന്നെന്നും അറിയാന്‍ കഴിഞ്ഞു. എന്തിനു വേണ്ടിയാണീ പരസ്യ പ്രദര്‍ശനമെന്ന് എത്ര ചിന്തിച്ചിട്ടും ഒരു പിടി കിട്ടുന്നില്ല , ഫാഷന്‍റെ പെരിലാണെങ്കില്‍ ഇങ്ങിനെ അഭാസാതരങ്ങള്‍ കാട്ടുന്നതാണോ ഇന്നത്തെ ട്രെന്‍റ് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു ,അതല്ല കഴുതകള്‍ കാമം കരഞ്ഞാണ് തീര്‍ക്കുന്നത് എന്ന് കേട്ടിട്ടുണ്ട് ,ഇതും അങ്ങനെ വല്ലതും തീര്‍ക്കാനായിട്ടാണോ ആവോ!
ഇക്കാര്യത്തെ കുറിച്ച് ഫേസ്ബുക്കില്‍ ചര്‍ച്ചചെയ്തപ്പോള്‍ എന്‍റെ ഒരു ആജീവനാന്തസുഹൃത്തും ഇപ്പോള്‍ ഖത്തര്‍ പെനിന്‍സുല പത്രത്തിന്‍റെ ജേര്‍ണലിസ്റ്റും ഫോട്ടോഗ്രാഫറുമായ സലിം മത്രംകോട് അഭിപ്രായപ്പെട്ടത് ഇങ്ങിനെ:  "നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുലച്ചാലും അത് തണല്‍ അത്രതന്നെ ഇവന്മാരുടെ കാര്യം, ഇത്തരം കാര്യങ്ങള്‍ക്കു പോലീസുകാരെ ആശ്രയിക്കാതെ നാട്ടുകാര്‍ തന്നെ  കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം, എങ്കില്‍ വളരെ പെട്ടെന്ന് തന്നെ രോഗശമനം കാണും,  ഞാന്‍ ഉദ്ദേശിച്ചത് ഇവന്മാരുടെ പാന്‍റ്സ് ഊരിയെടുത്തു നടുറോട്ടിലൂടെ പട്ടാപ്പകല്‍ നടത്താന്‍ നാട്ടുകാര്‍ ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ പിന്നീട് 'പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാന്‍'  എന്ന പഴയ പരസ്യം പോലെ ആവും ഇത്തരം അസുഖങ്ങള്‍."
സ്വപ്നജാലകം തുറന്നിട്ട നമ്മുടെ ബ്ലോഗ്ഗര്‍ ഷാബു തോമസ്‌ പറയുന്നു : "സത്യത്തില്‍ അറസ്റ്റും പിഴയുമൊന്നുമല്ല വേണ്ടത്, നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം,  പിന്നവന്‍ ജീവിതത്തില്‍ ഇങ്ങനെയെന്നല്ല, ഒരു രീതിയിലും അണ്ടര്‍വെയര്‍ ഇടില്ല (അയ്യോ!! അതും കുഴപ്പമാകുമല്ലോ!)"
ഒരാവേഷത്തിന്‍റെ പുറത്ത് എടുത്തുചാടി നമുക്ക് പല അഭിപ്രായങ്ങളും പറയാന്‍ തോന്നുമെങ്കിലും അത് പ്രാവര്‍ത്തികമാക്കുമ്പോഴുള്ള നിയമ പ്രശ്നങ്ങളും അത്കൊണ്ടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളുംകൂടി ഒന്ന് മനസ്സിരുത്തി ആലോചിക്കേണ്ട കാര്യമാണ്,  ഏരിയ ചാവക്കടാണ്, ടിപ്പുവിന്‍റെ പടയോട്ടങ്ങള്‍ക്കു മാത്രമല്ല ഗുണ്ടാവിളയാട്ടങ്ങള്‍ക്കും പലതവണ സാക്ഷ്യം വഹിച്ചിട്ടുള്ള നാട്,മുക്കിനു മുക്കിനു ബാറുകളും ഫോറിന്‍ കാറുകളും പൂത്ത പണക്കാരും നിറഞ്ഞ നാട്, ബിസിനസ് ശത്രുത തീര്‍ക്കാന്‍ എതിരാളിയെ ഷോപ്പില്‍ കയറി വെടിവെച്ചു കൊന്നവരുള്ള നാട്, കുടുംബ വഴക്കിന്‍റെ പേരില്‍ നടുറോട്ടിലിട്ടു കാറ് കത്തിച്ചവരുടെ നാടാണ്,   ഭരണചക്രം തിരിക്കുന്നവരുടെ സിരാകേന്ദ്രം അങ്ങ് തിര്വോന്തരവും ഡല്‍ഹിയുമൊക്കെയാണെങ്കിലും ആ ചക്രത്തിന്‍റെ ഒരു പല്ലിലെങ്കിലും പിടിച്ച് തിരിക്കുന്ന പല വമ്പന്മാരും കൊലകൊമ്പന്‍മാരും നീണാള്‍ വാഴുന്നിടമാണ്, മിക്കവാറും അത്തരത്തിലൊരുത്തന്‍റെ മകനോ പേരക്കുട്ടിയോ അതുമല്ലെങ്കില്‍ ബന്ധത്തില്‍ കുന്തം ചാരിയ വകയിലെങ്കിലും ഒരുത്തനോ ഈ ജഗജില്ലി സ്റ്റൈലന്‍മാരുടെ കൂട്ടത്തില്‍  ഉണ്ടെങ്കില്‍ പിന്നെ പ്രതികരിക്കാന്‍ ഇറങ്ങിതിരിച്ചവന് പോലീസ്‌സ്റ്റേഷനുകളുടെയും കോടതികളുടെയും തിണ്ണനിരങ്ങാനെ നേരം കാണൂ , ,ചിലപ്പോള്‍ പ്രതികരിച്ചവന്‍റെ പൊടിപോലും കിട്ടാതിരിക്കാനും വഴിയുണ്ട്,  അതുകൊണ്ട് ഈ ചുള്ളന്മാരെ പോലീസ് തന്നെ കൈകാര്യം ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു.
ഇത്തരം വാര്‍ത്തകളും  കമ്മന്റുകളും വായിച്ചു രസിക്കുകയും ആരാന്‍റെ മക്കളല്ലേ  കാണാന്‍ നല്ല ശേല് എന്ന രീതിയില്‍ ഇങ്ങിനെയുള്ള സംഭവങ്ങളെ നോക്കി കാണുകയും ചെയ്യുന്ന നമ്മള്‍ സ്വന്തം വീട്ടില്‍ നിന്നും മാന്യമായി വേഷം ധരിച്ച്‌ പുറത്തിറങ്ങുന്ന മക്കള്‍ റോഡിലും, ബസ്സിലും കോളേജിലും മറ്റും എന്ത് കോലം കെട്ടിയാണ്‌ നടമാടുന്നത് എന്ന കാര്യത്തില്‍ അടിയന്തിരശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു, കാരണം പല മാതാപിതാക്കളുടെയും കാഴ്ചപ്പാടില്‍ തങ്ങളുടെ മക്കള്‍ ഈ ദുനിയാവിലെ ഏറ്റവും നല്ല കുട്ടികളുടെ കൂട്ടതിലാണെന്ന ഒരു മൂഡവിശ്വാസമാണുള്ളത് , മക്കളെ കുറിച്ചുള്ള അമിതമായ വിശ്വാസം പലരെയും പല കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചിട്ടുള്ള വസ്തുതകള്‍ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ! 
ഇനി ഈ അടിവസ്ത്രം വെളിയില്‍ കാണിച്ചേ മതിയാവൂവെന്ന അടങ്ങാത്ത ആഗ്രഹമുള്ളവരും അത് ഒഴിച്ച് കൂടാനാവാത്ത ഒരു മാനിയയായി മാറിയ സ്റ്റൈല്‍ കുട്ടന്മാരും അതിന്നൊരു പരിഹാരമായി ജീന്‍സിന്റെ മീതെ ജെട്ടി ധരിച്ചു നടന്ന് അവരുടെ ആഗ്രഹം സഫലമാക്കട്ടെ, അങ്ങനെയാവുമ്പോള്‍ പശൂന്റെ കടിയും മാറും കാക്കേടെ വിശപ്പും തീരും എന്ന് പറഞ്ഞപോലെയാവും കാര്യങ്ങള്‍, ഹല്ല പിന്നെ.
മറുവശം: വള്ളിസൌസര്‍ നാലാളെ കാട്ടി നടക്കുന്ന ഈ അസുഖം കൌമാര പ്രായക്കാരായ ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നതെങ്കിലും ഇതേ നാണയത്തിന് ഒരു മറുവശം കൂടിയുള്ള കാര്യം പലരും ശ്രദ്ധിച്ചിട്ടില്ല എന്നാണ് തോന്നുന്നത്.
നമ്മുടെ പെണ്‍കുട്ടികള്‍  ഈ അടുത്ത കാലത്തായി ധരിച്ചു കാണുന്ന  വൃത്തികെട്ട വേഷവിധാനങ്ങള്‍ കാണുമ്പോള്‍ ഇതെന്തു ഭാവിച്ചാണിവള്‍ എന്ന് തെല്ലോരതിശയത്തോടെ പറയേണ്ടി വരുന്നു, ചുരിദാര്‍ സ്ത്രീകള്‍ക്ക് വളരെ നല്ല നിലയില്‍ ഇണങ്ങുന്ന ഒരു വസ്ത്രമാണ് എന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല , പക്ഷേ കാലുകളുടെ ചലനം ആയാസരഹിതമാക്കാന്‍ വേണ്ടി ഇരു വശങ്ങളിലും ഇടുന്ന സ്ലീറ്റിന്‍റെ നീളം കൂടിക്കൂടി ഇപ്പോള്‍ നെഞ്ചോളം കയറി അടിവസ്ത്രത്തിന്‍റെ ഷേപ്പ് വരെ കാണുന്ന രീതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, കൂടാതെ ദേഹത്തിന്‍റെ എല്ലാ എടുപ്പും തുടുപ്പും എടുത്തു കാണിക്കും വിധം ഇടുങ്ങിയ രീതിയില്‍ ദേഹത്തിട്ടു തന്നെ തൈപ്പിച്ച ഷേപ്പിലായി മാറിയിരിക്കുന്നു വസ്ത്രങ്ങളുടെ മോഡല്‍,  ഒരു ഇളം കാറ്റടിച്ചാല്‍ പോലും പാറിപ്പറന്നു പൊങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചു ദുപ്പട്ടയുടെ സൈസും മോഡലും വരെ വെളിയില്‍ കാണിക്കുന്ന പെണ്മണികളും, കോണകാഗ്രം പുറത്തേക്കിടുന്ന സ്റ്റൈല്‍മന്നന്മാരും ഇക്കാര്യത്തില്‍ തുല്യ ചിന്താഗതിക്കാരും കുറ്റക്കാരുമല്ലേ!
     ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് , കാര്‍ടൂണ്‍ കടപ്പാട് : ശ്രീ: കൃഷ്ണന്‍ .പി വി (Online Cartoon Exhibishion)

അന്തരങ്ങള്‍ .

 ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങളെപോലെ പലപ്പോഴും ഇവിടുത്തെ കാഴ്ചകളും ..


             മനസ്സിലും പച്ചപ്പുനിറക്കുന്ന ; കണ്‍ കുളിര്‍പ്പിക്കുന്ന ഈ ഹരിത ഭംഗി ,നമ്മുടെ  സ്വന്തം

നയന മനോഹരം.

  മെയിലുകള്‍ വഴിയും ഗൂഗിള്‍ വഴിയും ലഭിച്ച എനിക്ക് നല്ലതെന്നു തോന്നിയ മനസ്സിനും കണ്ണിനും    കുളിര്‍മ്മ നല്‍കുന്ന സുന്ദരമായ ചില കാഴ്ചകള്‍ , ഡെസ്ക്ടോപ്‌ വാള്‍പേപ്പറും, സ്ക്രീന്‍            സേവറും ആക്കാവുന്നവ , ഈ ഫോട്ടോകള്‍ എടുത്ത ആ നല്ല ഫോട്ടോ ഗ്രാഫേര്‍സിന് ഒരു പാട് നന്ദിയോടെ 
                                                 വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്ത കാഴ്ച.


                                                ഒരു പെയിന്റിംഗ് പോലെ മനോഹരം 


                                                    പുതയുന്ന കുളിരില്‍ ഒരു ചെറു മയക്കം 


                                           കാനന ചോലയും വര്‍ണ്ണവിസ്മയമായി പൂക്കാടും 



                                     ഒരിക്കലും കണ്ടു മതി വരാത്തപോലെ ഈ സുന്ദര ദൃശ്യം


                                                   മനോഹരം ഈ   പ്രതിബിംബ ചിത്രം


                                          വിശാലമായ ആഴിയിലെ കൊച്ചു കൊച്ചു തുരുത്തുകള്‍


                                   ഹരിതാഭ തീരങ്ങള്‍ക്ക് മേലെ കുളിരു നല്‍കും കാഴ്ച.


                                             ഒരു വര്‍ണ്ണാഭമായ സുന്ദര സ്വപനം പോലെ .

                                  മലമടക്കുകള്‍ക്ക് കുളിരേകി ഒരു തൂവെള്ള  പുതപ്പായി..


             ഇനിയും അവസാനമില്ലാതെ നീണ്ടു നീണ്ടു പോകുന്ന അപൂര്‍വ്വ സുന്ദര വഴിത്താരകള്‍ ..

എന്റെ സുഹൃത്തുക്കള്‍