Network Followers

Share this Post

Email Subscription

ഭൂഗര്‍ഭത്തിലെ കാണാക്കയങ്ങള്‍ .

"മഴക്കാലം വന്നെത്തി..  ഇടിമിന്നല്‍  ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം പകര്‍ച്ചവ്യാധികള്‍ ...ദുരന്തങ്ങള്‍ എപ്പോഴാണ് നമുക്ക് മുന്നില്‍ സംഭവിക്കുക എന്നറിഞ്ഞുകൂടാ..അവക്കെതിരെ കരുതിയിരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.ജാഗ്രതയോടെ.." 
ഇങ്ങനെ ഒരു പരസ്യം കുറച്ചുനാളായി പത്രങ്ങളില്‍ കണ്ടുവരുന്നു.  ഇവ കൂടാതെ കടല്‍ക്ഷോഭം ചുഴലിക്കാറ്റ്‌, ഭൂകമ്പം, വരള്‍ച്ച, അഗ്നിബാധ, ബോംബുസ്ഫോടനങ്ങള്‍ ,വെടിക്കെട്ട് അപകടങ്ങള്‍, ജാതീയവും രാഷ്ട്രീയവുമായ ആക്രമങ്ങളും കൊലപാതകങ്ങളും,കെട്ടിടത്തകര്‍ച്ച, കാട്ടുതീ, റോഡ്‌ റെയില്‍ വിമാന അപകടങ്ങള്‍ സാംക്രമികരോഗങ്ങള്‍ തുടങ്ങിയ അപ്രതിക്ഷിത ദുരന്തങ്ങളും ഇടക്കിടെ കേരളക്കരയെ വലച്ചു കൊണ്ടിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. 
എന്നാല്‍ ഇവയൊന്നും കൂടാതെ നമ്മുടെ കൊച്ചു കേരളത്തെ മൊത്തത്തില്‍ പിടിച്ചുലക്കാന്‍ കെല്‍പ്പുള്ള ഒരു കൊടിയ വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയ്യിടെ പല വാര്‍ത്താ മാധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞു.
മലയാളക്കരയിലെ കണ്ണൂര്‍ കോഴിക്കോട് വയനാട് പാലക്കാട് ഇടുക്കി തുടങ്ങിയ ജില്ലകളിലെ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് വന്‍ ഭൂഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത വ്യാപകമാവുന്നു എന്നതാണ് അത്. അടിത്തട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതോടെ ഉറച്ച കര പ്രദേശങ്ങള്‍ പലതും പൊള്ളയാവുന്ന പ്രതിഭാസമാണിത്. സോയില്‍ പൈപ്പിംഗ് എന്നാണത്രേ ശാസ്ത്ര ലോകം ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. വനനശീകരണം മണല്‍ ഖനനം മലയിടിച്ചുനിരത്തല്‍ തുടങ്ങി മനുഷ്യര്‍ പ്രകൃതിയോട് ചെയ്തു കൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ അനന്തരഫലമായുണ്ടായതാണോ ഈ പ്രതിപ്രക്രിയയെന്നവിഷയത്തില്‍ പഠനം നടക്കുന്നതേയുള്ളൂവെങ്കിലും അക്കാര്യത്തില്‍ ഒരു പഠനത്തിന്‍റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. അത്രക്കേറെയാണല്ലോ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാം ചെയ്തുകൊണ്ടിരിക്കുന്നത്. 
കേരളത്തിലെ കാര്‍ഷീക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും ഇതിലൂടെയുണ്ടാവുക. കാലാവസ്ഥാവ്യതിയാനവും പരിതസ്ഥിതിയിലെ മാറ്റവും മൂലം നമ്മുടെ ഭൂഗര്‍ഭജലവിതാനത്തില്‍ ഇപ്പോള്‍ തന്നെ വന്‍കുറവാണ് കണ്ടുവരുന്നത്, ഭൂഗര്‍ഭത്തിലെ മണ്ണ് ഒലിച്ചുപോകുന്നതോടെ പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട പല മേഖലകളുടെയും ഭൂജലസ്രോതസ്സുകളും സംരക്ഷണ ശേഷിയും പൂര്‍ണ്ണമായും ഇല്ലാതാവും. കിണറുകള്‍ കുളങ്ങള്‍ തടാകങ്ങള്‍ തുടങ്ങിയവയിലെ ജലവിതാനം ക്രമാതീതമായി താഴുകയോ വറ്റിവരളുകയോ ചെയ്യും നെല്‍വയലുകളും തോട്ടങ്ങളും തൂര്‍ന്നുപോകുന്ന പ്രവണത സംജാതമാകും. പശ്ചിമഘട്ട മലനിരകള്‍ ഈ ഗര്‍ത്തങ്ങളുടെ അഗാതതകളിലേക്ക് ആഴ്ന്നുപോയാല്‍ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അത് എത്രത്തോളം ബാധിച്ചേക്കുമെന്ന്  കണക്കുകൂട്ടിയേടുക്കുക പ്രയാസമാണ്.
തളിപ്പറമ്പ്, വടകര, അമ്പലവയല്‍, പാലക്കയം, ഉടുമ്പന്‍ചോല തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്,  ഈ പ്രദേശങ്ങളിലെ വയലുകളും കരപ്രദേശങ്ങളും അസ്വാഭാവികമായി വിണ്ടുകീറുന്നത് വ്യാപകമായതോടെയാണ് കര്‍ഷകര്‍ പരാതികളുമായി റവന്യുവകുപ്പിനെ സമീപിച്ചത്. ഇതേതുടര്‍ന്ന് ഭൌമശാസ്ത്രപഠന കേന്ദ്രവുമായി (സെസ്‌) ചേര്‍ന്ന് നടത്തിയ പ്രാഥമിക പഠനങ്ങളിലാണ് സോയില്‍ പപ്പിംഗ് എന്ന പ്രതിഭാസമാണ് ഇതിനു കാരണമെന്ന് വ്യക്തമായത്.
പ്രശസ്ത ഭൌമശാസ്ത്ര ഗവേഷണ ശാസ്ത്രജ്ഞരായ ജി.ശങ്കര്‍, ശേഖര്‍, എല്‍.കുര്യാക്കോസ്, കെ.എല്‍ദോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇതിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിശാലമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് , സംസ്ഥാന റവന്യുവകുപ്പുമായി ചേര്‍ന്നുള്ള ഭൌമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്‍റെ പഠനത്തിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ധനസഹായം നല്‍കുന്നത്.
കിണര്‍ അപ്രത്യക്ഷമാകല് , നദികളുടെയും മറ്റുജലസ്രോതസ്സുകളുടെയും ശോഷണം, മണ്ണിന്‍റെ രാസഘടനയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍, ഇടയ്ക്കിടെയുണ്ടാവുന്ന ഭൂചലനങ്ങള്‍, കാര്‍ഷീകോല്‍പാദന രംഗത്തെ തിരിച്ചടികള്‍ മുതലായവ ഈ പ്രതിഭാസത്തിന്റെ അനന്തരഫലമാണോയെന്നും ഈ സംഘത്തിന്‍റെ പഠനത്തില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. ഇതിന് ഉപഗ്രഹ സര്‍വ്വേയുള്‍പ്പെടെയുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനും ആലോചനയുണ്ട്.
പഠന ഫലങ്ങളും ഈ പ്രതിഭാസതിനെ ചെറുക്കാനായി എന്ത്ചെയ്യാനാവുമെന്ന കണ്ടെത്തലുകളും കൂടുതല്‍ വൈകാതെ ലഭ്യമാകുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

എന്റെ സുഹൃത്തുക്കള്‍