തൊണ്ണൂറുകളുടെ ആരംഭത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു.
പക്ഷെ , വാഗ്ദത്തഭൂമിയിയെ ആദ്യനാളുകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം.
അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറേ നാളുകള്‍ ..
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്‍റെ വിങ്ങലടങ്ങാതെ രാവിന്‍റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ..
പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ടകളായി മാറി കഴിഞ്ഞിരുന്നു.