മത്തായിച്ഛന്‍ : കുര്യച്ചന്‍ എന്താ പറഞ്ഞത്?
ബാലകൃഷ്ണന്‍ : മത്തായിച്ചന്‍ നല്ലൊരു മനുഷ്യനാണെന്ന്..,
മത്തായിച്ചന്‍ : വേറെ വല്ലതും അയാള്‍ പറഞ്ഞോ ?
ബാലകൃഷ്ണന്‍ : വിഷമം പറഞ്ഞാല്‍ മതി മത്തായിച്ചന്റെ മനസ്സലിയും എന്നും പറഞ്ഞു ..
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഈ സീനില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാന്നാര്‍ മത്തായിച്ചന്റെ മുഖത്ത് മിന്നിമറയുന്ന ചില ഭാവങ്ങള്‍ ഓര്‍ക്കുന്നില്ലേ ? , അങ്ങിനെ ഒരു ഭാവം ഇക്കഴിഞ്ഞ ഖത്തര്‍ മീറ്റില്‍ എന്റെ മുഖത്തും മിന്നിമറഞ്ഞോ എന്നൊരു സംശയം! അതെന്തുകൊണ്ടാണെന്ന് വഴിയെ പറയാം..
ഈയിടെയായി എല്ലാവരും കോപ്പിന്മേല്‍ കേറിപ്പിടിച്ചിരിക്കുകയാണെന്ന് തോന്നുന്നു , കോപ്പിലെ ബ്ലോഗ്ഗര്‍ ,'കോപ്പിലെ ബ്ലോഗ് മീറ്റ് , കോപ്പിലെ അവാര്‍ഡ് എന്നിങ്ങനെ ഒരഞ്ചാറു കോപ്പിലെ പോസ്റ്റുകള്‍ ഈയിടെ കണ്ടു , നിഘണ്ടുവില്‍ മുങ്ങിത്തപ്പി നോക്കിയെങ്കിലും കോപ്പിന് പ്രതേകിച്ചു അര്‍ഥം ഒന്നും കിട്ടിയില്ല ,എന്നാപിന്നെ അര്‍ഥം എന്ത് കോപ്പായാലും വേണ്ടില്ല കിടക്കട്ടെ നമ്മടെ വകയും കോപ്പിലെ പോസ്റ്റൊരെണ്ണമെന്നു കരുതി, ഹല്ല പിന്നെ!
പശൂം ചത്തു മോരിലെ പുളിയും പോയെന്നു പറഞ്ഞപോലെ മീറ്റ് കഴിഞ്ഞിട്ടിപ്പോ ആഴ്ച രണ്ടാവാറായി..ഇപ്പോഴാ ഇയാള്‍ടെ ഒടുക്കത്തെ കോപ്പിലെയൊരു പോസ്റ്റ് എന്ന് കരുതുന്നവര്‍ക്കും പറയാന്‍ എളുപ്പമായല്ലോ!
കഴിഞ്ഞകൊല്ലം നോമ്പ് പെരുന്നാളോട് അനുബന്ധിച്ച് കൂടിയ "ഒരു കൊച്ചു പെരുന്നാള്‍ ഈറ്റില്‍ വെച്ചാണ് ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ് ഇത്തവണ കൂടുതല്‍ വൈകാതെ നടത്തണമെന്ന തീരുമാനത്തിന്‍റെ സ്പാര്‍ക്ക് വീണത്, അന്ന് പത്തുപേര്‍ ഒത്തുകൂടിയ ആ ചിന്ന മീറ്റിന്‍റെ ചില്ലറ വിശേഷങ്ങള്‍ ഇവിടെ പോസ്റ്റിയതിന്റെ അടുത്ത ദിവസത്തിലായി ഞാന്‍ നാട്ടിലേക്ക് പോകുകയും ആ പോക്കില്‍ ജീവിതത്തിലെ ചില പ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു , ഒരു കൊച്ചു വീടുപണിഞ്ഞു അതില്‍ താമസമാക്കി എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന് , മറ്റൊന്ന് എന്‍റെ മൂത്ത മകളുടെ വിവാഹം 11-11-11 എന്ന പ്രത്യേക ദിനം തന്നെ വളരെ ഭംഗിയായി കഴിച്ചു എന്നതും , കൂടാതെ എന്റെ ജേഷ്ഠസഹോദരന്റെ മകളുടെ വിവാഹത്തിലും മറ്റൊരു ജേഷ്ഠ സഹോദരന്‍റെ മകന്റെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തു, അങ്ങിനെ ജീവിതത്തിനു ചാരിതാര്‍ത്ഥ്യം നല്‍കുന്ന നാലഞ്ചു ശുഭ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോന്നപ്പോള്‍ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുണ്ട്, പക്ഷെ ഇരുപതുവര്‍ഷത്തോളം ഒരു പ്രവാസിയായി ഊഷരഭൂമികളില്‍ കഷ്ടപ്പെട്ടതിന്‍റെ എല്ലാ സത്തകളും ആ ഒന്നുരണ്ടു മാസം കൊണ്ട് ആവിയായിപ്പോയെന്നു പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിയില്ല, ഇനി വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണമെന്ന ഒരു വൈക്ലബ്യം മനസ്സില്‍ ഭാരമായി തൂങ്ങിനില്‍ക്കുമ്പോള്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന സംശയം മറുഭാഗത്ത്, എങ്കിലും ഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ പ്രവാസികളുടെ നിയോഗങ്ങളില്‍ പെടുന്ന ഒന്നായി മാത്രം അതിനെ വിലയിരുത്തിക്കൊണ്ട് ഞാന്‍ മീറ്റ് വിശേഷങ്ങളിക്ക് കടക്കാം..
ജനുവരി ആദ്യവാരത്തില്‍ മീറ്റിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ആദ്യ കൂടിച്ചേരല്‍ കഴിഞ്ഞപ്പോള്‍ തന്നെ അതില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എന്നെ വിളിച്ച് സുനില്‍ പെരുമ്പാവൂര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു, "നിങ്ങളിനി ഈ ആലോചനാ മീറ്റിങ്ങുകളില്‍ ഒന്നും വരാതെ ആ മീറ്റിന്‍റെ അന്നു നേരം തെറ്റി കുറച്ചു ജ്യുസും വെള്ളോം ആയി വരാനുള്ള പരിപാടിയാണല്ലേ? " ഈ വാക്കുകള്‍ ഞാനിങ്ങനെ ഓര്‍ത്തുവെക്കാന്‍ കാരണം ആ പറഞ്ഞത് അച്ചട്ടായി സംഭവിച്ചു എന്നതിനാലാണ്, നമ്മുടെ ശ്രദ്ധെയന്‍റെ ഒരു ബ്ലോഗിന്‍റെ പേരും അപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തതിനു എന്നെ കുറ്റം പറയാന്‍ പറ്റില്ലല്ലോ! പിന്നെ ആലോചനാ യോഗങ്ങളില്‍ ഒന്നില്‍ പോലും ഈറ്റും ഇല്ലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് , നോട്ട് ദി പോയിന്റ് .
പത്താന്തി പത്തുമണിക്ക് തന്നെ മീറ്റ് തുടങ്ങിയെങ്കിലും അന്നും ജോലിത്തിരക്ക് മൂലമാണെന്ന് തന്നെ പറയാം ജുമുഅക്ക് ശേഷമാണ് എനിക്ക് അവിടെ എത്തിച്ചേരാനായത്, അപ്പോള്‍ ഈറ്റിന്‍റെ നേരമായിരുന്നു എന്നത് കരുതിക്കൂട്ടി പ്ലാന്‍ ചെയ്തതല്ല ആയിപ്പോയതാണ് കേട്ടാ, അല്ലെങ്കിലും ഈറ്റിന്‍റെ നേരത്തെക്ക് എത്തിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മീറ്റ്!.. .
അവിടെ നോക്കുമ്പോള്‍ ഒരാളും ഷെയ്ക്ക്ഹാന്‍ഡ് കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല, കാരണം ഞാന്‍ പ്രതീക്ഷിച്ചപോലെ സദ്യതുടങ്ങിയിരുന്നു എന്നതു തന്നെ , കൈത്തണ്ടയില്‍ പിടിച്ചും തോളില്‍ തട്ടിയും മുട്ടിയും പലരെയും അഭിവാദ്യം ചെയ്തെന്നു വരുത്തി ഞാന്‍ പ്രധാന കര്‍മ്മ പരിപാടിയിലേക്ക് ഒട്ടും സമയം കളയാതെ കടന്നു, പത്തു റിയാല്‍ രെജിസ്റ്റര്‍ ഫീസായി മജീദ് ഭായിയും കനകാംബരനും കൂടി കൈപിരിച്ചു വാങ്ങിച്ചത് മുതലാക്കണമെല്ലോ!
മൂന്നാം വട്ടം പായസം എടുക്കാന്‍ ചെന്നപ്പോള്‍ വിളമ്പാന്‍ നിന്നിരുന്ന ആള്‍ അര്‍ഥം വെച്ചു നോക്കിയത് ഞാന്‍ കാണുകയോ പുറകില്‍ നിന്നും "സമയം നോക്കിത്തന്നെ എത്തിയല്ലേ" എന്ന നികുവിന്‍റെ കമ്മന്റ് ഞാന്‍ കേള്‍ക്കുകയോ ചെയ്തതായി ഓര്‍ക്കുന്നില്ല, എന്തായാലും നൂറ്റിയിരുപതില്‍കൂടുതല്‍ പേര്‍ക്ക് സമൃദ്ധിയായി ഭക്ഷണം നല്‍കിയ നിള ഹോട്ടല്‍സിന്‍റെ മാനേജ്മെന്റിനും ജോലിക്കാര്‍ക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സമയം കിട്ടുമ്പോള്‍ അവിടെ പോയി ഒരു ചായയെങ്കിലും കുടിച്ചു നമ്മുടെ സന്തോഷം അറിയിക്കണമെന്ന് ബ്ലോഗേര്‍സ് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. (ഇതിലെ നന്ദിയും സന്തോഷവും കോപ്പിലെയല്ല ,ആത്മാര്‍ഥമായതാണ്).
സ്വന്തം കുടുംബത്തിലെ ഒരാവശ്യം നടത്തുന്ന അത്ര കാര്യക്ഷമതയോടും ആത്മാര്‍ഥതയോടും കൂടി ഇസ്മായില്‍ കുറുമ്പടിയും (തണല്‍) മജീദ് നാദാപുരവും (art of wave) , കനകാംബരനും (ഖരാക്ഷരങ്ങള്‍ ), നിക്കു നിക്സനും ( എന്റെ ലോകം) , സുനില്‍ പെരുമ്പാവൂരും (സുനില്‍ പെരുമ്പാവൂര)), ഷഫീക്കും (കരിനാക്ക്) , രാമചന്ദ്രനും (ഞാന്‍ ഇവിടെയുണ്ട്) , നാമൂസും (തൌദാരം) ,തന്സീമും ( ഒരേ കടല്‍) , നജീം ആലപ്പുഴയും (പാഠഭേദം),ഷക്കീര്‍ ഭായിയും (ഗ്രാമീണം),കലാമും (മരുപ്പൂക്കള്‍) മറ്റും ഓടിനടക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ അല്‍പ്പം സ്വയംപുച്ഛവും ജാള്യതയും തോന്നിയെന്നത് നേരാണ്, ഈ മീറ്റിന്‍റെ ബാനര്‍, ബേഡ്‌ജ്,എംബ്ലം തുടങ്ങിയവ ഡിസൈന്‍ ചെയ്തത മജീദ് നാദാപുരം ഭായിക്ക് എന്‍റെ വക ഒരു സ്പെഷല്‍ സല്യുട്ട് ഇവിടെ കൊടുക്കട്ടെ.(ഇതും കോപ്പിലെയല്ല)
വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞപ്പോഴാണ് മീറ്റിന്റെ കാര്‍ന്നോരായ ഇസ്മായില്‍ ഭായിയെ കാണുന്നത്, ഇങ്ങളിത് എവിടെയായിരുന്ന് സാഹിബേ? എന്ന ചോദ്യം കേട്ടപ്പോള്‍ ആ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഞാന്‍ ശ്രദ്ധിച്ചു, കല്യാണത്തിരക്കുകള്‍ക്കിടയില്‍ വധുവിന്‍റെ പിതാവിന്‍റെ മുഖത്ത് കാണുന്ന ഒരു കോപ്പിലെ ടെന്‍ഷനും വെപ്രാളവും അവിടെ ഉണ്ടെന്നു തോന്നി (മൂന്നാല് മാസം മുമ്പ് നേരിട്ട് അനുഭവിച്ചതായത് കൊണ്ട് അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല) പിന്നെ സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം) , മനോഹര്‍ജീ (മനോവിഭ്രാന്തികള്‍ ) , ബിജു കുമാര്‍ ( നേര്‍കാഴ്ചകള്‍ ), സമീര്‍ (പഥികപത്രം), ഷാനവാസ് ( ചോല), സ്മിത ആദര്‍ശ് (പകല്‍ കിനാവ് ), ജിദ്ദു ജോസ് ( അനുഭവങ്ങള്‍ പാളിച്ചകള്‍), രാജേഷ് കെ വീ ( പ്രവാസി) തുടങ്ങിയവരെ കണ്ടു പരിചയം പുതുക്കി, ഫോണ്‍ വഴി പലപ്പോഴും കേട്ട് പരിചയമുള്ള ഫാസിര്‍ (സൂത്രന്‍) , ഷമീര്‍ ടീ.കേ എന്നിവരെ നേരില്‍ കണ്ടു സംതൃപ്തനായി, ഫേസ്ബുക്ക് കൂട്ടം തുടങ്ങിയ സൈറ്റുകളില്‍ വിലസുന്ന നൗഷാദ് (തൃഷ്ണ),കിരണ്‍ ജോസ് ( സാന്ദ്രം) ,ലെനിന്‍ കുമാര്‍ (പച്ചതവള),ഉമ്മര്‍കുട്ടി ( ചിമിഴ്) , രാജേഷ് (തരിശ്) , ശ്രീജിത്ത് ( ഓര്‍മ്മകള്‍ അനുഭവങ്ങള്‍) തുടങ്ങിയ ബ്ലോഗേര്‍സിനെയും, മുരളി (വാളൂരാന്‍)),ഷീല ടോമി (കാടോടിക്കാറ്റ്), ഹക്കീം പെരുമ്പിലാവ് (പെരുംബിലാവിയന്‍)), ബിജു രാജ് ( ഇസ്ക്ര) , സിറാജ് (സിറൂസ്) , നവാസ് (കൊറിവരകള്‍), റഫീക്ക് കംബള (റഫീക്ക് കംബള) , റിയാസ് കേച്ചേരി (Shaanriyas),സലാഹ് (alvida na),ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ), ഇബ്രാഹീം സിദ്ധിക് ( ഇഹ് സാന്‍),ആഷിക്(മായികലോകം),രാജേഷ് വീ ആര്‍ ( കാല്പാടുകള്‍ ) അജീഷ്.ജി.നാഥ്, ബിഷാദ് (bichoo),കമറുദ്ദീന്‍ ( കമറുദ്ദീന്‍)),സുബൈര്‍ (തിര),സുമേഷ് (exploreasp),ഉസ്മാന്‍ (ഉസ്മാനിയാസ്), ഫിറോസ് (വാചാലന്), ഷബീര്‍( (മൈമ്പ്)എന്നിവരെയും ഓടിനടന്നു പരിചയപ്പെട്ടുവെങ്കിലും, സമയക്കുറവിനാല്‍ കുറച്ചുപേരെ വിട്ടുപോയി, അവരെ ഇനി ബ്ലോഗുകളിലൂടെ പിടിക്കാം എന്ന് കരുതുന്നു. പിന്നെ പോയവര്‍ഷത്തെ മീറ്റില്‍ വെച്ച് പരിചയപ്പെടുകയും ആ സൌഹൃദം അണയാതെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന മഞ്ഞിയില്‍ അസീസ്‌ഭായ് (ദേഹാസ്വാസ്ഥ്യം മൂലം) ചാണ്ടിച്ചന്‍ (ക്രിക്കറ്റ് മാച്ച് മാനിയ) മിഴിനീര്‍ തുള്ളി റിയാസ് (കാരണം അറിയില്ല) ശാഹുല്‍ക്ക, ഹാരിസ് എടവന (നാട്ടില്‍ പോയി) എന്നിവരുടെ അസാന്നിധ്യം മനസ്സില്‍ ചെറിയൊരു അലോസരമുണ്ടാക്കിയെങ്കിലും കൃത്യം രണ്ടു മണിക്ക് തന്നെ സുനിലിന്‍റെ സ്വാഗതപ്രസംഗത്തോടെ മീറ്റ് ആരംഭിച്ചു, അതിനു മുമ്പ് ഫോട്ടോഗ്രാഫി മത്സരത്തിലെ ഒന്ന് രണ്ടു ഫോട്ടോക്ക് ഞാന്‍ വോട്ടു ചെയ്തു കഴിഞ്ഞിരുന്നു ,എന്നാല്‍ മത്സരഫലം വന്നപ്പോള്‍ ഭാഗ്യമെന്നു പറയാം ഞാന്‍ വോട്ടു ചെയ്ത ഫോട്ടോകള്‍ക്ക് പ്രോത്സാഹനസമ്മാനം പോലും കിട്ടിയില്ല, കിട്ടിയിരുന്നെങ്കിലോ! ഫോട്ടോകളെ വിലയിരുത്താനുള്ള എന്‍റെ കഴിവോര്‍ത്തു ഞാന്‍ വല്യൊരു അഹങ്കാരിയായിപ്പോയേനെ,പടച്ചോന്‍ കാത്തു.
മൊത്തം നൂറോളം പേര്‍ രെജിസ്റ്റര്‍ ചെയ്തതില്‍ എഴുപതോളം ബ്ലോഗര്‍മാരും അവരില്‍ പകുതിപേരുടെ കുടുംബാംഗങ്ങളും മാത്രമേ പങ്കെടുത്തുള്ളൂ എന്നതും ഭാഗ്യമായിതന്നെ കരുതണം, അല്ലെങ്കില്‍ മീറ്റ് ഒരൊന്നൊന്നര മീറ്റായിപ്പോയേനെ..
അങ്ങിനെ ബ്ലോഗര്‍മാര്‍ സ്വയം പരിചയപ്പെടുത്തല്‍ എന്ന ചടങ്ങ് തുടങ്ങി, ഓരോരുത്തരെ വേദിയിലേക്ക് ക്ഷണിക്കുന്നതിനോടൊപ്പം അവരുടെ ബ്ലോഗിന്‍റെ ഹോം പേജ് വേദിയിലുള്ള സ്ക്രീനില്‍ കാണിക്കുകയും അയാളെ കുറിച്ച് ഹൃസ്വമായ ഒരു വിവരണം നല്‍കുകയും ചെയ്തിരുന്നു, പേരും പ്രശസ്തിയും ഒന്നും മാനദണ്ഡമായില്ല എന്നത് എടുത്തുപറയേണ്ടുന്ന ഒരു വസ്തുതയാണ്, ആല്‍ഫബെറ്റിക്ക് ഓര്‍ഡറില്‍ ആയിരുന്നതിനാല്‍ സംഘാടകരും പ്രശസ്തരും പുതുമുഖങ്ങളും ഇടകലര്‍ന്നായിരുന്നു വേദിയില്‍ എത്തിയത്, ഒരാള്‍ക്ക് രണ്ടു മിനിറ്റ് എന്ന ടൈം ലിമിറ്റ് പലരും ലംഘിച്ചുവെങ്കിലും ചിലരുടെ വാക്ചാതുരിയുടെ മാധുര്യത്തില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ അതത്ര കാര്യമായിതോന്നിയില്ല ,പക്ഷെ നീണ്ട മൂന്നു മണിക്കൂറുകളാണ് ആ ചടങ്ങില്‍ മുങ്ങിപ്പോയത്.
(ആക്രാന്തം)ഫയാസിന്‍റെ ഹാസ്യരസം തുളുമ്പുന്ന സംസാരവും മിമിക്രിയും സദസ്സിനെ ഒന്നിളക്കിയത് ഇവിടെ പറയാതിരിക്കാനാവില്ല (പപ്പൂസിനെ മലര്ത്തിയടിച്ചെങ്കിലും ജനാര്‍ദ്ദനന് വെച്ച പണി പാളി) അത് പറയുമ്പോള്‍ ഷമീര്‍ ടീ.കേയുടെ (മഴനാരുകള്‍) ഈണം തുളുമ്പുന്ന കവിതാശകലവും ഓര്‍മ്മയില്‍ എത്തുന്നു, ഉപ്പായിരുന്നു വിഷയം.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയെടുത്ത്,
ആവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി-
ഉപ്പു ചേര്‍ത്താലേ രുചിയുള്ളൂ കഞ്ഞിയില്‍
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി,
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും-
നിന്നിലെ ഉപ്പായിരിക്കുമീമുത്തശ്ശി
എന്നുണ്ണിയെ വിട്ടെങ്ങുപോവാന്‍ ?
ഓ.എന്‍.വി യുടെ കവിതയിലെ ചില വരികളാണ് ഷമീര്‍ ചൊല്ലിയത്, രക്ത ബന്ധങ്ങള്‍ പോലെ തന്നെ ഉപ്പ് ബന്ധവും നാം പരസ്പരം സൂക്ഷിക്കണമെന്നും മനുഷ്യരുടെ അദ്ധ്വാനത്തിന്റെ വില ഉപ്പാണെന്നും ഷമീര്‍ പറഞ്ഞു വെച്ചു , . ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു പേരുടെ അശ്രാന്ത പരിശ്രമമുണ്ട്, അതില്‍നിന്നും ഉത്ഭവിക്കുന്ന വിയര്‍പ്പിന്റെ ഉപ്പ് രസം അന്യോന്യം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ നിലവാരവും രുചിയും വര്‍ദ്ധിക്കുന്നതായി നമുക്ക് അനുഭവ്യമാകുന്നു. സദസ്സ് ആ സാരസംപൂര്‍ണ്ണമായ വാക്കുകളും കവിതയും ശെരിക്കും ആസ്വദിച്ചു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ പേപ്പര്‍തുണ്ടില്‍ കണ്ട കവിതയുടെ രചയിതാവിനെ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ജിപ്പൂസ് ( എന്റെ ഇടം)
"ഈറന്‍ മാറാന്‍ നമുക്കിടയില്‍ മറവെന്തിനു
നിന്‍റെ നഗ്നത എനിക്കെന്‍റേതു പോല്‍ പരിചിതം.."
എന്ന ആ കവിതയുടെ വരികള്‍ ചൊല്ലിയപ്പോള്‍ സദസ്സില്‍ നിന്നും "രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അല്ലെ!" എന്ന ഒരു വിദ്വാന്റെ കമ്മന്റ് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി, "തിളച്ച് മറിയുന്ന യൗവ്വനം ഫ്രീയായി രണ്ട് സെന്‍റ് എഴുതിത്തന്ന ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചിലേക്ക് തന്നെ കോരിയൊഴിച്ച് ഉള്ളിലെ തീയൊന്ന് കുറക്കുവാനുള്ള ശ്രമം" (പ്രൊഫൈലില്‍നിന്ന്) നടത്തുന്ന ജിപ്പൂസ്, കല്യാണം കഴിഞ്ഞതോടെ തിളച്ചു മറിഞ്ഞിരുന്ന യൗവ്വനം ഇപ്പോള്‍ ഇയ്യം പോലെ തണുത്തുപോയെന്ന ആരോപണം ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്ന് പറയുന്ന ജിപ്പൂസ് സൌഹൃദത്തിനു പ്രാധാന്യം കൊടുക്കുന്ന നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്.
കൂട്ടത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചത് ഒരു ബ്ലോഗര്‍ കുടുംബമാണ് അബ്ദുല്‍ ജലീല്‍ ( കുറ്റിയാടി കടവു) മൂപ്പരുടെ ഭാര്യ ഷാഹിദ ജലീല്‍ (മുള്ളന്‍ മാടി) മരുമകന്‍ ശിഹാബ് തൂണേരി ( shihab thooneri) എന്നിവര്‍ സദസ്സിലും വേദിയിലും ശെരിക്കും തിളങ്ങിനിന്നിരുന്നു .
ഇവരെ കൂടാതെ സദസ്സിനെ ആകര്‍ഷിച്ച മറ്റൊന്ന് പൊന്നുണ്ണി എന്ന ബ്ലോഗിന്‍റെ കൊച്ചുമുതലാളിക്കുട്ടികളായ സാന്ദ്ര, സന്‍സിന എന്നീ രാമചന്ദ്രന്‍ വെട്ടിക്കാടിന്‍റെ മക്കളായിരുന്നു, കലാമിന്റ കൊച്ചുമോള്‍ എല്ലാവരുടെയും ഓമനയായിക്കൊണ്ട് കലപില കൂട്ടി അങ്ങിങ്ങ് ഓടിനടന്നിരുന്നു.
അതിന്നിടെ ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടന്നു, ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഷക്കീര്‍ (ഗ്രാമീണം) , ഷിറാസ് സിത്താര, സഗീര്‍ പണ്ടാരത്തില്‍ എന്നിവർക്ക് ഫ്രണ്ട്സ് കർച്ചറൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാന്‍ അവാർഡുകൾ വിതരണം ചെയ്തു, ബ്ലോഗർമാർ കേവല സൗഹൃദങ്ങളിൽ തങ്ങി നിൽക്കരുതെന്നും നന്മകളെയും നല്ല ആദര്‍ശങ്ങളെയും സമൂഹത്തിൽ പ്രചരിപ്പിക്കാൻ ബ്ലൊഗുകൾകൊണ്ട് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഫോട്ടോ പ്രദര്‍ശനത്തെയും മത്സരത്തെയും, ഫോട്ടോ ഗ്രാഫി പഠനക്ലാസിനെയും കുറിച്ച് പറയുമ്പോള്‍ അതിന്നായി അശ്രാന്തപരിശ്രമം ചെയ്ത സി എം ഷക്കീര്‍ ഭായിയുടെ പേര് ആദ്യം എടുത്തു പറയേണ്ടതുണ്ട് , കൂടാതെ ബ്ലോഗേര്‍സ് അല്ലാതെതന്നെ ഈ സംരംഭത്തില്‍ വളരെയേറെ സഹകരിച്ച പ്രദോഷ്, അന്‍വര്‍ ബാബു ,രാജന്‍ ജോസ് എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് മീറ്റ് സംഘാടകര്‍ക്കുണ്ട്. രാവിലെ ചിത്ര പ്രദർശനത്തിൽ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തോടൊപ്പം സ്റ്റിൽ, മൂവി ഫോട്ടൊ നിർമ്മാണത്തെകുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു. പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫർമാരായ ദിലീപ് അന്തിക്കാട് ,ഷഹീന്‍ ഒളകര, മുരളി വാളൂരാൻ, സലിം അബ്ദുള്ള, ഫൈസൽ ചാലിശേരി, ഷഹീർ, ഷാജി ലൻഷാദ് എന്നിവർ പങ്കെടുത്തു.
കൂടാതെ, കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി തളര്‍ന്നു രോഗശയ്യയില്‍ കിടക്കുന്ന ഒരു ഹതഭാഗ്യനായ കൊല്ലം കുന്നിക്കോട് സ്വദേശി ഷംനാദിന് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു ലാപ്‌ടോപ് എന്ന അഭിലാഷം സാധിപ്പിച്ചു കൊടുക്കാനും ഈ കൂട്ടായ്മകൊണ്ട് കഴിഞ്ഞുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്, ഇസ്മായില്‍ ഭായ് തന്‍റെ പോസ്റ്റില്‍ പറഞ്ഞതുപോലെ ഇത് പരസ്യപ്പെടുത്തുന്നത് അഹങ്കാരമാണെന്ന് തെറ്റിദ്ധരിക്കരുത്, മറിച്ചു മറ്റുള്ളബ്ലോഗര്‍മാര്‍ക്കും ഒരു പ്രചോദനമായെങ്കില്‍ നന്ന് എന്ന സദുദ്ദേശ്യം ഒന്നുകൊണ്ടു മാത്രമാണ്, ആയതിനുള്ള ഫണ്ട് അസീസ് മാഷിന് കൈമാറാന്‍ സംഘാടക സമിതി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമുണ്ട്.
ഖത്തറിലെ മീറ്റ വേദിയില്‍ ഫണ്ട് കൈമാറ്റം.
സമയം വൈകിയെത്തിയ അസീസ് മാഷ് , ഇസ്മായില്‍ മേലടി (ISMAIL MELADI) ഭായി, മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്) എന്നിവരെ വിശദമായി പരിചയപ്പെടാന്‍ കഴിയാത്ത കുണ്ടിതം ബാക്കിയാണ്.
തൊഴിയൂര്‍ നിന്നും ഹബീബ് (HABSINTER) , അലി മാണിക്കത്ത് (മാണിക്കന്‍), റഷീദ് തൊഴിയൂര്‍ ( ചെറുകഥ) എന്നിങ്ങനെ മൂന്നു പുതിയ ബ്ലോഗര്‍മാരെ കണ്ടപ്പോള്‍ ഖത്തറിലുള്ള തൊഴിയൂര്‍ക്കാരൊക്കെ ബ്ലോഗ്ഗര്‍ മാരായോ എന്നൊരു സംശയം നമ്മുടെ സുനിലിന്, ആത്മഗതത്തിനു ശബ്ദം വെച്ച് കയ്യിലിരുന്ന മൈക്കിലൂടെ പുറത്തു വന്നത് മൂപ്പന്‍ അറിഞ്ഞില്ലെന്നു തോന്നുന്നു, അതിനുള്ള മറുപടിയും കൂടാതെ വേദിയില്‍ അതുവരെ കഴിഞ്ഞ പെര്‍ഫോമെന്‍സുകളെ എല്ലാം കടത്തിവേട്ടാനും പറ്റിയ മറ്റു ചില നമ്പറുകളും മനസ്സില്‍ കരുതിവെച്ചു എന്‍റെ ഊഴവും കാത്തിരിക്കുമ്പോഴാണ് മാലപ്പടക്കത്തിന്‍റെ സ്ക്രീന്‍ഷോട്ട് വേദിയിലെ വെള്ളിത്തിരയില്‍ തെളിഞ്ഞത്, അത് കണ്ടു ചാടിപ്പിടഞ്ഞെണീക്കുമ്പോഴേക്കും പേരുവിളിയും വന്നു, ഞാന്‍ സീറ്റില്‍ നിന്നും എണീറ്റപ്പോള്‍ പഴയ ചില നോവലെഴുത്തിന്റെയും കഴിഞ്ഞ കൊല്ലത്തെ മീറ്റിലെ ചില കണ്ടുമുട്ടലുകളെയും കുറിച്ചും മറ്റും പറഞ്ഞു സുനില്‍ ഞമ്മളെ പരമാവധി പൊക്കാന്‍ തുടങ്ങി ,അത് കേട്ടതോടെ വേദിയില്‍ കത്തിക്കാന്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല , പൊക്കല്‍യജ്ഞം ഞാന്‍ വേദിയില്‍ എത്തി രണ്ടു മിനിട്ട് കഴിഞ്ഞും തുടര്‍ന്നതിനാല്‍ അതിന്റെയൊരു സുഖത്തില്‍ മാന്നാര്‍ മത്തായിച്ഛന്റെ ആ ഒരു ഭാവം മുഖത്ത് കാണിക്കാതെ പരമാവധി ഞാന്‍ പിടിച്ചുനിന്നു, അക്കാര്യമാണ് ഞാനീ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞുവന്നത്, പിന്നീടാണ് എനിക്ക് മനസ്സിലായത് ആ പൊക്കല്‍നമ്പര്‍ എന്നെക്കൊണ്ട് അവിടെ വായ തുറപ്പിക്കാതിരിക്കാനായിരുന്നെന്ന്.
തൊഴിയൂര്‍ നിന്നും ഹബീബ് (HABSINTER) , അലി മാണിക്കത്ത് (മാണിക്കന്‍), റഷീദ് തൊഴിയൂര്‍ ( ചെറുകഥ) എന്നിങ്ങനെ മൂന്നു പുതിയ ബ്ലോഗര്‍മാരെ കണ്ടപ്പോള്‍ ഖത്തറിലുള്ള തൊഴിയൂര്‍ക്കാരൊക്കെ ബ്ലോഗ്ഗര്‍ മാരായോ എന്നൊരു സംശയം നമ്മുടെ സുനിലിന്, ആത്മഗതത്തിനു ശബ്ദം വെച്ച് കയ്യിലിരുന്ന മൈക്കിലൂടെ പുറത്തു വന്നത് മൂപ്പന്‍ അറിഞ്ഞില്ലെന്നു തോന്നുന്നു, അതിനുള്ള മറുപടിയും കൂടാതെ വേദിയില്‍ അതുവരെ കഴിഞ്ഞ പെര്‍ഫോമെന്‍സുകളെ എല്ലാം കടത്തിവേട്ടാനും പറ്റിയ മറ്റു ചില നമ്പറുകളും മനസ്സില്‍ കരുതിവെച്ചു എന്‍റെ ഊഴവും കാത്തിരിക്കുമ്പോഴാണ് മാലപ്പടക്കത്തിന്‍റെ സ്ക്രീന്‍ഷോട്ട് വേദിയിലെ വെള്ളിത്തിരയില്‍ തെളിഞ്ഞത്, അത് കണ്ടു ചാടിപ്പിടഞ്ഞെണീക്കുമ്പോഴേക്കും പേരുവിളിയും വന്നു, ഞാന്‍ സീറ്റില്‍ നിന്നും എണീറ്റപ്പോള്‍ പഴയ ചില നോവലെഴുത്തിന്റെയും കഴിഞ്ഞ കൊല്ലത്തെ മീറ്റിലെ ചില കണ്ടുമുട്ടലുകളെയും കുറിച്ചും മറ്റും പറഞ്ഞു സുനില്‍ ഞമ്മളെ പരമാവധി പൊക്കാന്‍ തുടങ്ങി ,അത് കേട്ടതോടെ വേദിയില്‍ കത്തിക്കാന്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല , പൊക്കല്‍യജ്ഞം ഞാന്‍ വേദിയില്‍ എത്തി രണ്ടു മിനിട്ട് കഴിഞ്ഞും തുടര്‍ന്നതിനാല്‍ അതിന്റെയൊരു സുഖത്തില്‍ മാന്നാര്‍ മത്തായിച്ഛന്റെ ആ ഒരു ഭാവം മുഖത്ത് കാണിക്കാതെ പരമാവധി ഞാന്‍ പിടിച്ചുനിന്നു, അക്കാര്യമാണ് ഞാനീ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞുവന്നത്, പിന്നീടാണ് എനിക്ക് മനസ്സിലായത് ആ പൊക്കല്‍നമ്പര്‍ എന്നെക്കൊണ്ട് അവിടെ വായ തുറപ്പിക്കാതിരിക്കാനായിരുന്നെന്ന്.
എന്തായാലും അന്ന് അവിടെ പറയാതെ ബാക്കിവെച്ചത് പറയാനാണ് ഇങ്ങനെ ഒരു പോസ്റ്റ് പ്ലാന്‍ ചെയ്തത് , പക്ഷെ, വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു പോസ്റ്റിനു ഒരു നീണ്ടകഥയുടെ നീളം വന്നെന്നു തോന്നുന്നു, ഇത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടായിരിക്കാം ഈ കാലമാടന്‍ അന്ന് വാ തുറക്കാതിരുന്നത് നന്നായെന്ന്, അതുകൊണ്ട് കാര്യങ്ങള്‍ ഒതുക്കിപ്പറയാം, തൊഴിയൂര്‍ നിന്നും ഉദിച്ചുയര്‍ന്നുവന്നു കൊണ്ടിരിക്കുന്ന ബ്ലോഗേര്സിനെ കുറിച്ചുള്ള ആത്മഗതതിനുള്ള മറുപടിമാത്രം ഇപ്പോള്‍ "ചന്ദനം ചാരിയാല്‍ ചന്ദനം മണക്കു"മെന്നു കേട്ടിട്ടുണ്ടാവുമെല്ലോ അത് പോലെതന്നെയാണ് ഇതും എന്നങ്ങോട്ടു കരുതുകതന്നെ , ഹല്ല പിന്നെ ! ഈ തൊഴിയൂര്‍ പുതുമുഖങ്ങളില്‍ ഒരാള്‍(ഹബീബ്) എന്റെ സഹോദര പുത്രനും മറ്റെയാള്‍ (അലി മാണിക്കത്ത് ) എന്റെ മരുമകനുമാണ്, റഷീദ് നല്ലൊരു സുഹൃത്തും..
പ്രത്യേകം പറയേണ്ട ഒരുകാര്യം നാലര മണിക്ക് ചായകുടിക്കായി മേലെ സൂചിപ്പിച്ച ബ്ലോഗേര്‍സ് കുടുംബം വക ഉണ്ണിയപ്പം ഉണ്ടായിരുന്നെങ്കിലും സുനിലിന് കിട്ടിയില്ലെന്ന പരാതിയുടെ പ്രതിധ്വനി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചായക്ക് ശേഷം അനൌണ്സ്മെന്റിന്റെ ആവേശം കുറഞ്ഞത് ഇക്കാരണത്താലാണെന്ന് കേള്‍ക്കുന്നത് വെറും കിംവദന്തിയാണെന്ന് വിശ്വസിക്കാവുന്ന കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ശേഷം സംഭാഷണതിന്നായി വേദി പങ്കിട്ട നാമൂസ്, ഹബീബ് റഹ്മാന്‍, ശ്രദ്ധേയന്‍ ഷഫീക്ക് അതിഥിയായെത്തിയ രാജന്‍ ജോസഫ് എന്നിവരുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
ബ്ലോഗിടങ്ങളിലെ സാധ്യതകളെ ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് ബ്ലോഗുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും നടപ്പു ദീനങ്ങളെ ചികിൽസിക്കുന്ന പണിയാണ് ബ്ലോഗേർസ് ഏറ്റെടുക്കേണ്ടത്, സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം, സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കാനും വർത്തമാനത്തെ ജീവസ്സുറ്റതാക്കണമെന്നും ബ്ലോഗേർസിനെ പ്രതിനിധീകരിച്ച് സംസാരിച്ചവർ ആവശ്യപ്പെട്ടു.
ഇടം നഷ്ടപ്പെട്ടവ്ന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയർ, സംഗീതം, സിനിമ, ഫോട്ടൊഗ്രാഫി, വിവിധ ഭാഷകൾ, പാചകം,സ്പോർട്സ്,എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലൊഗർമാർ ദോഹയിൽ ഉണ്ടെന്ന് വിളിച്ചറിയിക്കുന്നാതായിരുന്നു ഈ ബ്ലോഗ്ഗര്‍മാരുടെ സംഗമം എന്നകാര്യം ഊന്നിപ്പറയാതെ വയ്യ.
എല്ലാം കഴിഞ്ഞപ്പോള്‍ ഒരുവൈക്ലബ്യം ബാക്കി നില്‍ക്കുന്നു , അന്ന് അവിടെ വെച്ച് കണ്ട രാമചന്ദ്രന്റെ ഭാര്യ സിന്ധുവും കലാമിന്റെ കേട്യോളും (പേര് ചോദിച്ചില്ല) നേനാസിന്റെ (ചിപ്പി) ഉപ്പയല്ലേ എന്ന് ചോദിച്ചാണ് പരിചയപ്പെട്ടത് , അതോടെ നമ്മടെ മേല്‍വിലാസം ഇല്ലാതായപോലെ ഒരു തോന്നല്‍ ..കാര്യമില്ലെന്നു സമാധാനിക്കാം അല്ലെ ?,മക്കളല്ലേ,അവരുടെ കാലമല്ലേ ! അവര്‍ അറിയപ്പെടട്ടെ ,വളരട്ടെ ..അത്ര തന്നെ..പിന്നല്ലാതെ!
നോട്ട് ദ പോയിന്റ് : ഇത് നമ്മുടെ കൂട്ടത്തില്‍ പെട്ട രണ്ടു ബ്ലോഗര്‍മാരാണ് , ഒരാള്‍ ഷീല ടോമി(കാടോടിക്കാറ്റ്), നമ്മുടെ മീറ്റില്‍ പങ്കെടുത്തിരുന്നു മറ്റെയാള്‍ അമല്‍ ഫെര്‍മിസ് മീറ്റില്‍ പേര് രെജിസ്ടര്‍ ചെയ്തിരുന്നെങ്കിലും എത്താന്‍ കഴിയാതിരുന്ന അഞ്ചാമത്തെ തൊഴിയൂര്‍ നിന്നുള്ള ബ്ലോഗര്‍ ആണ്,ഇവരുടെ ഈ വിജയത്തില്‍ നമുക്ക് അഭിനന്ദങ്ങള്‍ അറിയിക്കാം .
ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളെ കാണാനും സംഭവങ്ങളെക്കുറിച്ച് അറിയാനും അതാത് പേരുകളിലോ സംഭവങ്ങളിലോ ക്ലിക്കിയാല്‍ മതിയാവും.
മീറ്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ മറ്റു പോസ്റ്റുകള്‍ :-
നല്ല രസമുള്ള ഒരു കോപ്പ് പോസ്റ്റ് ആണുട്ടോ ഇത്
ReplyDeleteനല്ല പോസ്റ്റ്; നല്ല വിവരണം.
ReplyDeleteഅഭിനന്ദനങ്ങൾ!