Network Followers

Share this Post

"തീരെ ചെറിയ കാര്യങ്ങള്‍.."

" സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്യോ എന്‍റെ സുബൈറേ..?  അച്ഛാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ..ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം..ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെ..
"ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാന്കെറ്റ്‌ തലവഴി മൂടി തിരിഞ്ഞുകിടന്നു,  സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്. സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം  ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല ,  പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു ഭക്ഷണം  കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്‍റെ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല ,


 പക്ഷേ ക്ഷമ,സ്നേഹം,വിനയം, സഹായം തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങളുടെ കമ്പനിയിലെ ഒന്നാം സ്ഥാനം അവനുതന്നെ കൊടുക്കണമെന്നതിനാല്‍ അവന്‍റെ ചെറിയ ചെറിയ വലിയ മറവികള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വെച്ച് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു , പക്ഷേ, ഹംസക്ക എന്നാല്‍ അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ് എന്നത് മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്‍റേതായ ഒരു അഭിപ്രായം രേഘപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല , ചറ പറാ എന്തെങ്കിലുമൊക്കെ പറയുന്ന അങ്ങേരുടെ വാക്കുകള്‍ക്കങ്ങിനെ ആരും ചെവി കൊടുക്കാറോ പ്രതികരിക്കാറോ ഇല്ല എന്നതാണ് പരമാര്‍ത്ഥം.
"ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെ ഇരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ?ആ ഫ്രിട്ജിലിരിക്കണ പഴങ്ങളൊക്കെ ചീയാന്‍ തുടങ്ങിയിരിക്കന്നു..  വല്ലാത്തൊരു ജന്മംതന്നെ നിന്‍റെത് ..ഊണുല്ല ഒറക്കോം ഇല്ല.. മനുഷന്മാരുമായി മിണ്ടാട്ടോം ഇല്ല...എന്താ ഇത് കഥ..
ഹംസക്ക തന്‍റെ വാക്കത്തി അനുസ്യൂതം തുടരുകയാണ്.അതിന്നിടയില്‍ അയാള്‍ ചായ കൂട്ടുകയും കട്ടിലില്‍ വന്നിരുന്ന് ടി വി ഓണ്‍ ചെയ്ത് ഓരോരോ ചാനലുകള്‍ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
"ഇയ്യാളിന്നു അവന്‍റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു.."
എന്‍റെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ടോണി സ്വയമെന്നോണം പറഞ്ഞത് കാര്യംതന്നെയാണെന്ന് എനിക്ക് തോന്നി. കാര്യം ക്ഷമാശീലനും വിനയകുനയനുമൊക്കെ ആണെങ്കിലും ചൂടായാല്‍ അവനൊരു പുലിയാണെന്ന് ചില അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
"ആ..പിന്നെ..ആ വാഷുമിഷേനില്‍ കെടക്കണ ഡ്രസ്സ്‌ ആരുടെതാ.? അതൊന്നെടുത്ത് കഴുകിയിടാന്‍ നോക്കെന്നേ..മണിക്കൂറ് മൂന്നുനാലായല്ലോ അതില് കെടക്കണ്..ഇതിനൊക്കെ ഒരു കയ്യും കണക്കുമില്ലേ?..ഇങ്ങിനെ അയാലെങ്ങനാ...?
ഹംസക്ക നിറുത്താനുള്ള ഭാവമില്ലെന്നുമനസ്സിലാക്കിയാണെന്നു തോന്നുന്നു; അതല്ല , ക്ഷമ എന്ന സാധനത്തിന്‍റെ നെല്ലി സ്റ്റെപ്പ് കണ്ടു കഴിഞ്ഞത് കൊണ്ടോ..എന്തോ! സുബൈര്‍ തന്‍റെ ലാപ്ടോപ് ഓഫ്‌ ചെയ്തുകൊണ്ട് മെല്ലെ എഴുന്നേറ്റു, പിന്നെ ഹംസക്കാനെ ഒന്ന് ഇരുത്തിനോക്കി..ശേഷം ബാത്തുറൂം ലക്ഷ്യമാക്കി നടക്കുന്നതിന്നടയില്‍ പറഞ്ഞു 'വാഷിങ്ങ്മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം വിട്..അറ്റ്ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്‍റെ കാര്‍ന്നോരെ..എങ്കിലീ പ്രശ്നങ്ങളോന്നുമുണ്ടാവില്ലല്ലോ!' 
ടോണിയുടെ അടക്കിപ്പിടിച്ച ചിരി കേട്ടു, പക്ഷെ, ഹംസക്കായില്‍ നിന്നും പ്രതികരണമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ബ്ലാന്കെറ്റ്‌ മുഖത്തുനിന്നും മാറ്റി ഞാന്‍ നോക്കുമ്പോള്‍ അപ്പറഞ്ഞതൊന്നും തന്നോടല്ല എന്ന മട്ടില്‍ മൂപ്പര്‍ മൂടിപ്പുതച്ച് കിടന്നു കഴിഞ്ഞിരുന്നു.

4 comments:

  1. എന്റെ ആദ്യ സന്ദര്‍ശനമാണ്
    ഇഷ്ടമായി
    ഇവിടെയൊന്നു എത്തി നോക്കൂ....
    http://manafmt.blogspot.com/

    ReplyDelete
  2. അറ്റ് ലീസ്റ്റ് ഒരു ടീസ്പൂണ്‍ പോലുമില്ല അല്ലേ...!!! എന്നാലും എന്തൊരു ഭരണം

    ReplyDelete
  3. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍