ദിവസവും എത്രയെത്ര വാര്‍ത്തകള്‍ നാം വായിച്ചും കേട്ടും തള്ളിവിടുന്നു , പക്ഷെ അവയില്‍ ചില വാര്‍ത്തകള്‍ ദിവസങ്ങളോളം നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
അടുത്ത നാട്ടുകാരും കൗമാരപ്രായക്കാരും തരക്കേടില്ലാത്ത ജീവിത സാഹചര്യങ്ങളുമുള്ള കൗമാരദിശയില്‍ എത്തിനില്‍ക്കുന്ന ഒരു സംഘത്തെ ക്കുറിച്ച് ഇന്ന് കണ്ടൊരു വാര്‍ത്തയാണ് ഈ കുറിപ്പിന്നധാരം .
ഇവര്‍ അങ്ങിനെ ഒരു അവസ്ഥയിലേക്ക് എത്താനുണ്ടായ സാഹചര്യം എന്തായിരിക്കും ! വളരെ ഗൌരവമായിതന്നെ ചിന്തിക്കേണ്ട വിഷയമാണ് .
ഇവര്‍ അങ്ങിനെ ഒരു അവസ്ഥയിലേക്ക് എത്താനുണ്ടായ സാഹചര്യം എന്തായിരിക്കും ! വളരെ ഗൌരവമായിതന്നെ ചിന്തിക്കേണ്ട വിഷയമാണ് .
ഇവര്‍ക്കിതെക്കെന്തു പറ്റി! എന്തേ നമ്മുടെ കുട്ടികള്‍ ഇങ്ങിനെ ? നല്ല സാമൂഹിക ചുറ്റുപാട് ഉണ്ടായിട്ടും കൗമാരക്കാര്‍ മോഷണവും പിടിച്ചുപറിയും കൊലപാതകവുമൊക്കെ ശീലിക്കുന്നു. കൗമാരക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ തീര്‍ച്ചയായും ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്.
മോഷണത്തിന് പോകുന്നവര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വിദ്യാഭ്യാസം കുറഞ്ഞവരുമാണെന്നുമുള്ള ധാരണയായിരുന്നു അടുത്തകാലംവരെ. എന്നാല്‍ ഇന്ന് ആ സ്ഥിതിയാകെ മാറിമറിഞ്ഞിരിക്കുന്നു. ആഡംബര ജീവിതം നയിക്കാനും ജിവിതം അടിച്ചുപൊളിക്കാനും വേണ്ടിയാണിന്ന് കുട്ടിമോഷ്ടാക്കള്‍ വരും വരായ്കകളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്തുകൂട്ടുന്നത് എന്ന് വ്യക്തമാണ്! ഇത്തരക്കാർ ഒരിക്കലും ബോണ്‍ ക്രിമിനൽ വിഭാഗത്തിൽ പെടുന്നവരല്ല കൂട്ടുകെട്ടും സാഹചര്യങ്ങളുമാണ് ഇവരെ ക്രിമിനലുകളാക്കി മാറ്റുന്നത് , അനിയന്ത്രിതമായ ചിലവുകൾക്കായി ചെറിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ തുടങ്ങി കൊട്ടേഷൻ സംഘങ്ങളിലും മറ്റും എത്തിപ്പെടുന്ന ഇവർ പിന്നെ സാമൂഹിക വിപത്തുകളായി അധപതിച്ചു പോകുന്നു.
എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് ? ആരാണ് ഇവിടെ കുറ്റക്കാര്‍ , മാതാപിതാക്കളോ, കൂട്ടുകെട്ടുകളോ വളരുന്ന സാഹചര്യങ്ങളോ !
മക്കളെ നല്ലതു ചൊല്ലിക്കൊടുത്ത് നല്ലവരായി വളര്‍ത്തുക എന്നതിനേക്കാള്‍ രക്ഷിതാക്കൾ ഇന്ന് പ്രധാനംനല്‍കുന്നത് എ-ഗ്രേഡും എ-പ്ലസ്സും വാങ്ങി വിജയികളാക്കുക എന്നതിനാണ്, മക്കള്‍ ആവശ്യപ്പെടുന്നതെന്തും കടം വാങ്ങിയെങ്കിലും നിവര്‍ത്തിച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍ മക്കളെ കണ്ണടച്ച് വിശ്വസിക്കുന്നതാണ് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമെന്ന് നിസ്സംശയം പറയാം , അവര്‍ പോകുന്നതെങ്ങോട്ടാണ് ? ചെയ്യുന്നതെന്താണ് , കൂട്ടുകൂടുന്നത് ഏതൊക്കെ തരക്കാരുമായാണ് തുടങ്ങിയ ശ്രദ്ധ മക്കളുടെ മേല്‍ ഉണ്ടെങ്കില്‍ ഒരു പരിധിവരെയെങ്കിലും ഇത്തരം തെറ്റുകളില്‍ നിന്നും മക്കളെ അകറ്റിനിറുത്താനാവും.
മോഷണക്കേസുകളില്‍ കുടുങ്ങുന്ന മിക്ക കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുന്നവരാണെന്ന് പല കേസുകളും സൂചിപ്പിക്കുന്നു, പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ബൈക്കുമായോ വിലകൂടിയ മൊബൈല്‍ഫോണുമായോ വീട്ടില്‍ വരുമ്പോള്‍ എവിടെ നിന്നാണ് അത് കിട്ടിയതെന്നും പെട്രോള്‍ ചിലവ് എങ്ങനെ കിട്ടുന്നു എന്നും ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. കാരണം മകന്‍ എന്തെങ്കിലും കടുംകൈ ചെയ്തുകളയുമോ എന്നാണ് അവര്‍ ചിന്തിക്കുന്നത്.
പോക്കറ്റ് മണി നല്‍കിയും അമിത വാത്സല്യം കാണിച്ചും കുട്ടികളുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുന്നതും അബദ്ധമാണ്, ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹം കാണിക്കുന്നതും പൈസ കൊടുക്കുന്നതും മാതാപിതാക്കള്‍ ചോദിച്ചാല്‍ എന്തുംതരുമെന്ന ചിന്ത അവരിലുണ്ടാക്കും. പിന്നെ അനാവശ്യമായ കാര്യങ്ങള്‍ക്കുപോലും വാശി കാണിക്കാനും അത് കാരണമാവും .
കുട്ടികളുടെ കൈയില്‍ പരിധിയിലധികം പൈസ കാണുകയാണെങ്കില്‍ അത് എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നൊക്കെ അന്വേഷിച്ചറിയണം , ഒഴിവുകഴിവുകള്‍ പറഞ്ഞു വഴുതി മാറാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ സ്രോതസ്സ് അന്വേഷിച്ചു കണ്ടെത്തല്‍ രക്ഷിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വീട്ടില്‍ നിന്നു കൊടുക്കുക,ആത്മീയ മൂല്യങ്ങള്‍, മാനുഷികത, കാരുണ്യം തുടങ്ങിയവ ശീലിപ്പിക്കുക എന്നതും രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങളില്‍ വളരെ പ്രധാനമായതാണ്.
ഇന്നത്തെ അണുകുടുംബവ്യവസ്ഥിതിയില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുവരുന്നത് വലിയൊരു പ്രശ്നമാണ്, അതില്ലാതെ ശ്രദ്ധിക്കണം, കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരം കൊടുക്കണം, അത് കേള്‍ക്കാനും പ്രശ്നങ്ങളെ ഉള്‍ക്കൊള്ളാനുമുള്ള മനസ് രക്ഷിതാക്കള്‍ക്ക് ഉണ്ടാവുകയും വേണം. കുട്ടികളുടെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി അവരെ ശാസിക്കുന്നത് അഭിലഷണീയമല്ല, അവരുടെ കഴിവുകള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും അതിനു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ മാതാപിതാക്കളോട് ആന്തരികമായൊരു അടുപ്പവും കൂടി കുട്ടികളില്‍ സംജാതമാകുന്നു.
അസ്വസ്ഥമായ കുടുംബാന്തരീക്ഷം കുട്ടികളുടെ മനസ്സും അസ്വസ്ഥമാക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പരസ്പരം വഴക്കുകൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടി അവരെ അനുസരിക്കാതെ വളരാനുള്ള പ്രവണത കാണിക്കും. മാതാപിതാക്കളില്‍ ഒരാളുടെ മാത്രം സംരക്ഷണത്തില്‍ വളരുന്ന കുട്ടിയിലും ഇതുപോലെയുള്ള പ്രവണത കാണാറുണ്ട്.
കുട്ടി ആരുടെ കൂടെയാണ് ഇടപഴകുന്നത്, അവന്റെ കൂട്ടുകാര്‍ ആരൊക്കെ എന്നെല്ലാം രക്ഷിതാക്കള്‍ ചോദിച്ചറിയുകയോ ശ്രദ്ധിക്കുകയോ വേണം, കൂട്ടുകാരായ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധം വെയ്ക്കുന്നതും നല്ലതാണ്. ഇതൊക്കെ കര്‍ശനമായി പട്ടാളച്ചിട്ട പോലെ ചെയ്യണം എന്നല്ല പറഞ്ഞുവരുന്നത് , അങ്ങനെ ചെയ്യുമ്പോള്‍ അത് വിപരീത ഫലമേ ഉണ്ടാക്കൂ . പട്ടാളച്ചിട്ടയില്‍ വളരുന്ന കുട്ടികള്‍ അച്ഛനമ്മമാരോട് റിബല്‍ സ്വഭാവം കാണിക്കുന്നത് സ്വാഭാവികമാണ്.
അവഗണന ഒരു കുട്ടിയും സഹിക്കില്ല. അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കണം. അതേസമയം ആ സ്വാതന്ത്ര്യത്തിന് പരിധി വെയ്ക്കുകയും വേണം. കുട്ടികള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ തങ്ങള്‍ കൂടെയുണ്ടെന്ന് മാതാപിതാക്കള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം.
ഒരു കളവുകേസില്‍ പിടിക്കപ്പെട്ടു എന്നതുകൊണ്ട് ആരും കള്ളനാകുന്നില്ല. മോഷണം നടത്തിയ കുട്ടിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അവനെ കൂടുതല്‍ കളവുകള്‍ക്ക് പ്രേരിപ്പിക്കുകയേ ഉള്ളൂ , നമ്മുടെ നിയമത്തില്‍ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവരെ ജുവനൈല്‍ ഹോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ജുവനൈല്‍ ഹോമുകളിലെത്തുന്ന കുട്ടികളില്‍ ചിലര്‍ തിരിച്ചിറങ്ങിയാല്‍ കൂടുതല്‍ കുറ്റുകൃത്യങ്ങളില്‍ പങ്കാളിയാവുന്നതായിട്ടാണ് കണ്ടുവരുന്നത്. ചിലരിലെങ്കിലും കൗണ്‍സലിങ് കൊണ്ട് മാറ്റിയെടുക്കാവുന്ന അസുഖത്തെ കൂടുതല്‍ ഗുരുതരമാക്കാനേ ഇത് ഇടവരുത്തൂ.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്പാകെ വന്ന കേസുകള്‍ മാത്രം പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം 1706 കുട്ടികള്‍ വിവിധ കേസുകളിലായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പിടിയിലായി. 2005-ല്‍ 248ഉം 2008-ല്‍ 644ഉം കേസുകളില്‍ മാത്രമാണ് കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നത് എന്നാലോചിക്കുമ്പോഴാണ് കുട്ടിമോഷ്ടാക്കളുടെ നെറ്റ് വര്‍ക്ക് എത്രത്തോളം പടര്‍ന്നുകഴിഞ്ഞു എന്നു വ്യക്തമാവുന്നത്. പതിനാല് - പതിനേഴ് വയസ്സിനിടയിലുള്ളവരാണ് കേസുകളില്‍ ഉള്‍പ്പെട്ട കുട്ടികളിലധികവും. മുന്‍കാലങ്ങളില്‍ മോഷണകേസുകളിലും മറ്റും പിടിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ എത്തിയിരുന്നവരില്‍ അധികവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു. എന്നാലിപ്പോള്‍ കൂടുതലായും എത്തുന്നത് മലയാളി കുട്ടികള്‍തന്നെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
*റെഫറന്‍സ് : മാതൃഭൂമിയിലെ ഒരു ലേഖനം - വാര്‍ത്തക്ക് കടപ്പാട് : ചാവക്കാട് ഓണ്‍ലയിന്‍