(ഒരു ഓണക്കാലത്ത് പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ ഒരു പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട് ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ ജീര്‍ണിച്ച കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്, അതോടെ നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത് ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു. പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍, തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!
ചിരിക്കുമ്പോള്‍ മീരചേച്ചിയുടെ കവിളുകളില്‍ വിടര്‍ന്നിരുന്ന നുണക്കുഴികളായിരുന്നു അവന് ഏറെ ഇഷ്ടം..മടിയില്‍ കിടത്തി മൂളിപ്പാട്ട് പാടി ഉറക്കിയിരുന്ന ; ഉണ്ണാന്‍ മടിക്കുമ്പോള്‍ ഇഷ്ട കഥകള്‍ പറഞ്ഞു തന്നു വിസ്മയിപ്പിച്ചിരുന്ന; ആരെന്തു പറഞ്ഞാലും മുത്തുമണികള്‍ ചിതറുംപോലെ ചിരിക്കാന്‍ മാത്രം അറിയാമായിരുന്ന മീരചേച്ചി..കൊന്നപ്പൂവിന്‍റെ നിറമായിരുന്നു ചേച്ചിക്ക്, പനിനീരിന്‍റെ നൈര്‍മല്യവും സുഗന്ധവും ആയിരുന്നു ചേച്ചിയുടെ ദേഹത്തിന്.
'നിക്കും വേണം ഒരു നുണക്കുഴി..'
ചിരിക്കുമ്പോള്‍ ഭംഗിയോടെ ആ കവിളില്‍ വിരിയുന്ന നുണക്കുഴികള്‍ നോക്കി ഉണ്ണി ശാട്യം പിടിക്കുമായിരുന്നു..
'എന്‍റെ പോന്നുണ്ണിടെ ആശയല്ലേ ..ഇന്നാ ചേച്ചീടെ കവിളീന്നു ഒരെണ്ണം എടുത്തോളൂ..'
മുഖം കുനിച്ചു അവന്‍റെ നെറ്റിയിലൊരു മുത്തം നല്‍കികൊണ്ട് മീര പറയുമായിരുന്നു..ഉണ്ണി അവളുടെ കവിളില്‍ വെറുതെ തൊട്ടുനോക്കും ..അപ്പോഴും മുത്തുമണികള്‍ വിതറിക്കൊണ്ട് മീര ചേച്ചി ചിരിക്കും.
അത്തം പുലര്‍ന്നാല്‍ മുതല്‍ പിന്നെ വല്യ ഉണര്‍വും ഉത്സാഹവുമായിരുന്നു ഉണ്ണിക്ക്, മീരചേച്ചിയുടെ നീണ്ടു വെളുത്ത വിരല്‍ത്തുമ്പില്‍ തൂങ്ങി പൂക്കള്‍ ശേഖരിക്കാനിറങ്ങും അവന്‍.
തുമ്പയും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയും പിന്നെ പേരറിയാത്ത ഒരു പാട് പൂക്കളും വിടര്‍ന്നു നില്‍ക്കുന്ന തൊടികളിലൂടെ ഒരു പൂത്തുമ്പിയായി പാറി നടന്നിരുന്ന മീര, അവളുടെ നിഴലുപോലെ ഉണ്ണിയും.
പല വര്‍ണ്ണങ്ങളിലുള്ള പുള്ളിചേലകളുടുത്തു ഒരു പൂവില്‍ നിന്നും
മറ്റൊന്നിലേക്ക് പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്ക് പിറകേ അവയെ പിടിക്കാന്‍ പാത്തും പതുങ്ങിയും നടക്കുമ്പോള്‍ സ്നേഹപൂര്‍വ്വം ഉണ്ണിയെ ശാസിച്ചിരുന്നു മീരചേച്ചി..
'ആ മിണ്ടാപ്രാണ്യോളെ ഉപദ്രവിക്കണ്ട ഉണ്ണ്യേ.. പാപം കിട്ടൂട്ടോ..'
അത് കേള്‍ക്കുമ്പോള്‍ ആ ചിത്രശലഭങ്ങളുടെ ചിറകിനേക്കാള്‍ മൃദുലമാണ് ചേച്ചിയുടെ മനസ്സെന്നു അവനു തോന്നിയിരുന്നു..
കോഴിക്കുഞ്ഞിനെ പരുന്തു റാഞ്ചികൊണ്ട് പോയതിനു രണ്ടു ദിവസം കരഞ്ഞോണ്ട് നടന്ന ചേച്ചി, ഓമനയായിരുന്ന കുറുഞ്ഞിപൂച്ചയെ പട്ടിപിടിച്ചതിനും പൂവാലി പശുവിന് ദീനം വന്നു പുല്ലും വയ്ക്കോലും തിന്നാതായത്തിനും ജലപാനം തൊടാതെ കണ്ണീര് വാര്‍ത്തുകൊണ്ട് നടന്ന പാവം ചേച്ചി..
ഉണ്ണിക്കൊരു ദിവസം പനിപിടിച്ചപ്പോള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കുഞ്ഞനുജന്‍റെ സൂക്കേട് മാറാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം കണ്ണീരോടെ പ്രാര്‍ഥിച്ചിരുന്ന സ്നേഹത്തിന്‍റെ നിറകുടമായ മീരചേച്ചി..
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഉണ്ണിയുടെ കണ്മുന്നില്‍ തെളിഞ്ഞു വന്നു..
ഈ ലോകത്തു നിന്നും മീരചേച്ചി വിടചൊല്ലി പിരിഞ്ഞിട്ട് ഇന്നേക്ക് പതിനെട്ടു കൊല്ലം പൂര്‍ത്തിയായിരിക്കുന്നു..
ഉണ്ണി അന്ന് രണ്ടാം തരത്തില്‍ പഠിക്കുകയായിരുന്നു..തിരുവോണ ദിവസം നേരത്തെ കുളിച്ചുതൊഴാന്‍ അമ്പലക്കുളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മീര ചേച്ചി, ഉറക്കച്ചടവോടെ ഉണ്ണിയും പുറകെ ഉണ്ടായിരുന്നു..ശെരിക്കും വെട്ടം വീണിട്ടില്ലായിരുന്നെങ്കിലും കണ്ണുകളടച്ചു പിടിച്ചു പോലും നടക്കാന്‍ മാത്രം പരിചിതമായിരുന്നു ആ വഴിയിലൂടെ രണ്ടു പേരും പോയിക്കൊണ്ടിരിക്കവേയാണ്..അയ്യോ എന്നൊരു നിലവിളിയോടെ മീര നിലത്തിരുന്നത്.
എന്താണ് ചേച്ചിക്ക് സംഭവിച്ചതെന്ന് ഉണ്ണിക്ക് പെട്ടെന്ന് മനസ്സിലായില്ല ,
തന്നെ എന്തോ കടിച്ചുവെന്നു ചേച്ചി പറഞ്ഞതായി ഉണ്ണിക്ക് ഓര്‍മ്മയുണ്ട്..തന്‍റെ പ്രിയപ്പെട്ട മീരചേച്ചിയുടെ പ്രാണനെടുക്കാന്‍ സര്‍പ്പ രൂപത്തില്‍ വന്ന കാലനായിരുന്നു അതെന്നു പിന്നീടാണ് അവന് മനസ്സിലായത്.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നീലനിറമാര്‍ന്ന മീരചേച്ചിയുടെ ദേഹം തെക്കെപുറത്തു വെട്ടിയുണ്ടാക്കിയ കുഴിയിലേക്കെടുക്കുമ്പോഴും ഉണ്ണി നിസ്സംഗനായി നോക്കിനില്‍ക്കുകയായിരുന്നു..കാരണം മരണത്തിന്‍റെ ഗൌരവത്തെ അവനന്നു തികച്ചും ബോധാവാനല്ലയിരുന്നു.
പിന്നെ, മീരചേച്ചിയുടെ ചിരിയുടെ മണികിലുക്കങ്ങളില്ലാത്ത; ആ കാലൊച്ചകളില്ലാത്ത ; ശാസനകളും സാന്ത്വനങ്ങളുമില്ലാത്ത ,ഉപദേശങ്ങളും നിര്‍ദേശങ്ങളുമില്ലാത്ത മൂകത നിറഞ്ഞ ദിനരാത്രങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകവേയാണ്..
തന്‍റെ സന്തോഷവും ശക്തിയും ചിരിയും ചിന്തയും മാത്രമല്ല തന്‍റെ സര്‍വ്വസ്വവുമാണ് ആ ദുര്‍ദിനത്തില്‍ തനിക്ക് നഷ്ട്ടപ്പെട്ടതെന്ന് ഉണ്ണിക്ക് ബോധ്യമായത്..
ഇന്ന്! ചിരകാല ദുഃഖത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഓണങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു..എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവോണ നാളുകള്‍ ഉണ്ണിക്ക് വേര്‍പിരിയാത്ത വേദനകളുടെ ദിനമായി മാറിയിരിക്കുന്നുവെന്ന് സ്വര്‍ഗത്തിലിരിക്കുന്ന അവന്‍റെ മീരചേച്ചി അറിയുന്നുണ്ടോ ആവോ?
അറിയുന്നുണ്ടായിരിക്കണം...! അതുകൊണ്ടായിരിക്കുമെല്ലോ ഇന്നലെ രാത്രിയും മീര അവന്‍റെ അരികില്‍ വന്ന് ഒരു സ്വാന്തനം പോലെ മുടിയിഴകളെ തഴുകിയത്..നാളെ തിരുവോണമായിട്ടും എന്‍റെ ഉണ്ണിക്കെന്താ ഒരു സന്തോഷമില്ലാത്തതെന്നു ചോദിച്ചത്.
" ഉണ്ണീ ..വാ..ഊണ് വിളമ്പിവെച്ചിരിക്കുന്നു.."
അമ്മയുടെ വിളിയാണ് ഉണ്ണിയെ ഗതകാല സ്മൃതികളില്‍ നിന്നും നിന്നും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചത്..
തിണ്ണയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് മിഴികള്‍ നിറഞ്ഞുതുളുമ്പിയിരിക്കുന്ന കാര്യം ഉണ്ണി അറിഞ്ഞത്.
അകത്തേക്ക് കടക്കുന്നതിനു മുമ്പേ വീണ്ടും മീരചേച്ചിയുടെ കുഴിമാടത്തിലേക്ക് ഉണ്ണി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി .
'എന്‍റെ പ്രിയപ്പെട്ട ചേച്ചീ..ചേച്ചിയില്ലാത്ത ഒരോണസദ്യ കൂടി ഈ ഉണ്ണി തനിയേ...'
മനം നിറയെ വിങ്ങലോടെ മൌനാനുവാദം വാങ്ങി വാതില്‍പ്പടി കടക്കുമ്പോള്‍ മിറ്റത്തുനിന്നും ആ ചിരി കേള്‍ക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി..മുത്തുമണികള്‍ ചിതറി വീഴും പോലെയുള്ള ആ ചിരി.
No comments:
Post a Comment
താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..