Network Followers

Share this Post

Email Subscription

"ഹൃദയത്തില്‍ തൊട്ട ഒരു സുഹൃത്ത്‌.."ഇതെന്‍റെ ഹൃദയത്തില്‍ വിരല്‍പ്പാട് പതിച്ച പ്രിയ സുഹൃത്ത്‌,   അഷറഫ്‌ മാളിയേക്കല്‍,  മനസ്സിലെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നും  ഒന്നാം സ്ഥാനത്തു ഒരിക്കലും ചലനമില്ലാതെ നിലനിക്കുന്ന വ്യക്തിത്വം,  ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ സ്കൂളിലും മദ്രസ്സയിലും ഒരേ ബെഞ്ചിലിരുന്നു പഠിച്ചവര്‍ ഞങ്ങള്‍, എന്‍റെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു  എന്‍റെ ഈ പ്രിയ സുഹൃത്തിന്‍റെ വീട്,  ഓര്‍മ്മവെച്ച കാലം മുതല്‍ ഞങ്ങളെ ചങ്ങാത്തത്തില്‍ ആക്കിയത് ഞങ്ങളുടെ  സമാനമായ ശാന്തസ്വഭാവമാകാം. 
സമാധാന പ്രിയരായിരുന്നു ഞങ്ങള്‍ എന്നും,  മൂന്നോ നാലോ വയസ്സില്‍ തുടങ്ങി പതുനാല്പ്പതു നീണ്ട വര്‍ഷങ്ങള്‍  പിന്നിട്ടിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഊതിക്കാച്ചിയെടുത്ത ഒരു സ്നേഹബന്ധം,  അന്യോന്യം കറതോന്നുന്ന ഒരു വാക്ക് പോലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല എന്നത് ഞങ്ങളുടെ മാനസികമായ പൊരുത്തം കൊണ്ടാവാം. ഞങ്ങളുടെ നല്ലപാതികളായി ജീവിതത്തിലേക്ക് കടന്നുവന്നവരും ഈ ബന്ധത്തിന് ആഴം കൂട്ടുന്നതില്‍ പങ്കു വഹിച്ചിരുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല തന്നെ,  അവരും പരസ്പരം നല്ല സൌഹൃദമാണ് ഇന്ന് വരെ
കാത്തുസൂക്ഷിച്ചു പോരുന്നത് എന്നതും ഞങ്ങള്‍ക്ക് സംതൃപ്തി തരുന്ന ഘടകമാണ്‌.
        (മകന്‍ അമീന്‍ അഷറഫ്‌)
ബാല്യ കൌമാര യൗവ്വനങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ചകള്‍ക്കിടയില്‍ ഒരുപാട് നല്ലതും ചീത്തയുമായ ബന്ധങ്ങള്‍ തൊട്ടുരുമ്മി കടന്നുപോയ്‌കൊണ്ടിരുന്നെങ്കിലും അവയിലൊന്നും പെട്ട് അറ്റുപോകാതെ നിലനില്‍ക്കുന്ന അപൂര്‍വ്വം ചില സൗഹൃദങ്ങളില്‍ ഒന്നാണ് ഞങ്ങള്‍ തമ്മിലുള്ളത്. 
ഞങ്ങള്‍ ഒരുമിച്ച് ഫര്‍ണീച്ചര്‍ നിര്‍മ്മാണം , റെഡിവെയര്‍ യുണിറ്റ് തുടങ്ങിയ ചില ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ജീവിതത്തിന്‍റെ തിക്കുതിരക്കുകള്‍ക്കിടയില്‍ സംഭവിച്ച ചില നോട്ടപ്പിശകുകളും പാളിച്ചകളും മൂലം അവയൊന്നും പച്ചപിടിച്ചില്ല.
മറ്റുള്ളവരെ ചൂഷണം ചെയ്തും, തക്കിട തരികിടകള്‍ കാണിച്ചും ഏതെങ്കിലും നിലക്ക് പണമുണ്ടാക്കുക എന്നൊരു ലക്‌ഷ്യം മാത്രമായി സൌഹൃദത്തിന്‍റെ ആട്ടിന്‍തോലണിഞ്ഞു നടന്നിരുന്ന ചില കുബുദ്ധികളുടെ മധുരവാചകങ്ങളില്‍ പെട്ടുപോയി കുറെ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവരാണ് ഞങ്ങളിരുവരും. എങ്കിലും 
                                                                                                       (മക്കള്‍ അനീഷ, ആഷിക്ക)
ലോകത്തിന്‍റെ; കാലത്തിന്‍റെ; ജീവിതത്തിന്‍റെ,  ഓരോ പരമാണുവിന്‍റെപോലും ചെറു ചെറു ചലനങ്ങള്‍വരെ അതിസൂക്ഷമായി അറിയുന്നവനും, കാണുന്നവനും, മനുഷ്യമനസ്സിന്‍റെ സ്നിഗ്ദ ഭാവങ്ങളും അതിനിഗൂഢ തലങ്ങളും തൊട്ടറിയുന്നവനുമായ ജഗന്നിയന്താവിന്‍റെ കാരുണ്യസ്പര്‍ശത്താലാവാം കൂടുതല്‍ വിഷമങ്ങളിലേക്ക് ആഴ്തപ്പെടാതെ ഇന്നും അല്ലലറിയാതെ ജീവിച്ചു പോകുവാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്.                                                                                                                                    
സ്വന്തക്കാരും ബന്ധക്കാരും പോലും തള്ളിപ്പറഞ്ഞ; തെറ്റിദ്ധാരണകളുടെ മുള്‍മുനയിലൂടെ തെന്നി നടക്കേണ്ടിവന്ന ഒരു കാലഘട്ടം എന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചിരുന്നു,  ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്പ്പെടാത്ത ജീവിതത്തിലെ ഒരു കറുത്ത  അധ്യായം,  നിരാശയുടെ തുരുത്തില്‍ ഒറ്റപ്പെട്ട് ദുരൂഹതകളുടെ അറ്റം കാണാത്ത വീഥികള്‍ കണ്ടു ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്ന സമയത്ത് തോളില്‍ കയ്യിട്ടു ഞാനുണ്ടടോ തന്‍റെകൂടെ താന്‍ പേടിക്കണ്ട എന്നോതിയ ആ സ്വാന്തന മന്ത്രം ജീവവായു നിലനില്‍ക്കും കാലത്തോളം മറക്കാനാവില്ല എനിക്ക് , ഉള്ളില്‍ അസ്വസ്ഥതകളും വിഷമങ്ങളും തിങ്ങിവിങ്ങുന്ന നേരം എന്‍റെ ഈ സുഹൃത്തിന്‍റെ  ഒരു ആശ്വാസ വാക്ക് കേട്ടാല്‍ മനസ്സില്‍ ഒരു നിറവു വന്നു തുടിക്കുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും.
ഇന്ന് കുന്നംകുളം നഗരത്തിലെ അറിയപ്പെടുന്ന ഒരു ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്‍റെ ഉടമയാണ് അഷറഫ്‌ , ഞാനിവിടെ ഖത്തറില്‍ ഞങ്ങളുടെ നാടിന്‍റെ സ്വന്തമെന്നു പറയാവുന്ന ഒരു വലിയ സ്ഥാപനത്തിലെ തരക്കെടില്ലാതൊരു ജോലിക്കാരനാണ്.
ജീവിതത്തിന്‍റെ പച്ചപ്പുകള്‍ തേടിയുള്ള ഓട്ടപ്പാചിലുകള്‍ക്കിടയില്‍  ദൂരങ്ങള്‍ പലതും താണ്ടി ഇരു കരകളിലായി വ്യത്യസ്ഥ മേഘലകളിലൂടെയാണ് ഞങ്ങളുടെ സഞ്ചാരപഥങ്ങളെങ്കിലും മനസ്സ് കലുഷിതമാകുന്ന പല സന്ദര്‍ഭങ്ങളിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്‍റെ ഈ പ്രിയ സുഹൃത്തിന്‍റെ ഒരു വാക്ക് നല്‍കുന്ന സ്വാന്തനത്തിന്‍റെ ഒരിളം തലോടല്‍  ഇടയ്ക്കിടെ അനുഭവിക്കാറുണ്ട് ഞാനിന്നും,  എനിക്ക് അനുഭവ്യമാകുന്ന ആ ആത്മനിര്‍വൃതി  എന്‍റെ ആ പ്രിയ മിത്രം പലപ്പോഴും അറിയാറില്ലെന്നു മാത്രം
.

എന്റെ സുഹൃത്തുക്കള്‍