Network Followers

Share this Post

Email Subscription

ആദ്യത്തെ പള്ളിക്കൂടം ..

                    
എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ ,
തൊഴിയൂരിന്‍റെ മാത്രം  സ്വന്തം എന്ന് ഉറപ്പിച്ചു പറയാവുന്ന  ഒരു സ്ഥാപനം ഇതുപോലെ മറ്റൊന്ന്  ഈ നാട്ടില്‍ വേറെ  ഇല്ല തന്നെ , 
ഒരു നൂറ്റാണ്ട് കാലം  പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി  തൊഴിയൂരിന്‍റെ കുറേയേറെ തലമുറകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്ത അഭിമാനബോധത്തോടും  അതിലേറെ പ്രൌഢിയോടും ഒരു മുതുമുത്തച്ഛന്‍റെ ഗൗരവത്തോടും കൂടി 
തലയുയെടുപ്പുമായി നില്‍ക്കുകയാണ് ഈ കൊച്ചുവലിയ സ്ഥാപനം .
മാളിയേക്കല്‍ കുഞ്ഞഹമ്മു ഹാജി യുടെ കാല ശേഷം 
ഈ സ്കൂളിന്‍റെ മാനേജര്‍ തോഴിയൂരിലെ പ്രഥമ പൌരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന  ബഹുമാന്യനായ മാളിയേക്കല്‍  മോയ്തുട്ടി ഹാജിയാണ്  കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ ഇടയ്ക്കിടെ സ്കൂള്‍  ബില്‍ഡിംഗുകള്‍ പുതുക്കിയും; മാറ്റിയും പണിത്‌ അദ്ദേഹം തന്നാല്‍ കഴിയും വിധം ഈ സ്ഥാപനത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുന്നുണ്ട്.
എന്‍റെയും  സമപ്രായക്കാരുടെയും  മൂന്നു നാല് മുന്‍ തലമുറകളുടെയും  വിദ്യക്ക് നാന്ദി കുറിച്ച
പഠനകേന്ദ്രം ,
 തലമുറകളിലൂടെ കണ്ടും കേട്ടും എന്നും ഞങ്ങള്‍ തൊഴിയൂര്‍കാര്‍ക്ക് ഞങ്ങളുടെ സ്വന്തമായ എല്‍ പി സ്കൂള്‍ അഥവാ പനങ്ങായി സ്കൂള്‍ . 
ബാല്യകാലം; മധുരനൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്  മനസ്സകങ്ങളിലേക്ക്, പുളകങ്ങള്‍ ഉണര്‍ത്തുന്ന കുതൂഹലതകളുടെ, 
കുറെ കുസ്രുതികുന്നായ്മകളുടെ, കൊച്ചു കൊച്ചു ഇണക്കങ്ങളുടെ; പിണക്കങ്ങളുടെ....  
അങ്ങിനെ ഒരായിരം ഓര്‍മ്മകളുടെ.നിലയില്ലാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടുമുങ്ങാന്‍, അടിത്തട്ടുകളില്‍ മങ്ങിമയങ്ങിക്കിടക്കുന്ന മണിമുത്തുകള്‍ വാരിക്കോരി എടുക്കാന്‍ വെറുതെയെങ്കിലും ഒരു മോഹം തോന്നുന്നു ഉള്ളിലെവിടെയോ ...


അന്നത്തെ അവധിക്കാലങ്ങള്‍...കാരക്കമിട്ടായിയുടെ,കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്റെ രസമുള്ളപുളി..
കുട്ടിയും കോലും കളിയുടെ താളമേളങ്ങള്‍ ,
 കൊച്ചംകുത്തിയുടെ വെറിക്കൂട്ടുകള്‍ കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍.
അങ്ങിനെ അങ്ങിനെ   ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!
വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ... വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
കുഞ്ഞയമു മാഷ്‌ , അറബി മാഷ്‌ , എസ്ട്രേല ടീച്ചര്‍ , കൊച്ചുണ്ണി മാഷ്‌ , കുര്യാക്കു മാഷ്‌ , മേരി ടീച്ചര്‍ , ചുള്ളീലെ ടീച്ചര്‍,തുന്നല്‍ ടീച്ചര്‍..
 എന്നിങ്ങനെ ഒന്നാം ക്ലാസുമുതല്‍ മൂന്നാം ക്ലാസ്സുവരെ  പഠിപ്പിച്ച അദ്ധ്യാപകരില്‍ തുടങ്ങി നാലില്‍ നിന്നും സ്കൂളിനോട് വിടപറയുമ്പോള്‍  മോമുണ്ണി മാഷ്‌ ( ഈ മാഷ് ഇവിടെ പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകനായി വന്നു എന്നതു നിയോഗം ,ഇദേഹം എന്‍റെ മൂത്ത സഹോദരസ്ഥാനീയന്‍ ആണെന്നത് പരമാര്‍ത്ഥം)   ഹഫ്സ ടീച്ചര്‍ തുടങ്ങിയവര്‍ കൂടി  എത്തിച്ചേര്‍ന്നിരുന്നു ( ഇവരും ഇപ്പോള്‍ പെന്‍ഷനായി പിരിഞ്ഞു കഴിഞ്ഞു ) ഇപ്പോള്‍ കുറേ കാലമായുള്ള പ്രവാസജീവിതം മൂലം പുതിയ അദ്ധ്യാപകരുടെ പേരുവിവരങ്ങള്‍ അറിയാനും ഇവിടെ ചേര്‍ക്കാനും  കഴിയുന്നില്ല. 
കുട്ടികളുടെ  ദൌര്‍ലഭ്യം മൂലം ഇപ്പോള്‍  മറ്റു അര്‍ദ്ധസര്‍ക്കാര്‍ സ്കൂളുകളെ പോലെതന്നെ  അടച്ചുപൂട്ടല്‍ ഭീഷണിയെ ഈ സ്കൂളും  നേരിട്ട് കൊണ്ടിരിക്കുന്നെങ്കിലും കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ഈ സ്കൂളിനെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന നാട്ടുകാരുടെ നിസ്സീമമായ സഹകരണത്തോടെ    അത് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.


എന്നെ പഠിപ്പിച്ച പല അദ്ധ്യാപകരും ഇന്ന് ഓര്‍മ്മ മാത്രമാണെങ്കിലും അവര്‍ പകര്‍ന്നു നല്‍കിയ അക്ഷരക്കരുത്ത് ഇന്നും ഇങ്ങിനെ എന്തെങ്കിലുമൊക്കെ  കുത്തിക്കുറിക്കാന്‍ ഉത്തേജമാകുന്നതില്‍ ഞാന്‍ ചാരിതാര്‍ത്ഥ്യനാണ്.
ആ നിസ്വാര്‍ത്ഥതയുടെ പരിപാവന സ്മരണകള്‍ക്ക് മുന്നില്‍ ഈ എളിയ കുറിപ്പ് സമര്‍പ്പിക്കുന്നു.
ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പ് അഡ്രസ്‌.

എന്റെ സുഹൃത്തുക്കള്‍