Network Followers

Share this Post

"സര്‍വ്വം കൂതറ മയം"

"ഒന്നേക്കാലുലുവേടെ  കൂതറ കള്ളും മോന്തി താനാണ് നാട്ടുരാജാവെന്ന ഭാവത്തില്‍  നടക്കുന്ന കുറേ ഊച്ചാളികള്‍ വെലസുന്നുണ്ട് നമ്മുട നാട്ടിലിപ്പോള്‍ , അവന്മാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൊരു മൊട്ടുസൂചി എടുത്തു കാണിച്ചാ മതി ആ കൂതറകളെല്ലാം വാലും ചുരുട്ടി പായുന്നത്കാണാം , പിന്നെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ "
നാട്ടിലെ ചില ചട്ടമ്പി പിള്ളേരെ ക്കുറിച്ച് ആയിടെ നാട്ടില്‍പോയി തിരിച്ചെത്തിയ സുഹൃത്ത്‌ പറഞ്ഞ ഈ അഭിപ്രായത്തില്‍ നിന്നാണ് കൂതറ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് , ശേഷം ഗൂഗിള്‍ ബസ്സില്‍ നമ്മുടെ ബൂലോക ബ്ലോഗര്‍ "കൂതറ" ഹാഷിമില്‍ നിന്നും കിട്ടിയ ഒരു കമന്റും കൂടി ആയപ്പോള്‍  കൂതറ എന്ന വാക്കിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ഒരു ആകാംക്ഷ തോന്നി, അന്നാണ് ബൂലോകത്തും ഒരു കൂതറ ഉണ്ടെന്നറിഞ്ഞതും അതിന്‍റെ മൊതലാളി   ഹാഷിമിനെ  ആദ്യമായി  പരിചയ പ്പെടുന്നതും,  അടുത്തറിഞ്ഞപ്പോള്‍  കൂതറ എന്ന ഈ സ്വയ വിശേഷണം ഒരിക്കലും ചേരാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്‍റെ ഈ അനുജനെന്ന പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി , മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവം കൂതറത്തരമാണെങ്കില്‍  കൂതറ എന്ന വാകിന്‍റെ അര്‍ഥം നല്ലത് എന്നാക്കേണ്ടി വരും .


(ഇത് കണ്ടിട്ടെങ്കിലും ആ കൂതൂ ഒന്ന് സമാധാനിക്കട്ടെ എന്ന് കരുതിയാണെ ബൂലോകരെ , തെറ്റിദ്ധാരണ വേണ്ട )
പിന്നെ , ഒരു ബൈക്കിനെ കുറിച്ച് അക്കാര്യത്തില്‍ നിപുണനായ ഒരു പയ്യന്‍സിനോട് ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്നെ രണ്ടു ബ്രാണ്ടുകളെ കുറിച്ചുള്ള വിലയിരുത്തല്‍ കിട്ടി ഒരെണ്ണം കിടിലന്‍ മറ്റേതു വെറും കൂതറ , ഒരു സുഹൃത്തിനു പെണ്ണ് അന്വേഷിച്ചപ്പോഴും മറുപടി കൂതറ മയം അവളൊരു കൂതറയാണ്  ഇക്കാ എന്ന് , സുഹൃത്തിന്‍റെ മോള്‍ക്കൊരു ചെക്കനെ അന്വേഷിച്ചപ്പോഴും കൂതറ ടച്ചില്‍ തന്നെ ഉത്തരം ചെക്കന്‍ വെറും തറയല്ല കൂതറയാണെന്ന്,  അങ്ങിനെ എവിടെയും എന്തിലും ഏതിലും ഒരു കൂതറ മയം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്നതായി മനസ്സിലാക്കാനായി  ,  കൂതറ തന്ത , കൂതറതള്ള , കൂതറ ചെക്കന്‍  കൂതറപെണ്ണ് , കൂതറ കള്ള്‌, കൂതറ വണ്ടി ,കൂതറ ബുക്ക് , കൂതറ ബ്ലോഗ്, കൂതറ മുറി , കൂതറ കല്യാണം , കൂതറ പാര്‍ട്ടി അങ്ങിനെ അങ്ങിനെ  ഒരു പാട് കൂതറത്തരങ്ങള്‍  കണ്ടും കേട്ടും കൂതറ പ്രയോഗത്തിന്‍റെ അര്‍ത്ഥവ്യാപ്തി എത്രത്തോളം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നെന്ന കണ്ടെത്തല്‍ അത്ഭുതം ഉളവാക്കുന്ന ഒന്നായിരുന്നു.  ദൃശ്യ; വാര്‍ത്താ മാധ്യമങ്ങള്‍  ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല എന്നും ഈ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാനായി .
"നല്ലത്"  എന്നതിന്‍റെ വിപരീത പദമായാണ് "കൂതറ" പ്രയോഗിക്കപ്പെട്ടു  കാണുന്നത് ,
 കോളേജ് കാംപസ്സുകളിലൂടെയും  സിനിമകളിലൂടെയും  നമ്മുടെ മലയാള ഭാഷക്ക് കുറെ കനപ്പെട്ട സംഭാവനകള്‍ മുമ്പും ലഭിച്ചിട്ടുണ്ട് ,  ചെത്ത്‌ , അടിപൊളി , കിടിലന്‍ , ഇടിവെട്ട് , സവാരി ഗിരി ഗിരി  തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്, അവയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഈ കൂതറ കടന്നു കയറ്റം നടത്തിയിരിക്കുന്നത്.
പക്ഷെ , ശബ്ദ താരാവലി യില്‍ വളരെ  പണ്ടേ സ്ഥാനം പിടിച്ചിട്ടുള്ള  കൂതറ ഇയ്യിടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു മാത്രം ,  മലയാളം ലക്സിക്കണിലും കൂതറയുടെ സാനിദ്ധ്യമുണ്ട് , "കൂതറൈ" എന്ന തമിഴ്‌ പദത്തെക്കുറിച്ചും ലക്സിക്കണില്‍ പരാമര്‍ശം കാണുന്നു, തമിഴ് നാടിനോട് തൊട്ടു കിടക്കുന്നതിനാല്‍ തിരുവനന്തപുരം ഭാഗത്ത് നാട്ടുമലയാളത്തിനു തമിഴ്‌ സ്വാധീനം കൂടുതലാണ് , കൂതറയും അങ്ങിനെ എത്തിപ്പെട്ട ഒന്നാവാനാണ് സാധ്യത കാണുന്നത്  , ദൃശ്യ മാധ്യമങ്ങളുടെ പചാരം പ്രാദേശിക ഭാഷാ ഭേദം കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട് , കൂതറയുടെ വര്‍ദ്ധിച്ച ജനപിന്തുണക്ക് ഇതും ഒരു കാരണമാണ് .
മലയാള സിനിമാ ചരിത്രത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സംഭാഷണ മേഖലയില്‍ കുത്തകാവകാശം സ്ഥാപിച്ചിരുന്ന വള്ളുവനാടന്‍ ഭാഷാ മേല്‍ക്കോയ്മ തച്ചുടച്ചുകൊണ്ട് തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും അവതരിച്ച സുരാജു വെഞ്ഞാറമൂടാണ് കൂതറയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്,

ഇനിയിപ്പോ കൂതറ ചെക്കന്‍മാര്‍  കൂതറ കള്ളും മോന്തി കൂതറ വണ്ടികളില്‍ കൂതറപ്പാട്ടും പാടി കുക്കൂതറകളായി വിലസുന്ന കാഴ്ച നമുക്ക് കണ്ടില്ലെന്നു വെക്കാം.. അല്ല പിന്നെ !..

സമ്മാന വിവരം - ബൂലോക മത്സരം.

LG-KP 105
പങ്കെടുത്ത എല്ലാവര്‍ക്കും സ്പെഷല്‍ സമ്മാനം 

മത്സരത്തിലേക്ക് എന്ട്രികള്‍ ലഭിക്കേണ്ട പതിനെട്ടാം തീയ്യതി  പിന്നിട്ടപ്പോള്‍ നമ്മുടെ ബൂ ലോക കണ്ണ് കണ്ടെത്തല്‍ മത്സരത്തിലേക്ക് ഇരുപത്തിയാറു എന്ട്രികള്‍ ലഭിച്ചു അവയില്‍ പൂര്‍ണ്ണമായി ശരിയുത്തരം തീരെയില്ല , ഒരു തെറ്റ് വരുത്തിയ ഒരു എന്‍ട്രിയും മൂന്നു തെറ്റുകള്‍ വീതം വരുത്തിയ രണ്ടു എന്‍ട്രികളും ഉണ്ട് , മറ്റു പലതും മുപ്പതു കണ്ണുകള്‍ പോലും കണ്ടെത്താത്തവരായിരുന്നു , കിട്ടിയവയില്‍ ഇരുപത്തി അഞ്ചു ഉത്തരങ്ങളും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ് കോട്ടയത്തുനിന്നുമുള്ള ഒരു എന്‍ട്രി മാത്രമാണ് കേരളത്തില്‍ നിന്നായി ലഭിച്ചത് , ഈ മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹര്‍ രണ്ടു പേര്‍ ഉള്ളതിനാല്‍ രണ്ടു പേര്‍ക്കും ഓരോ  ലാപ്‌ ടോപ്‌ ആക്സസ്സറീസ് കിറ്റ്‌ നല്‍കുന്നതാണ് , കൂടാതെ മത്സരത്തിലേക്ക് എന്ട്രികള്‍ അയച്ച ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കര്‍ഹരായവരല്ല്ലാത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും LG-KP 105 -മോഡല്‍ ഓരോ മൊബൈല്‍ ഫോണുകള്‍ ലഭിക്കുന്നതാണ് , ഈ വിവരം നേരത്തെ പ്രഖ്യാപിക്കാതിരുന്നത് അതിനായി മാത്രം വെറുതെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ,  ഫൈനല്‍ പരിശോധന കഴിഞ്ഞു മത്സര ഫലം ജനുവരി 25 നു തന്നെ പ്രഖ്യാപിക്കുന്നതാണ്..,മത്സരത്തില്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു .
______________________________________________________

മത്സരത്തിനുള്ള സമ്മാനം ഡിസംബര്‍ 25 നു പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത് പ്രകാരം ഇവിടെ ചേര്‍ക്കുന്നു . നാട്ടില്‍ നിന്നും ഉള്ള ബ്ലോഗര്‍ക്കാണ്സമ്മാനം  ലഭിക്കുന്നതെങ്കില്‍ നമ്മുടെ പ്രിയ ബ്ലോഗര്‍ ഹാഷിം (കൂതറ) വഴി ലഭിക്കുന്നതാണ് ,വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് കൊറിയര്‍ ആയും അയക്കുന്നതാണ് . നാട്ടില്‍   സമ്മാനം ലഭിക്കുന്നവര്‍ ഹാഷിമുമായി താഴെ ചേര്‍ക്കുന്ന നമ്പറില്‍  ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു
 MOBILE NO : 9895460920

 ഇനിയും മത്സരത്തിലേക്ക് ഉത്തരം അയച്ചിട്ടില്ലാത്തവര്‍ ജനുവരി 18 നു മുമ്പ് താഴെ ചേര്‍ത്ത മെയില്‍ അഡ്രസില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു , കമ്മന്റ് ബോക്സില്‍ ഉത്തരം ചേര്‍ക്കരുതെന്നു വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .. മത്സരത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവര്‍ വിശദ വിവരത്തിനു  ഇതിനു മുമ്പുള്ള പോസ്റ്റ്‌   കാണുക. 
ffcfriendsgroup@gmail.com





                                                                  സമ്മാന വിവരം
                                                   ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക്  
                                              
                                                        WESTAR WATCH #7381STN

                                                    രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക്
                                                        LATOP ACCESSORIES KIT

ബൂലോക മല്‍സരം -കണ്ണുകളുടെ അവകാശികള്‍ ?


ഇത് ബൂലോകര്‍ക്ക് മാത്രമായുള്ള ഒരു  മത്സരമാണ്,ഓര്‍മ്മ ശക്തി എത്രത്തോളം നിലനില്‍പ്പുണ്ടെന്നു അറിയാനായി ഒരു പരീക്ഷണ മല്‍സരം, എഡിറ്റ്‌ ചെയ്തു പോസ്റ്റിയ താഴെയുള്ള  മൂന്നു ഫോട്ടോകളിലായി നമ്മുടെ ബൂലോകത്തില്‍ ബ്ലോഗുകളിലൂടെ സുപരിചിതരായ  മുപ്പത്തിയാറു പുരുഷ ബ്ലോഗ്ഗര്‍ മാരുടെ കണ്ണുകള്‍ ഉണ്ട് , ഇവരില്‍ തൊണ്ണൂറു ശതമാനം പേരും സ്ഥിരമായി കമ്മന്റുകളില്‍ കാണാറുള്ളവരാണ്, മറ്റുചിലര്‍ ബ്ലോഗുകള്‍ കൊണ്ട് പ്രസിദ്ധരായവരും , എങ്ങിനെ ആയാലും എല്ലാവരും ബൂലോകത്തെ പുപ്പുലികള്‍ ,പുള്ളിപുലികള്‍, പുലിക്കുട്ടികള്‍ എന്നീ മൂന്ന് ഗണങ്ങളില്‍ പെടുന്നവരാണ്..ഇന്‍റര്‍നാഷണല്‍ പുലികളായ നമ്മുടെ ബ്ലോഗു വിദ്വാന്മാരെ എല്ലാവരും ഒരു കണ്ണ് പോസ്റ്റിയാലും തിരിച്ചറിയും  എന്നതിനാല്‍ ഇവിടെ ചേര്‍ത്തിട്ടില്ല , പിന്നെ എനിക്ക് പരിചയമില്ലാത്ത കരിമ്പുലികളും വിട്ടുപോയിട്ടുണ്ട് ,ബാക്കിയുള്ള  എല്ലാവരെയും  അടുത്ത സമ്മര്‍ സീസണ്‍ മല്‍സരത്തില്‍ ഉള്‍പ്പെടുത്തും ,പെണ്‍ പുലികളെ ആസ്പദമാക്കി  ഒരു മല്‍സരം ഉടനെ ഉണ്ടാവും ..
ഈ കണ്ണുകളില്‍ നോക്കി ഇവരെ തിരിച്ചറിയണം, ഒന്ന് രണ്ടു ഫോട്ടോകള്‍ ആ ബ്ലോഗര്‍മാരുടെ യാഥാര്‍ത്ഥ ഫോട്ടോകള്‍ അല്ലെങ്കിലും അവരെ തിരിച്ചറിയാന്‍ അത് മതി എന്ന നിലക്കും മറ്റുള്ള ഫോട്ടോകള്‍  ഒറിജിനല്‍ ആണെന്ന ധാരണയോടും കൂടിയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
ഖത്തറിലെ അന്‍സാരി ബിസിനസ്‌ ഗ്രൂപ്പില്‍ പെട്ട ഫാമിലി ഫുഡ്‌ സെന്‍റെര്‍ ഈ വിന്‍റര്‍ സീസണില്‍ നടത്തുന്ന ബിസിനസ്സ് പ്രമോഷന്‍റെ ഭാഗമായി മൂന്ന് CADILLAC SRX 2010 കാറുകള്‍ സമ്മാനമായി നല്‍കുന്നുണ്ട്, അമ്പതു റിയാലിന്റെ ബില്ലിന് ഒരു കൂപ്പണ്‍ വീതം ലഭിക്കും ..

 ചിത്ര കൂടം ബ്ലോഗ്ഗിന്‍റെ വിന്‍റര്‍ പ്രമോഷന്‍റ ഭാഗമായാണ് ഈ മെമ്മറി ടെസ്റ്റ്‌ മല്‍സരം, മല്‍സരത്തില്‍ വിജയികളാവുന്നവര്‍ക്ക് ഇലക്ട്രോണിക് ഐറ്റങ്ങള്‍ ആയിരിക്കും സമ്മാനമായി ലഭിക്കുക, കണ്ണുകളുടെ യഥാര്‍ത്ഥ ഉടമകളെ ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന വ്യക്തികള്‍കായിരിക്കും ഒന്നും, രണ്ടും  സമ്മാനങ്ങള്‍ ലഭിക്കുക , കൂടുതല്‍ പേര്‍ ഒരേ പോലെ ശരിയുത്തരം നല്‍കിയാല്‍  നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്,  സ്വന്തമായി ബ്ലോഗ് ഉള്ളവര്‍ക്ക് മാത്രമേ ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉള്ളൂ.. സമ്മാനങ്ങളുടെ വിവരം 2010 ഡിസംബര്‍ 25 നു ഇതേ ബ്ലോഗുകളില്‍ (മാലപ്പടക്കം , ചിത്രകൂടം ) പ്രസിദ്ധപ്പെടുത്തും, 2011 ജനുവരി 18നു മുമ്പായി എന്ട്രികള്‍  ലഭിച്ചിരിക്കണം . 2011 ജനുവരി 25 നു മല്‍സര ഫലം ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ഈ ബൂലോക മത്സരത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരെ കൂടുതല്‍ പങ്കെടുപ്പിക്കുന്നതിനായി നിങ്ങള്‍ അറിയുന്നവരുമായി ഈ ലിങ്ക് പങ്കു വെക്കുമെല്ലോ !  ഈ പരീക്ഷണ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബൂലോക സുഹൃത്തുക്കള്‍  ഫോട്ടോയില്‍ കാണുന്ന സീരിയല്‍  നമ്പരുകള്‍ പ്രകാരം കണ്ണിന്‍റെ ഉടമയുടെ പേരുകള്‍ ടൈപ്പു ചെയ്ത് ചേര്‍ത്ത്  അയക്കുന്ന ആളുടെ മുഴുവന്‍ പേരും അഡ്രസ്സും കോണ്ടാക്റ്റ് നമ്പറും  മെയില്‍ ഐഡിയും സഹിതം  താഴെയുള്ള മെയില്‍ അഡ്രസ്സില്‍ അയക്കുക..
ffcfriendsgroup@gmail.com
പ്രത്യേക ശ്രദ്ധക്ക്:-
കമ്മന്‍റ് കോളത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാത്രം ചേര്‍ക്കുക. എന്ട്രികള്‍ കമ്മന്റുകോളം വഴി സ്വീകരിക്കുന്നതല്ല . 

                                 ഇനി ഫോട്ടോകള്‍ സൂക്ഷമായി നിരീക്ഷിച്ച് ഉത്തരം കണ്ടെത്തൂ..










"മരുക്കാറ്റ് വീശുമ്പോള്‍ "

നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ ..
കാലപ്രവാഹത്തില്‍.. മരുക്കാറ്റിന്‍റെ ഉഷ്ണത്തിലൂടെ  കുത്തിയൊലിച്ചു പോയ ജീവിതത്തിലെ ആ  നല്ല നാളുകള്‍ ..
തൊണ്ണൂറുകളുടെ ആരംഭത്തില്‍  എയര്‍ ഇന്ത്യയുടെ  ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു.
പക്ഷെ , വാഗ്ദത്തഭൂമിയിയെ ആദ്യനാളുകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്‌നങ്ങള്‍  കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം.
അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറേ നാളുകള്‍ ..
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്‍റെ വിങ്ങലടങ്ങാതെ രാവിന്‍റെ അന്ത്യ യാമങ്ങളില്‍  പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ..
പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും  കരിക്കട്ടകളായി മാറി കഴിഞ്ഞിരുന്നു.  

സൂക്ഷിക്കണേ...വഴുക്കും.!

ഏകദേശം പത്തിരുപതു വര്ഷം മുമ്പ് ഒരു വലിയ പെരുന്നാള്‍ ദിനം ..
ഞങ്ങളുടെ തൊഴിയൂര്‍ പാലെമാവ്‌ മഹല്ല് പള്ളിയിലേക്ക് പെരുന്നാള്‍ നമസ്കാരത്തിനായി കൊച്ചുകുട്ടികളും വയോവൃദ്ധരും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍  മാത്രം കാണുന്ന ചില  പ്രത്യേക മനുഷ്യജീവികളും അടക്കമുള്ള ആബാലവൃദ്ധം  ജനങ്ങള്‍  ഒറ്റയായും  കൂട്ടമായും വന്നെത്തിക്കൊണ്ടിരുന്നു..
അന്നത്തെ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി  വലിയൊരു കുളമുണ്ടായിരുന്നു , ആവശ്യക്കാര്‍ക്ക് അംഗശുദ്ധി വരുത്തി പള്ളിയിലേക്ക് കയറാനായി കരിങ്കല്‍ പടവുകളും കൈവഴികളും പള്ളിയുടെ  വാതില്‍ വരെ കെട്ടിപ്പൊക്കിയിട്ടുമുണ്ടാരുന്നു..

എപ്പോഴും ഈര്‍പ്പം തട്ടുന്ന  ഈ പടവുകളില്‍ നനവും വഴുക്കലും ഒരു ഒഴിയാബാധ പോലെ ആളുകളെ ഇടയ്ക്കിടെ വീഴ്ത്തിക്കൊണ്ടിരുന്നു.
തൊഴിയൂരില്‍ ആയിടെ അടുത്ത ഗ്രാമമായ ഞമനെങ്കാട്ടുനിന്നും വന്നു താമസമാക്കിയ ഒരു കുടുംബത്തിലെ അംഗം അബുക്ക  ഖത്തറില്‍ നിന്നും പെരുന്നാള്‍ ആഘോഷത്തിനായി തലേ ദിവസമാണ് നാട്ടിലെത്തിയത് .ഞങ്ങള്‍ക്കെല്ലാം വളരെ സ്നേഹവും ബഹുമാനവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ധേഹം, ആരോടും വളരെ സ്നേഹത്തോടും വാല്സല്യതോടും സംസാരിക്കുകയും ആര്‍ക്കും എന്ത് സഹായവും ചെയ്യുവാന്‍ സന്നദ്ധനുമായിരുന്ന അബുക്ക നല്ലൊരു വ്യകതിത്വതിന്നുടമയായിരുന്നു.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ  പരിചയക്കാരെയും ബന്ധുക്കളെയും ഒന്നിച്ചു കാണാം കൂടെ നിസ്കാരവും നടക്കും  എന്ന് കരുതി അബുക്കായും അന്ന് നേരത്തെ തന്നെ പള്ളിയില്‍ ഹാജരുണ്ടായിരുന്നു, നല്ല എണ്ണക്കറുപ്പുള്ള മേനിയില്‍ പളപളാ മിന്നുന്ന തൂവെള്ള വസ്ത്രങ്ങളും ബ്രുട്ട് സ്പ്രേയുടെ സുഗന്ധവും റാഡോ വാച്ചും ഒക്കെയായി ആളൊരു ഒന്നൊന്നര ഗള്‍ഫുകാരനായാണ്  അവതരിച്ചിട്ടുണ്ടായിരുന്നത്. വന്നപാടെ പടവുകളിലെ വഴുക്കലിനെകുറിച്ച് മനസ്സിലാക്കിയ അബുക്ക കുളത്തിന്നരികില്‍ നിലയുറപ്പിച്ചു  ഒരു  സന്നദ്ധഭടനെപ്പോലെ കുട്ടികളുടെയും വൃദ്ധരുടെയും കൈപിടിച്ച് കയറ്റിയും മറ്റുള്ളവര്‍ക്ക് "സൂക്ഷിക്കണേ ..വഴുക്കും " എന്ന  മുന്നറിയിപ്പ് കൊടുത്തും  സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരുന്നു ..
"മോനെ അബ്വോ യ്യിങ്ങോട്ടു കേറിപ്പോര്‌ ഇവടെ നാലഞ്ചു നേരം കേറിയെറങ്ങണോര്‍ക്കൊക്കെ അറിയാം ഇവിടുത്തെ വഴുക്കലിന്‍റെ കാര്യം അല്ലാത്തോന്മാര്‍ ഇനിപ്പോ ഒന്ന് വീണാലും കൊഴപ്പമൊന്നും ഇല്ലന്നേ..."
പള്ളിയുടെ അന്നത്തെ ഖജാന്‍ജിയായിരുന്ന; എല്ലാവര്ക്കും ഒരു കാര്‍ന്നോരായ പരുക്ക  (ഞങ്ങളുടെ പരുക്ക ഇന്ന് ജീവിച്ചിരിപ്പില്ല , പരേതന് അള്ളാഹുവിന്‍റെ അനുഗ്രഹം ലഭിക്കാനായി പ്രാര്‍ഥിക്കുന്നു) അത് പറഞ്ഞപ്പോള്‍  എന്നാപിന്നെ അങ്ങിനെ ആയേക്കാമെന്ന് വെച്ച് അപ്പോള്‍ അങ്ങോട്ടെത്തിയ അടുത്ത ഒരു വീട്ടുകാരനോട് വഴുക്കലിന്‍റെ കാര്യം ഓര്‍മ്മിപ്പിച്ച ശേഷം  വുള് എടുക്കാന്‍ കുളത്തിലേക്ക്‌ ഇറങ്ങിയതാണ് അബുക്ക ..
ഒരു സുഹൃത്തുമായിസംസാരിച്ചു പള്ളിയുടെ ചരുവില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍..
ഗോള്‍ഡന്‍ സ്ട്രാപ്പുള്ള റാഡോ വാച്ച് കെട്ടിയ ഒരു കറുത്ത  കൈ കുളത്തിലേക്ക്‌ താഴ്ന്നുപോകുന്നതാണ് കണ്ടത് ..കൂടെ "പടച്ചോനെ ചതിച്ചോ" എന്നും പറഞ്ഞു തിരക്കിട്ട് പടിക്കെട്ടിറങ്ങുന്ന പരുക്കാനെയും കണ്ടു..
കുളത്തില്‍ ഒന്ന് മുങ്ങിപ്പൊങ്ങിയ അബുക്ക പ്രാണവെപ്രാളത്തോടെ നോക്കിയപ്പോള്‍ കണ്ടത് പരുക്കാടെ നീട്ടിപ്പിടിച്ച കയ്യാണ് മൂപ്പര്‍ മുന്‍ പിന്‍ ആലോചിക്കാതെ അതില്‍ തന്നെ കയറിപ്പിടിച്ചു ..പിന്നെ ഞങ്ങള്‍ കണ്ടത് ഒരു ആര്‍ത്തനാദത്തോടെ അബുക്കാടെ കൂടെ മുങ്ങിപ്പോകുന്ന പരുക്കാനെയാണ് .
ഒടുവില്‍ രണ്ടു പേരെയും ഒരുവിധം തപ്പിയെടുത്തു കരക്കെത്തിച്ചപ്പോഴേക്കും കുളത്തില്‍  വെള്ളം മൂടിക്കിടന്നിരുന്ന ഒരു കരിങ്കല്‍ പടി വെളിയില്‍ കാണാന്‍ തുടങ്ങിയിരുന്നു , അതിനു കാരണം അപ്പോഴത്തെ വേലിയീറക്കമാണോ അതോ ആ വെള്ളം അവരുടെ വയറ്റീ പോയതാണോ എന്ന കാര്യത്തില്‍ കണ്ഫുഷന്‍ ഇപ്പോഴും ബാക്കി തന്നെ.

മനോഹരം ഈ തീരങ്ങള്‍

ഈ  മനോഹര തീരങ്ങള്‍...
                                                    ഈ നിത്യ ഹരിതമാം.ഭൂമിയും.

                                                 അന്നങ്ങള്‍ നീരാടുമീ  പൊയ്കയും..

                                          ഉല്ലാസ നൌകകളാല്‍ ഇളകും ഓളങ്ങളും

കുളിര്‍ക്കാറ്റ്‌ ഏറ്റു കിടക്കാന്‍ ഊഞ്ഞാലുകളും..
                                         മനം മയക്കും പ്രകൃതിയുടെ ചാരുതയും..
                                 വര്‍ണ്ണനാതീതമാം  വശ്യം ..സുന്ദരം.. ഈ തീരങ്ങള്‍...




                                               ഈ മനോഹര തീരത്ത് തരുമോ...?
                                      ഈ കുഞ്ഞലകള്‍ ചൊല്ലും കിന്നാരം കേള്‍ക്കാനായ്‌ ..
                                        ഈ മട്ടുപ്പവുകളില്‍  രാപാര്‍ക്കാനായ്‌..                                                          
ഇനിയൊരു ജന്മം കൂടി..!

"ഭൂമിയുടെ മരണം"

എത്ര ശ്രമിച്ചിട്ടും പിടിച്ചു നില്‍ക്കാനാവാതെ വഴുതി വഴുതി ഭൂമിയുടെ ആഴങ്ങളിലേക്ക് വീണുപോയ പഴുത്ത ഇലകളെ ഓര്‍ത്തു തേങ്ങുമ്പോള്‍...
ദിവാസ്വപ്നങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ക്ക് മീതെ ധൂമപടലം പോലെ ഇരുട്ട് വന്നടിഞ്ഞു കനം വെക്കുന്നു ,  വൃത്തിഹീനയായ ഒരു  ഒരു വേശ്യയെപ്പോലെ കണ്‍തടങ്ങളില്‍ കറുപ്പും മഞ്ഞച്ച പല്ലുകളുമായി രാത്രി...

ശൂന്യതയിലേക്ക് ശിഖരങ്ങള്‍ നീട്ടി ശിശിരത്തില്‍  നഷ്ട വസന്തങ്ങളുടെ ദുഃഖഭാരവുമായി  നൊമ്പരത്തിന്‍റെ പ്രതീകങ്ങള്‍ പോലെ നഗ്നമായി നില്‍ക്കുന്ന ഒലീവ് മരങ്ങള്‍ ...

വിജന വീഥികളില്‍ അനാഥരായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ എണ്ണക്കറുപ്പിനു വിളറിയ നിലാവിലും തിളക്കം .

കാലമേ .., നീ നഷ്ടസ്വപ്നങ്ങളുടെ കാവല്‍കാരനാക്കപ്പെടുമ്പോള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് നീലവിഹായസ്സിലേക്ക് പറന്നുയരാന്‍ വെമ്പുന്നു ..

സൂര്യന്‍ നാളെ ഉദിച്ചാലും ഇല്ലെങ്കിലും ...

ഈ തമസ്സിന്‍റെ ക്രൂരനേത്രങ്ങളുടെ കടുത്ത ചൂടില്‍ പെട്ട് ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിച്ചിരിക്കും...

അല്ലാതെ എന്‍റെ ദുഖങ്ങള്‍ക്ക് അറുതിയുണ്ടാവില്ലല്ലോ..!

"ഒരോണത്തുമ്പിയുടെ ഓര്‍മ്മക്കായ്‌"

(ഒരു ഓണക്കാലത്ത്  പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ   ഒരു  പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട്  ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ   ജീര്‍ണിച്ച  കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്,  അതോടെ  നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത്‌ ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു.  പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍,  തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!

ചിരിക്കുമ്പോള്‍ മീരചേച്ചിയുടെ കവിളുകളില്‍ വിടര്‍ന്നിരുന്ന നുണക്കുഴികളായിരുന്നു അവന് ഏറെ ഇഷ്ടം..മടിയില്‍ കിടത്തി മൂളിപ്പാട്ട് പാടി ഉറക്കിയിരുന്ന ; ഉണ്ണാന്‍ മടിക്കുമ്പോള്‍ ഇഷ്ട കഥകള്‍ പറഞ്ഞു തന്നു വിസ്മയിപ്പിച്ചിരുന്ന; ആരെന്തു പറഞ്ഞാലും മുത്തുമണികള്‍ ചിതറുംപോലെ ചിരിക്കാന്‍ മാത്രം അറിയാമായിരുന്ന  മീരചേച്ചി..കൊന്നപ്പൂവിന്‍റെ നിറമായിരുന്നു ചേച്ചിക്ക്, പനിനീരിന്‍റെ നൈര്‍മല്യവും സുഗന്ധവും ആയിരുന്നു ചേച്ചിയുടെ ദേഹത്തിന്.
'നിക്കും വേണം ഒരു നുണക്കുഴി..'
ചിരിക്കുമ്പോള്‍ ഭംഗിയോടെ ആ കവിളില്‍ വിരിയുന്ന നുണക്കുഴികള്‍ നോക്കി ഉണ്ണി ശാട്യം പിടിക്കുമായിരുന്നു..
'എന്‍റെ പോന്നുണ്ണിടെ ആശയല്ലേ ..ഇന്നാ ചേച്ചീടെ കവിളീന്നു ഒരെണ്ണം എടുത്തോളൂ..'
മുഖം കുനിച്ചു അവന്‍റെ നെറ്റിയിലൊരു മുത്തം നല്‍കികൊണ്ട് മീര  പറയുമായിരുന്നു..ഉണ്ണി അവളുടെ കവിളില്‍ വെറുതെ തൊട്ടുനോക്കും ..അപ്പോഴും മുത്തുമണികള്‍ വിതറിക്കൊണ്ട് മീര ചേച്ചി ചിരിക്കും.
അത്തം പുലര്‍ന്നാല്‍ മുതല്‍ പിന്നെ വല്യ ഉണര്‍വും ഉത്സാഹവുമായിരുന്നു ഉണ്ണിക്ക്, മീരചേച്ചിയുടെ നീണ്ടു വെളുത്ത വിരല്‍ത്തുമ്പില്‍ തൂങ്ങി പൂക്കള്‍ ശേഖരിക്കാനിറങ്ങും അവന്‍.
തുമ്പയും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയും പിന്നെ പേരറിയാത്ത ഒരു പാട് പൂക്കളും വിടര്‍ന്നു നില്‍ക്കുന്ന തൊടികളിലൂടെ ഒരു പൂത്തുമ്പിയായി പാറി നടന്നിരുന്ന മീര, അവളുടെ നിഴലുപോലെ ഉണ്ണിയും.
പല വര്‍ണ്ണങ്ങളിലുള്ള പുള്ളിചേലകളുടുത്തു ഒരു പൂവില്‍ നിന്നും
മറ്റൊന്നിലേക്ക് പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്ക് പിറകേ അവയെ പിടിക്കാന്‍ പാത്തും പതുങ്ങിയും നടക്കുമ്പോള്‍ സ്നേഹപൂര്‍വ്വം ഉണ്ണിയെ ശാസിച്ചിരുന്നു മീരചേച്ചി..
'ആ മിണ്ടാപ്രാണ്യോളെ ഉപദ്രവിക്കണ്ട ഉണ്ണ്യേ.. പാപം കിട്ടൂട്ടോ..'
അത് കേള്‍ക്കുമ്പോള്‍ ആ ചിത്രശലഭങ്ങളുടെ ചിറകിനേക്കാള്‍ മൃദുലമാണ് ചേച്ചിയുടെ മനസ്സെന്നു അവനു തോന്നിയിരുന്നു..
കോഴിക്കുഞ്ഞിനെ പരുന്തു റാഞ്ചികൊണ്ട് പോയതിനു രണ്ടു ദിവസം കരഞ്ഞോണ്ട് നടന്ന ചേച്ചി, ഓമനയായിരുന്ന കുറുഞ്ഞിപൂച്ചയെ പട്ടിപിടിച്ചതിനും പൂവാലി പശുവിന് ദീനം വന്നു പുല്ലും വയ്ക്കോലും തിന്നാതായത്തിനും ജലപാനം തൊടാതെ കണ്ണീര് വാര്‍ത്തുകൊണ്ട് നടന്ന പാവം ചേച്ചി..
ഉണ്ണിക്കൊരു ദിവസം പനിപിടിച്ചപ്പോള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കുഞ്ഞനുജന്‍റെ സൂക്കേട് മാറാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം കണ്ണീരോടെ പ്രാര്‍ഥിച്ചിരുന്ന സ്നേഹത്തിന്‍റെ നിറകുടമായ മീരചേച്ചി..
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഉണ്ണിയുടെ കണ്മുന്നില്‍ തെളിഞ്ഞു വന്നു..
ഈ ലോകത്തു നിന്നും മീരചേച്ചി വിടചൊല്ലി പിരിഞ്ഞിട്ട് ഇന്നേക്ക് പതിനെട്ടു കൊല്ലം പൂര്‍ത്തിയായിരിക്കുന്നു..
ഉണ്ണി അന്ന് രണ്ടാം തരത്തില്‍ പഠിക്കുകയായിരുന്നു..തിരുവോണ ദിവസം നേരത്തെ കുളിച്ചുതൊഴാന്‍ അമ്പലക്കുളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മീര ചേച്ചി, ഉറക്കച്ചടവോടെ ഉണ്ണിയും പുറകെ ഉണ്ടായിരുന്നു..ശെരിക്കും വെട്ടം വീണിട്ടില്ലായിരുന്നെങ്കിലും കണ്ണുകളടച്ചു പിടിച്ചു പോലും നടക്കാന്‍ മാത്രം പരിചിതമായിരുന്നു ആ വഴിയിലൂടെ രണ്ടു പേരും പോയിക്കൊണ്ടിരിക്കവേയാണ്..അയ്യോ എന്നൊരു നിലവിളിയോടെ മീര നിലത്തിരുന്നത്.
എന്താണ് ചേച്ചിക്ക് സംഭവിച്ചതെന്ന് ഉണ്ണിക്ക് പെട്ടെന്ന് മനസ്സിലായില്ല ,
തന്നെ എന്തോ കടിച്ചുവെന്നു ചേച്ചി പറഞ്ഞതായി ഉണ്ണിക്ക് ഓര്‍മ്മയുണ്ട്..തന്‍റെ പ്രിയപ്പെട്ട മീരചേച്ചിയുടെ പ്രാണനെടുക്കാന്‍ സര്‍പ്പ രൂപത്തില്‍ വന്ന കാലനായിരുന്നു അതെന്നു പിന്നീടാണ് അവന് മനസ്സിലായത്‌.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നീലനിറമാര്‍ന്ന മീരചേച്ചിയുടെ ദേഹം തെക്കെപുറത്തു വെട്ടിയുണ്ടാക്കിയ കുഴിയിലേക്കെടുക്കുമ്പോഴും ഉണ്ണി നിസ്സംഗനായി നോക്കിനില്‍ക്കുകയായിരുന്നു..കാരണം മരണത്തിന്‍റെ ഗൌരവത്തെ അവനന്നു തികച്ചും  ബോധാവാനല്ലയിരുന്നു.
പിന്നെ, മീരചേച്ചിയുടെ ചിരിയുടെ മണികിലുക്കങ്ങളില്ലാത്ത; ആ കാലൊച്ചകളില്ലാത്ത ; ശാസനകളും സാന്ത്വനങ്ങളുമില്ലാത്ത ,ഉപദേശങ്ങളും നിര്‍ദേശങ്ങളുമില്ലാത്ത മൂകത നിറഞ്ഞ ദിനരാത്രങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകവേയാണ്..

തന്‍റെ സന്തോഷവും ശക്തിയും ചിരിയും ചിന്തയും മാത്രമല്ല തന്‍റെ സര്‍വ്വസ്വവുമാണ് ആ ദുര്‍ദിനത്തില്‍ തനിക്ക് നഷ്ട്ടപ്പെട്ടതെന്ന് ഉണ്ണിക്ക് ബോധ്യമായത്..
ഇന്ന്!  ചിരകാല ദുഃഖത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഓണങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു..എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവോണ നാളുകള്‍ ഉണ്ണിക്ക് വേര്‍പിരിയാത്ത വേദനകളുടെ ദിനമായി മാറിയിരിക്കുന്നുവെന്ന് സ്വര്‍ഗത്തിലിരിക്കുന്ന അവന്‍റെ മീരചേച്ചി അറിയുന്നുണ്ടോ ആവോ?
അറിയുന്നുണ്ടായിരിക്കണം...! അതുകൊണ്ടായിരിക്കുമെല്ലോ ഇന്നലെ രാത്രിയും മീര അവന്‍റെ അരികില്‍ വന്ന്‌ ഒരു സ്വാന്തനം പോലെ മുടിയിഴകളെ തഴുകിയത്..നാളെ തിരുവോണമായിട്ടും എന്‍റെ ഉണ്ണിക്കെന്താ ഒരു സന്തോഷമില്ലാത്തതെന്നു ചോദിച്ചത്.
" ഉണ്ണീ ..വാ..ഊണ് വിളമ്പിവെച്ചിരിക്കുന്നു.."
അമ്മയുടെ വിളിയാണ് ഉണ്ണിയെ ഗതകാല സ്മൃതികളില്‍ നിന്നും നിന്നും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചത്..
തിണ്ണയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് മിഴികള്‍ നിറഞ്ഞുതുളുമ്പിയിരിക്കുന്ന കാര്യം ഉണ്ണി അറിഞ്ഞത്.
അകത്തേക്ക് കടക്കുന്നതിനു മുമ്പേ വീണ്ടും മീരചേച്ചിയുടെ കുഴിമാടത്തിലേക്ക് ഉണ്ണി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി .
'എന്‍റെ പ്രിയപ്പെട്ട ചേച്ചീ..ചേച്ചിയില്ലാത്ത ഒരോണസദ്യ കൂടി ഈ ഉണ്ണി തനിയേ...'
മനം നിറയെ വിങ്ങലോടെ മൌനാനുവാദം വാങ്ങി വാതില്‍പ്പടി കടക്കുമ്പോള്‍ മിറ്റത്തുനിന്നും ആ ചിരി കേള്‍ക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി..മുത്തുമണികള്‍ ചിതറി വീഴും പോലെയുള്ള ആ ചിരി.


"ചില വിഷാദ ചിന്തകള്‍"

  ആഘോഷങ്ങളെ വരവേല്‍ക്കാനുള്ള തിരക്കിനിടയില്‍  ഇവരെ  ഓര്‍ക്കാന്‍ ഒരു നിമിഷം ..

         പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ  ഈ കുഞ്ഞു കണ്ണുകളിലെ വികാരം?
                 ആശകളും മോഹങ്ങളുമില്ലാത്ത  ഈ കുരുന്നു ബാല്യങ്ങളുടെ ഭാവി !
              പാലും തേനും വേണ്ട ..വിശപ്പകറ്റാന്‍ ഒരു തുള്ളി  ശുദ്ധ ജലമെങ്കിലും...
                വയറു വിശക്കുമ്പോള്‍ കരയാനല്ലാതെ ഇവന് മറ്റെന്തു കഴിയും?
                                                      ഭൂമിയിലെ  ചില നരക കാഴ്ച്ചകള്‍..
                                    ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും..!
                                                സദ്യവട്ടങ്ങളുടെ  ബാക്കിക്കായി ..!

മുള്ളുള്ള ചില മനോഹര പുഷ്പങ്ങള്‍

                                           കാണാന്‍ എന്ത് ഭംഗി..പക്ഷേ..
 
                            മുള്ളുകള്‍ക്കിടയിലെ അദൌമ സൗന്ദര്യം
                                              നടുവില്‍ മുള്ളാണെങ്കിലും...
                  കൂര്‍ത്ത മുള്ളും അതുപോലെ തന്നെ ഈ പൂവും !
                           മുള്‍ക്കൂടിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒരു പാവം.
                                                മുള്ളുകള്‍ക്ക് മീതെയെങ്കിലും...
                                               മുള്ളുകള്‍ക്കിടയിലെ  ശോണിമ.
                                                                മുള്ളും പിന്നെ .. പൂവും

എന്‍റെ ഹൈസ്കൂള്‍ .

തൊഴിയൂരിന്‍റെ നെടുംതൂണായ ഒരു സ്ഥാപനം, ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള  ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു ; അതിനിടെ ഒരു വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ആധിക്യം മൂലം എട്ടാം ക്ലാസ്‌  "J"  ഡിവിഷന്‍ വരെ എത്തിയത് ഇന്നും എന്‍റെ
ഓര്‍മ്മയിലുണ്ട് .

തൊഴിയൂരിന്‍റെ വടക്ക് കിഴക്ക് അതിരിലായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും അന്ന് ചുറ്റുവട്ടങ്ങളിലൊന്നും അത്രയും പ്രശസ്ഥമായ മറ്റൊരു സ്ഥാപനം ഇല്ലാതിരുന്നതിനാല്‍ അറുപത് ,എഴുപത് ,എണ്‍പതു കാലഘട്ടങ്ങളില്‍ അയല്‍ പ്രദേശങ്ങളായ അഞ്ഞൂര്‍, ചിറ്റഞ്ഞൂര്‍, കോട്ടപ്പടി , പേരകം , പിള്ളക്കാട്, വൈലത്തൂര്‍, കുരഞ്ഞിയൂര്‍, ഞമനക്കാട്, വടക്കേകാട്, കല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥി ;വിദ്യാര്‍ഥിനീകള്‍ ഇവിടെയായിരുന്നു പഠനം നടത്തിയിരുന്നത്.
മലബാര്‍ സ്വതന്ത്ര സുറിയാനി ഭദ്രാസന സഭയുടെയും ; സിറിയന്‍ മാര്‍ ബസേലിയാസ് മെത്രാപോലീത്തയുടെയും ആസ്ഥാനമായ തൊഴിയൂര്‍ സെന്‍റെ: ജോര്‍ജസ് ചര്‍ച്ചിന്‍റെ മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്കൂളിന് ഏഴു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ചരിത്രമുണ്ട്. സമരങ്ങളും , പ്രക്ഷോപങ്ങളും അതോടോപ്പം കലാ കായിക രംഗങ്ങളിലെ കുതിച്ചു ചാട്ടങ്ങളും എല്ലാം ഈ സ്കൂളിന്‍റെ ചരിത്ര താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട് .
എ എം എല്‍ പി സ്കൂളില്‍ നാലാം തരം പാസ്സായി അഞ്ചാം ക്ലാസ്സിലാണ് ഞാനും എന്‍റെ ഏറ്റവും അടുത്ത നാല് സുഹൃത്തുകളും ഈ സ്കൂളില്‍ ചേര്‍ന്നത്‌, കൌമാരത്തിന്‍റെ കുലൂഹതകളും കൗതുകങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഇവിടെ പിന്നിടുമ്പോള്‍ ഒരു പാട് സുഖ ദുഃഖ പങ്കിലങ്ങളായ അനുഭവങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്നു . ഇന്നും ഓര്‍ക്കുമ്പോള്‍ സുഖമുള്ള നൊമ്പരങ്ങളായി അത് ഉള്ളത്തില്‍  ഊഞ്ഞാലാടി കളിക്കുന്നു .


ഹെഡ് മാസ്റ്റര്‍ ആദിത്യന്‍ നമ്പൂതിരി , അദ്ധേഹത്തിനു ശേഷം ജോണ്‍ മാസ്റ്റര്‍ , ശ്രീമതി ടീച്ചര്‍ , കണക്ക് ഗോപാലന്‍ മാഷ്‌; കാവീട്ടി ടീച്ചര്‍ ,ജേക്കബ്‌ മാഷ്‌ ,  സയിന്‍സിന്‍റെ ജോസ് മാഷ്‌ , മലയാളം കുഞ്ഞോല ടീച്ചര്‍ ,നാരായണന്‍ നമ്പൂരി മാഷ്‌, ജോര്‍ജ്ജ് മാഷ്‌, സൂസി ടീച്ചര്‍ , കൊച്ചുപാപ്പി മാഷ്‌ , കുഞ്ഞാതിരി ടീച്ചര്‍ , യശോധ ടീച്ചര്‍ , ഗൌരി ടീച്ചര്‍ , രാധ ടീച്ചര്‍ , പാപ്പി മാഷ്‌ , ഡ്രോയിംഗ് മാഷ്‌ കൊച്ചപ്പന്‍ , ഡ്രില്‍ മാഷ്‌     ആന്റപ്പന്‍, സുമതി ടീച്ചര്‍ , കമല ടീച്ചര്‍ അങ്ങിനെ  എന്‍റെഓര്‍മയില്‍  തപ്പിയപ്പോള്‍ കിട്ടിയ അവിടുത്തെ അദ്യാപക പ്രമുഖരില്‍   ചിലര്‍ ഇവരാണ് .  ഇവരില്‍ പലരും ഇന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു .
ഇന്ന് ; ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം മറ്റു ഏതൊരു മലയാളം സ്കൂളിനെയും പോലെ  ഈ സ്കൂളിനെയും കാര്യമായി ബാധിച്ചു , അഡ്മിഷന്‍ കിട്ടാതെ വിദ്യാര്‍ഥികള്‍ മടങ്ങി പ്പോയിരുന്ന ആ നാളുകളുടെ  സ്മരണകള്‍ ഉണരുമ്പോള്‍ ഇന്നത്തെ ഈ ശോചനീയ അവസ്ഥ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് .
അന്നത്തെ ആ സ്കൂള്‍ കാലഘട്ടത്തിന്‍റെ പല പല ഓര്‍മ്മകള്‍ മനസ്സിലേക്ക് ആരവങ്ങളോടെ എഴുന്നള്ളി വരുന്നു...വഴിയെ അവയില്‍ പലതും ഓര്‍മ്മകളില്‍ നിന്നും കോരിയെടുത്ത് ഇവിടെ കുറിക്കാമെന്ന വിശ്വാസത്തോടെ ...ഈ ഓര്‍മ്മ ക്കുറിപ്പിനു അടിവരയിടുന്നു.





എന്റെ സുഹൃത്തുക്കള്‍